ക്ലാഗെന്‍ഫുര്‍ട്ട് (ഓസ്‌ട്രേലിയ): ക്ലബ് സീസണ് മുന്‍പു നടന്ന സൗഹൃദ മത്സരത്തില്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജിയെ തകര്‍ത്ത് ബുണ്ടസ് ലിഗ ജേതാക്കളായ ബയറണ്‍ മ്യൂണിക്ക്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ചാണ് ബയറണ്‍ ജയമാഘോഷിച്ചത്. രണ്ടാം പകുതിയിലായിരുന്നു ബയറണിന്റെ മൂന്നു ഗോളുകളും.
ലോകകപ്പിനു ശേഷം പ്രമുഖ താരങ്ങള്‍ ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പി.എസ്.ജി, യു.എസ് താരം തിമോത്തി വിയയിലൂടെ 31-ാം മിനിറ്റില്‍ മുന്നിലെത്തുകയായിരുന്നു. ആഫ്രിക്കയില്‍ നിന്നുള്ള എക്കാലത്തെയും മികച്ച ഫുട്‌ബോളറായി വിലയിരുത്തപ്പെടുന്ന ജോര്‍ജ് വിയയുടെ മകനാണ് തിമോത്തി.
എന്നാല്‍ രണ്ടാം പകുതി നിറഞ്ഞുകളിച്ച ബയറണ്‍ 18 മിനിറ്റുകള്‍ക്കുള്ളിലാണ് മൂന്നു ഗോളുകള്‍ പി.എസ്.ജി വലയിലെത്തിച്ചത്. സ്പാനിഷ് താരം ഹാവിയര്‍ മാര്‍ട്ടിനെസ്, പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ റെനാറ്റോ സാഞ്ചസ് 17-കാരന്‍ ഡച്ച് സ്‌ട്രൈക്കര്‍ ജോഷ്വാ സിര്‍ക്ക്‌സി എന്നിവരാണ് ബയറണിനായി സ്‌കോര്‍ ചെയ്തത്.
യുവെന്റസുമായി 17 വര്‍ഷം നീണ്ട ബന്ധം ഉപേക്ഷിച്ച് പി.എസ്.ജിയിലെത്തിയ ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ ലൂജി ബഫണിന്റെ പി.എസ്.ജി ജഴ്‌സിയിലെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ബഫണിനെ പിന്‍വലിച്ച ശേഷമാണ് പി.എസ്.ജി മൂന്നു ഗോളുകളും വഴങ്ങിയത്.
Content Highlights: bayern munich dominate psg in pre season friendly