വലന്‍സിയ: സ്പാനിഷ് കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ കരുത്തരായ ബാഴ്‌സലോണയെ അട്ടിമറിച്ച് ലെവാന്തെ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം.
മത്സരത്തിന്റെ ആദ്യ 20 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലെവാന്തെ രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. നാലാം മിനിറ്റില്‍ തന്നെ എറിക്ക് കബാക്കോയിലൂടെ ലെവാന്തെ മുന്നിലെത്തി. 18-ാം മിനിറ്റില്‍ ബോര്‍ഹ മയോറാള്‍ അവരുടെ ലീഡ് വര്‍ധിപ്പിച്ചു. 85-ാം മിനിറ്റില്‍ ഫിലിപ്പ് കുടീഞ്ഞ്യോയാണ് പെനാല്‍റ്റിയിലൂടെ ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്.
മെസ്സിയും സുവാരസും അടക്കമുള്ള പ്രമുഖ താരങ്ങളെ കൂടാതെയാണ് ബാഴ്‌സ ഇറങ്ങിയത്. ഗെറ്റാഫെക്കെതിരെ ലീഗില്‍ വിജയം നേടിയ ടീമില്‍ നിന്ന് ഒമ്പത് മാറ്റങ്ങളാണ് കോച്ച് വാല്‍വെര്‍ദെ വരുത്തിയത്.
ആഴ്ചകള്‍ക്കു മുന്‍പ് ലയണല്‍ മെസ്സിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്‌സ, ലെവാന്തെയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. അതേസമയം സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാംപാദമത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ബാഴ്സയ്ക്ക് സെമിയിലേക്ക് മുന്നേറാം. ജനുവരി 18-നാണ് രണ്ടാം പാദം.
Content Highlights:Barcelona, Levante, Copa Del Rey