ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ഓരോ ആഴ്ച പിന്നിടുമ്പോഴും പ്രതിരോധ നിരയിലെ ഓരോ താരത്തെ വെച്ച് ബാഴ്‌സയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും അപ്രതീക്ഷിത പ്രതിസന്ധിയിലേക്കാണ് ബാഴ്‌സ നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഫ്രഞ്ച് താരം സാമുവല്‍ ഉംറ്റിറ്റിക്ക് പിന്നാലെ പരിചയസമ്പന്നനായ ബെല്‍ജിയന്‍ താരം തോമസ് വെര്‍മിലനും ഇപ്പോള്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. തുടയ്ക്കു പരിക്കേറ്റ വെര്‍മിലന് ആറാഴ്ച വിശ്രമം വേണമെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഡിഫന്‍സില്‍ ഇപ്പോള്‍ ബാഴ്‌സയില്‍ അവശേഷിക്കുന്നത് ജെറാര്‍ഡ് പിക്വെയും ക്ലെമെന്റ് ലെന്‍ഗ്ലെറ്റും മാത്രമാണ്.
അടുത്ത എട്ടു ദിവസത്തിനുള്ളില്‍ കടുപ്പമേറിയ മത്സരങ്ങള്‍ കളിക്കാനുള്ളപ്പോഴാണ് ബാഴ്‌സ ഇപ്പോഴത്തെ ഈ പ്രതിസന്ധി നേരിടുന്നത്. സ്പാനിഷ് ലീഗില്‍ സെവിയ്യക്കെതിരേയുള്ള മത്സരവും ഏവരും കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോയും ബാഴ്‌സയ്ക്ക് സ്വന്തം മൈതാനത്ത് കളിക്കാനുണ്ട്. കൂടാതെ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ററുമായുള്ള മത്സരവും. ടീമിലുള്ള ജെറാര്‍ഡ് പിക്വെ മോശം ഫോമിന്റെ പേരിലും കളിക്കിടെ വരുത്തിയ തെറ്റുകളുടെ പേരിലും പഴികേള്‍ക്കുകയും ചെയ്യുന്നു.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഉംറ്റിറ്റി പരിക്കേറ്റ് പുറത്തായത്. തൊട്ടുപിന്നാലെ തന്നെ സെര്‍ജി റോബെര്‍ട്ടോയും പരിക്കിന്റെ പിടിയിലായി. ഉംറ്റിറ്റിക്ക് ഇനി ഡിസംബറിനു ശേഷമേ കളത്തിലേക്ക് മടങ്ങിവരാനാകൂ. ഈ സാഹചര്യത്തിലാണ് പകരക്കാരനായി ഇറങ്ങിയ വെര്‍മിലനും പരിക്കേറ്റത്.
ഇക്കാരണത്താല്‍ തന്നെ ബാഴ്‌സയുടെ ബി ടീമാണ് ഇനി പരിശീലകന് വെല്‍വെര്‍ദെയുടെ ഏക ആശ്രയം.
Content Highlights: barcelona's problem in the centre of defence analysed