ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റിയല്‍ കശ്മീര്‍ എഫ്.സിയുമായി ഐ-ലീഗ് ഫുട്‌ബോള്‍ മത്സരം കളിക്കാനാകില്ലെന്ന് മിനര്‍വ പഞ്ചാബ് വ്യക്തമാക്കിയിരുന്നു. ശ്രീനഗറില്‍ വന്ന് കളിക്കുന്നത് സുരക്ഷിതമല്ലെന്നും കളി നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയാല്‍ കളിക്കാമെന്നുമായിരുന്നു മിനര്‍വ വ്യക്തമാക്കിയത്. തുടര്‍ന്ന് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കളി നീട്ടിവെച്ചു.
എന്നാല്‍ ശ്രീനഗറില്‍ പോയി കളിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഐ.എസ്.എല്‍ ടീം ബെംഗളൂരു എഫ്.സിയുടെ ഉടമ പാര്‍ഥ് ജിന്‍ഡാല്‍ രംഗത്തെത്തി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ജിന്‍ഡാല്‍ ബെംഗളൂരു എഫ്.സിയുടെ തീരുമാനം വ്യക്തമാക്കിയത്.
പ്രിയപ്പെട്ട റിയല്‍ കശ്മീര്‍ എഫ്സി, ഞങ്ങള്‍ ബെംഗളുരൂ എഫ് സി തയ്യാറാണ്, നിങ്ങള്‍ എപ്പോള്‍ ക്ഷണിക്കുന്നുവോ അപ്പോള്‍ ശ്രീനഗറിലെത്തി നിങ്ങളുമായി സൗഹൃദമത്സരം കളിക്കാന്‍. നമ്മുടെ മഹത്തായ രാജ്യത്തിന്റെ അവിഭാജ്യഘടകമായ മനോഹരമായ കശ്മീരില്‍ ഈ ഹൃദ്യമായ കളി നിങ്ങള്‍ക്കൊപ്പം പങ്കുവെക്കാനുള്ള അവസരത്തിന് ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ജിന്‍ഡല്‍ ട്വീറ്റില്‍ പറയുന്നു
ബെംഗളൂരു എഫ്.സിയുടെ ഈ തീരുമാനത്തെ റിയല്‍ കശ്മീര്‍ എഫ്.സി സ്വാഗതം ചെയ്തു. വരുന്ന മാര്‍ച്ചില്‍ ബെംഗളൂരു എഫ്.സിയുമായി കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇരുക്ലബ്ബുകളും ചര്‍ച്ച ചെയ്ത് അനുയോജ്യമായ തിയതി കണ്ടെത്തുമെന്നും റിയല്‍ കശ്മീര്‍ എഫ്.സി വ്യക്തമാക്കി. റിയല്‍ കശ്മീര്‍ എഫ്.സി ഐ-ലീഗിലും ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
Content Highlights: Bengaluru FC offer to play friendly in Srinagar, Real Kashmir invite them in March