യുറഗ്വായെ വീഴ്ത്തി ബ്രസീല്‍; മെസ്സിയില്ലാതെ വിജയം നേടി അര്‍ജന്റീന


1 min read
Read later
Print
Share

ലോകകപ്പിനു ശേഷം ബ്രസീല്‍ നേടുന്ന തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.

ലണ്ടന്‍/കോര്‍ഡോബ: സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. ബ്രസീല്‍ യുറഗ്വായേയും അര്‍ജന്റീന മെക്‌സിക്കോയേയും പരാജയപ്പെടുത്തി.

ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. 76-ാം മിനിറ്റില്‍ വിവാദ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ നെയ്മറാണ് ബ്രസീലിന് വിജയമൊരുക്കിയത്. ഡാനിലോയെ യുറഗ്വായ് താരം ഡിയേഗോ ലക്‌സാള്‍ട്ട് ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.

ഫൗളില്ലെന്ന് ലൂയി സ്വാരസ് അടക്കമുള്ള യുറഗ്വായ് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. ഇരുപകുതികളിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയെങ്കിലും ബ്രസീലിന് യുറഗ്വായ് പ്രതിരോധം ഭേദിക്കാനായില്ല. അതേസമയം ഫൗള്‍ ചെയ്തിട്ടാണെങ്കിലും ബ്രസീലിനെ തടയണമെന്ന രീതിയിലായിരുന്നു യുറഗ്വായ് കളിച്ചത്. മത്സരത്തില്‍ ആറു മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. പ്രതിരോധത്തില്‍ ഡിയഗോ ഗോഡിന്‍, ഗിമിനെസ് എന്നീ പ്രധാന താരങ്ങളില്ലാതെയാണ് യുറഗ്വായ് ടീമിനെ ഇറക്കിയത്.

ലോകകപ്പിനു ശേഷം ബ്രസീല്‍ നേടുന്ന തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. അമേരിക്ക, എല്‍ സാല്‍വദോര്‍, സൗദി അറേബ്യ, അര്‍ജന്റീന എന്നിവര്‍ക്കെതിരെയായിരുന്നു മഞ്ഞപ്പടയുടെ വിജയങ്ങള്‍. ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെയാണ് യുറഗ്വായുടെ അടുത്ത മത്സരം.

മെക്‌സിക്കോയെ തകര്‍ത്ത് അര്‍ജന്റീന

കോര്‍ഡോബയില്‍ നടന്ന മത്സരത്തില്‍ മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. മത്സരത്തിലുടനീളം പന്തിന്‍മേലുള്ള ആധിപത്യം മെക്‌സിക്കോയ്ക്കായിരുന്നെങ്കിലും അവര്‍ക്ക് സ്‌കോര്‍ ചെയ്യാനായില്ല. കഴിഞ്ഞ മാസം ബ്രസീലിനോടേറ്റ തോല്‍വിക്ക് പിന്നാലെ നേടിയ വിജയം അര്‍ജന്റീനയ്ക്ക് ആശ്വാസമായി. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ റമിറോ ഫ്യൂനസാണ് അര്‍ജന്റീനയ്ക്കായി ആദ്യം സ്‌കോര്‍ ചെയ്തത്. 83-ാം മിനിറ്റില്‍ ഐസക്ക് ബ്രിസുവേലയുടെ സെല്‍ഫ് ഗോള്‍ അര്‍ജന്റീനയുടെ വിജയമുറപ്പിക്കുകയായിരുന്നു. സൂപ്പര്‍താരം മെസ്സിയുടെ അഭാവത്തില്‍ പൗളോ ഡിബാലയും ലുതാരോ മാര്‍ട്ടിനസും അര്‍ജന്റീനയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

Content Highlights: brazil beat uruguay in international friendly argentina beats mexico

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram