ബാഴ്സലോണ: ബാഴ്‌സ വിട്ട പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ സ്പാനിഷ് ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. പി.എസ്.ജിയില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്ക് ഏറെ ശ്രദ്ധ ലഭിക്കുന്നതു കാരണമാണ് നെയ്മര്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് നെയ്മറുടെ ബാഴ്‌സ പ്രവേശനം ചൂടുള്ള ചര്‍ച്ചയായത്. എന്നാലിപ്പോഴിതാ ഇത്തരം വാര്‍ത്തകള്‍ തള്ളി ബാഴ്‌സ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബാഴ്സലോണ വൈസ് പ്രസിഡന്റ് ജോര്‍ഡി കാര്‍ഡോണറാണ് ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ രംഗത്തു വന്നത്.
നെയ്മര്‍ വീണ്ടും ബാഴ്സലോണയിലെത്തുന്നു എന്ന പ്രചരണങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നു പറഞ്ഞ കാര്‍ഡോണര്‍ നെയ്മറെ ബാഴ്‌സലോണയിലേക്ക് തിരികെ കൊണ്ടുവരാന്‍ യാതൊരു പദ്ധതിയുമില്ലെന്നും വ്യക്തമാക്കി. ബോര്‍ഡിലെ ആരും തന്നെ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരണമെന്ന വിഷയം ഉന്നയിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ഇത്തരം വാര്‍ത്തകളോട് മറുപടി പറയാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെസ്സി, സുവാരസ് എന്നിവരുമായി നെയ്മര്‍ക്ക് നല്ല അടുപ്പമുണ്ട്. ബാഴ്‌സ വിട്ടപ്പോഴും ആ അടുപ്പത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ലെന്നും കാര്‍ഡോണര്‍ പറഞ്ഞു. 2013 മുതല്‍ നാലു സീസണുകളില്‍ ബാഴ്‌സയില്‍ കളിച്ച നെയ്മര്‍ 2017 ജൂലായിലാണ് ക്ലബ്ബ് വിടുന്നത്.
രണ്ട് ലാ ലിഗാ കിരീടങ്ങളും 2015-ലെ ചാമ്പ്യന്‍സ് ലീഗ് കിരീടവും ബാഴ്‌സയ്‌ക്കൊപ്പം നേടി. അതേസമയം ബാഴ്‌സയല്ലെങ്കില്‍ നെയ്മര്‍ റയലിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റൊണാള്‍ഡോ പോയ ഒഴിവില്‍ കഴിഞ്ഞ സീസണില്‍ താരത്തെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമിച്ചിരുന്നു. റയല്‍ താരങ്ങളും ഇക്കാര്യത്തില്‍ നെയ്മറുമായി ചര്‍ച്ച നടത്തിയിരുന്നു.
Content Highlights: barcelona vice president responds to continued neymar speculation