ബ്യൂണസ് ഐറിസ്: ബൊക്ക ജൂനിയേഴ്സും റിവര്‍ പ്ലേറ്റും തമ്മിലുള്ള കോപ്പ ലിബര്‍ട്ടഡോഴ്സ് ഫൈനല്‍ മത്സരം വീണ്ടും മാറ്റിവെച്ചു.
ശനിയാഴ്ച റിവര്‍ പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടായ ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണ്യുമെന്റല്‍ സ്റ്റേഡിയത്തില്‍ വച്ച് ആരാധകര്‍ ബൊക്ക ജൂനിയേഴ്സിന്റെ ടീം ബസ് ആക്രമിച്ചതിനെ തുടര്‍ന്ന് രണ്ടാംപാദ ഫൈനല്‍ മത്സരം ആദ്യം ഞായറാഴ്ചത്തേക്ക് മാറ്റിയിരുന്നു.
എന്നാല്‍ ഞായറാഴ്ചയും ആരാധകര്‍ അക്രമാസക്തരായി. ഇതോടെ മത്സരം നടത്താനാകാത്ത സ്ഥിതി വന്നു. മാറ്റിയ മത്സര തീയതി പ്രഖ്യാപിച്ചിട്ടില്ല. നിയന്ത്രണം വിട്ടു പെരുമാറിയ റിവര്‍ പ്ലേറ്റ് ആരാധകരെ കണ്ണീര്‍വാതകം പ്രയോഗിച്ചാണ് പോലീസ് നേരിട്ടത്.
അര്‍ജന്റീനയിലെ ഫുട്ബോള്‍ രംഗത്തെ കുത്തഴിഞ്ഞ അവസ്ഥയാണ് ഈ സംഭവത്തോടെ വ്യക്തമാകുന്നതെന്നാണ് പൊതുവെയുള്ള വിമര്‍ശനം. ശനിയാഴ്ച മത്സരത്തിനായി ബൊക്ക ജൂനിയേഴ്സിന്റെ ടീം ബസ് സ്റ്റേഡിയത്തില്‍ എത്തിയപ്പോഴാണ് ആദ്യം സംഘര്‍ഷം ഉണ്ടായത്.
ഒരു വിഭാഗം ആരാധകര്‍ ബസ് വളയുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. കല്ലേറില്‍ ബസ്സിന്റെ ചില്ല് തകര്‍ന്ന് ബൊക്കയുടെ താരങ്ങളായ പാബ്ലൊ പെരസ്, ഗോണ്‍സാലോ ലമാര്‍ഡോ എന്നീ കളിക്കാര്‍ക്ക് പരിക്കേറ്റു. പെരസിന് കണ്ണിനാണ് പരിക്ക്. ലമാര്‍ഡോയ്ക്ക് തലയ്ക്കും. ഇരുവരെയും ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലകറക്കവും ഛര്‍ദിയും ഉണ്ടായതിനെ തുര്‍ന്ന് മുന്‍ അര്‍ജന്റീന താരം കാര്‍ലോസ് ടെവസും ചികിത്സ തേടി.
മൂന്നു വര്‍ഷം മുന്‍പ് റിവര്‍ പ്ലേറ്റും ബൊക്കെ ജൂനിയേഴ്സും തമ്മിലുള്ള കോപ്പ ലിബര്‍ട്ടഡോഴ്‌സ് പ്രീക്വാര്‍ട്ടര്‍ മത്സരവും സമാനമായ അക്രമസംഭവങ്ങളെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ബൊക്കയുടെ ഹോം ഗ്രൗണ്ടായ ബൊംബണെരോ സ്റ്റേഡിയത്തിലെ കളിക്കാരുടെ ടണലില്‍ വച്ച് ആരാധകര്‍ റിവര്‍ പ്ലേറ്റിന്റെ താരങ്ങളെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ബൊക്ക ജൂനിയേഴ്സിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
യൂറോപ്പിലെ ചാമ്പ്യന്‍സ് ലീഗിന് തുല്യമായ ലാറ്റിനമേരിക്കന്‍ ടൂര്‍ണമെന്റാണ് കോപ്പ ലിബര്‍ട്ടഡോഴ്‌സ്. ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വലിയ ക്ലബ് ചാമ്പ്യന്‍ഷിപ്പ്. പരമ്പരാഗത വൈരികളായ ബൊക്കയും റിവര്‍ പ്ലേറ്റും ഇതാദ്യമായാണ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ബൊക്ക ജൂനിയേഴ്‌സിന്റെ ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.
Content Highlights: boca juniors vs river plate copa libertadores final postponed again following bus attack