മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിനുവേണ്ടി മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച എഫ്.സി. ബാഴ്‌സലോണയ്ക്ക് സ്പാനിഷ് ലാ ലീഗയില്‍ ഞെട്ടുന്ന തോല്‍വി. ലീഗ് കിരീടം ഉറപ്പിച്ചുകഴിഞ്ഞ ബാഴ്‌സുടെ സബ്‌സ്റ്റിറ്റ്യട്ട് നിരയെ സെല്‍റ്റ വിഗോ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്.
അറുപത്തിയേഴാം മിനിറ്റില്‍ ഗോമസും എണ്‍പത്തിയെട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഇയാഗോ ആസ്പാസുമാണ് സെറ്റയുടെ ഗോളുകള്‍ നേടിയത്.
ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, പിക്വെ, ഇവാന്‍ റാക്കിറ്റിച്ച്, സെര്‍ജിയോ ബുസ്‌ക്കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവരെ പുറത്തിരുത്തിയാണ് ബാഴ്‌സ സെല്‍റ്റയെ നേരിട്ടത്. ഡെംബലെയാവട്ടെ കളിക്കിടെ പരിക്ക് കാരണം പിന്‍വാങ്ങുകയും ചെയ്തു.
ആദ്യം വാറിലൂടെ ഒരു ഗോള്‍ നിഷേധിക്കപ്പെട്ട സെല്‍റ്റ പിന്നീട് വാറിന്റെ സഹായത്തോടെ തന്നെയാണ് ആദ്യം ലീഡ് നേടിയത്. ഗോളിലേയ്ക്കുള്ള ആദ്യ ഷോട്ട് കാണാന്‍ ഇരുപത്തിയെട്ട് മിനിറ്റ് കാത്തുനില്‍ക്കേണ്ടിവന്ന മത്സരത്തിന്റെ രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിലാണ് സെല്‍റ്റയ്ക്ക് ഗോള്‍ നിഷേധിക്കപ്പെട്ടത്. നെസ്റ്റര്‍ അരൗജോ ഗോളിലേയ്‌ക്കൊരു ഹെഡ്ഡര്‍ പായിച്ചെങ്കിലും വീഡിയോ വിധി നിര്‍ണയിച്ചപ്പോള്‍ അത് അനുവദിക്കപ്പെട്ടില്ല.
തോറ്റെങ്കിലും 36 കളികളില്‍ നിന്ന് 83 പോയിന്റുമായി കിരീടം ഉറപ്പിച്ചിരിക്കുകയാണ് ബാഴ്‌സ. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്ക് 36 കളികളില്‍ നിന്ന് 74 പോയിന്റാണുള്ളത്. ഇനി ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് ടീമുകൾക്ക് ശേഷിക്കുന്നത്. ബാഴ്‌സയ്‌ക്കെതിരായ ജയത്തോടെ 36 കളികളില്‍ നിന്ന് 40 പോയിന്റായ സെല്‍റ്റ പതിനാലാം സ്ഥാനത്തേയ്ക്ക് കയറി.
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെതിരേ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിക്കുവേണ്ടിയാണ് ബാഴ്‌സ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചത്. നൗകാമ്പില്‍ നടന്ന ആദ്യപാദ സെമിയില്‍ അവര്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജയിച്ചത്.
Content Highlights: Celta Vigo Defeats Barcelona in Laliga 2019