മാഡ്രിഡ്: അവസാനം എവേ ഗ്രൗണ്ടില്‍ വിജയവുമായി ബാഴ്‌സലോണ. ലാ ലിഗയില്‍ ഗെറ്റാഫെയുടെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു. അവസാന ഒമ്പത് എവേ മത്സരങ്ങളില്‍ ബാഴ്‌സയുടെ ആദ്യ വിജയം കൂടിയാണിത്.
41-ാം മിനിറ്റില്‍ ലൂയി സുവാരസിലൂടെ ബാഴ്‌സ ഗെറ്റാഫയ്‌ക്കെതിരേ ലീഡെടുത്തു. പിന്നീട് 49-ാം മിനിറ്റില്‍ ജൂനിയര്‍ ഫിര്‍പ്പോ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 82-ാം മിനിറ്റില്‍ ക്ലെമെന്റ് ലെങ്‌ലെറ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബാഴ്‌സക്ക് തിരിച്ചടിയായി. തുടര്‍ന്ന് 10 പേരുമായാണ് സ്പാനിഷ് കരുത്തന്‍മാര്‍ മത്സരം പൂര്‍ത്തിയാക്കിയത്.
ജയത്തോടെ 13 പോയിന്റുമായി ബാഴ്‌സ ലാ ലിഗയില്‍ രണ്ടാമതെത്തി. 14 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. മറ്റു മത്സരങ്ങളില്‍ വലന്‍സിയ അത്‌ലറ്റിക്കോ ബില്‍ബാവോയേയും വിയ്യാറയല്‍, റയല്‍ ബെറ്റിസിനേയും തോല്‍പ്പിച്ചു. 5-1നായിരുന്നു വിയ്യാറയലിന്റെ വിജയം.
Content Highlights: Barcleona La Liga Win Football