ദോഹ: ബാഴ്‌സലോണയുടെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് ബൂട്ടഴിച്ചു. നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദ് എഫ്.സിക്ക് വേണ്ടി കളിക്കുന്ന സാവി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഈ സീസണോടെ കളി മതിയാക്കുമെന്നും ഇനി പരിശീലകന്റെ റോളില്‍ കാണാമെന്നും സാവി വ്യക്തമാക്കി.
2015-ലാണ് മധ്യനിര താരം ഖത്തര്‍ ക്ലബ്ബിനൊപ്പം ചേര്‍ന്നത്. മുപ്പത്തിയൊമ്പതുകാരനായ താരം അല്‍ സാദിനായി 84 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അല്‍ സാദിന്റെ ക്യാപ്റ്റനായ താരം 2017-ല്‍ ഖത്തരി കപ്പും നേടി.
അതേസമയം ബാഴ്‌സ ജേഴ്‌സിയില്‍ നീണ്ട 17 വര്‍ഷമാണ് സാവി കളിച്ചത്. ലാ ലിഗയില്‍ മാത്രം 505 മത്സരങ്ങള്‍ കളിച്ച് റെക്കോഡ് സൃഷ്ടിച്ച താരം ആകെ ബാഴ്‌സയ്ക്കായി 769 മത്സരങ്ങളില്‍ കളത്തിലിറങ്ങി. 85 ഗോളുകളടിക്കുകയും 182 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. എട്ട് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗും മൂന്ന് കോപ്പ ഡെല്‍ റേയും രണ്ട് ക്ലബ്ബ് ലോകകപ്പ് കിരീടങ്ങും സ്പാനിഷ് താരത്തിന്റെ അക്കൗണ്ടിലുണ്ട്.
സ്‌പെയിന്‍ 2010-ല്‍ ലോകകപ്പ് കിരീടം നേടി ചരിത്രമെഴുതിയപ്പോള്‍ അതില്‍ സാവിയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഒപ്പം സ്പാനിഷ് ജേഴ്‌സിയില്‍ രണ്ടു തവണ യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും നേടി.
Content Highlights: Barcelona legend Xavi announces retirement