ബാഴ്‌സലോണ: ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാന്‍ ഇനി ബാഴ്‌സലോണയില്‍. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് 926 കോടി രൂപയ്ക്ക് (120 മില്ല്യണ്‍ യൂറോ) അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ഓരോ വര്‍ഷവും വേതനമായി ഗ്രീസ്മാന് 17 മില്ല്യണ്‍ യൂറോ ലഭിക്കും. അത്‌ലറ്റിക്കോയില്‍ ലഭിച്ച 20 മില്ല്യണ്‍ യൂറോയേക്കാള്‍ കുറവാണിത്. ബാഴ്‌സലോണയുമായുള്ള കരാര്‍ വേഗത്തിലാക്കാന്‍ ഗ്രീസ്മാന്‍ പ്രീ സീസണില്‍ നിന്ന് വിട്ടുനിന്നിരുന്നു.
ഗ്രീസ്മാന്റെ ട്രാന്‍സ്ഫറുമായി രണ്ടു വര്‍ഷത്തോളമായി അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ബാഴ്‌സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം അവസാനമായി. ഇതോടെ ലയണല്‍ മെസ്സിക്കൊപ്പം ബാഴ്‌സയുടെ അറ്റാക്കില്‍ ഗ്രീസ്മാന്‍ അണിനിരക്കും. ഒപ്പം സുവാരസും ഡെംബാലയുമുണ്ടാകും. നെയ്മര്‍ കൂടി എത്തിയാല്‍ ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച അറ്റാക്കിങ് ശക്തിയായി ബാഴ്‌സലോണ മാറും.
കഴിഞ്ഞ വര്‍ഷമാണ് അത്ലറ്റിക്കോ മാഡ്രിഡുമായി ഗ്രീസ്മാന്‍ അഞ്ചു വര്‍ഷത്തേക്ക് കരാര്‍ നീട്ടിയത്. എന്നാല്‍ ക്ലബ്ബില്‍ തുടരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി ഫ്രഞ്ച് താരം പരിശീലകന്‍ ഡീഗോ സിമിയോണിയേയും ചീഫ് എക്സിക്യൂട്ടീവ് മിഗ്വെയ്ല്‍ എയ്ഞ്ചലിനേയും സന്ദര്‍ശിക്കുകയായിരുന്നു.
റയല്‍ സൊസൈദാദില്‍ നിന്ന് 2014-ലാണ് ഗ്രീസ്മാന്‍ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ക്ലബ്ബിന്റെ പ്രധാന സ്ട്രൈക്കര്‍മാരിലൊരാളായി വളര്‍ന്ന താരം 2017-18ല്‍ യൂറോപ്പ ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡിന് കിരീടം നേടിക്കൊടുത്തു. മാഴ്സെയ്‌ക്കെതിരായ ഫൈനലില്‍ രണ്ടു ഗോളുകളാണ് ഗ്രീസ്മാന്‍ നേടിയത്.
കഴിഞ്ഞ സീസണില്‍ തന്നെ ഗ്രീസ്മാന്‍ ബാഴ്സലോണയിലേയ്ക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത്ലറ്റിക്കോ മാഡ്രിഡ് പ്രതിസന്ധിയിലാകുമെന്നതിനാല്‍ ക്ലബ്ബില്‍ തന്നെ തുടരുകയായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗ്രീസ്മാന്‍ 133 ഗോള്‍ നേടുകയും 43 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Barcelona sign Antoine Griezmann from Atletico Madrid