ഷാങ്ഹായ്: ബൊക്കാ ജൂനിയേഴ്‌സിന്റെ അര്‍ജന്റീനിയന്‍ താരം കാര്‍ലോസ് ടെവസും ചൈനീസ് സൂപ്പര്‍ ലീഗിലേക്ക്. ചൈനീസ് ക്ലബ്ബ് ഷാങ്ഹായ് ഷെന്‍ഹുവയിലേക്കാണ് മുപ്പത്തിരണ്ടുകാരനായ ടെവസിന്റെ കൂടുമാറ്റം. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. നേരത്തെ ബ്രസീല്‍ താരമായ ഓസ്‌ക്കാര്‍ ചെല്‍സിയില്‍ നിന്ന് ചൈനീസ് ലീഗിലേക്ക് കൂടുമാറിയിരുന്നു.
ഒരു വര്‍ഷം 602 കോടിയോളം രൂപ വരുമാനത്തിലാണ് ടെവസ് ചൈനീസ് ലീഗിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബറില്‍ റയല്‍ മാഡ്രിഡുമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഒപ്പിട്ട അഞ്ചുവര്‍ഷത്തേക്കുള്ള പുതിയ കരാര്‍ തുകയേക്കാള്‍ വരും ടെവസിന്റെ ചൈനീസ് മൂല്യം. കഴിഞ്ഞാഴ്ച്ച ഷാങ്ഹായ് എസ്.ഐ.പി.ജിയുമായി കരാറൊപ്പിട്ട ഓസ്‌ക്കാറിന് 426 കോടിയോളം രൂപ വരുമാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2001 മുതല്‍ അര്‍ജന്റീനക്കായി കളിക്കുന്ന ടെവസ് ബ്രസീല്‍ ക്ലബ്ബ് കൊറിന്ത്യന്‍സിനായി ഒരു സീസണ്‍ കളിച്ച ശേഷം യൂറോപ്യന്‍ ലീഗിന്റെ ഭാഗമാകുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കുമൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ ടെവസ് ജുവന്റസിനൊപ്പം ഒരു സീരി എ കിരീടവും നേടി. 2015ല്‍ ബൊക്ക ജൂനിയേഴ്‌സിലെത്തിയ ടെവസ് സീസണില്‍ 34 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് നേടിയത്. ദേശീയ ടീമിനായി 76 കളികളില്‍ നിന്ന് 13 ഗോളുകള്‍ നേടിയിട്ടുണ്ട്.