ടാന്‍ജിയെര്‍ (മൊറോക്കോ): ബാഴ്‌സലോണയുടെ മുഴുവന്‍സമയ നായകനായുള്ള ലയണല്‍ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബാഴ്‌സയ്ക്ക് കിരീടം. സ്പാനിഷ് ലാ ലിഗയ്ക്ക് മുന്നോടിയായുള്ള സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മെസിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബാഴ്‌സ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കിരീടമണിഞ്ഞു.
ഒന്‍പതാം മിനിറ്റില്‍ പാബ്ലോ സറാബിയയുടെ ഗോളില്‍ സെവിയ്യയാണ് ആദ്യം മുന്നിലെത്തിയത്. ദേശീയ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സ്പാനിഷ് ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്വെ 42-ാം മിനിറ്റില്‍ ബാഴ്‌സയെ ഒപ്പമെത്തിച്ചു. 78-ാം മിനിറ്റില്‍ ഔസ്മാനെ ഡെംബെലെ ബാഴ്‌സയുടെ വിജയഗോള്‍ നേടി.
സ്പാനിഷ് ലീഗ് ജേതാക്കളും കോപ്പ ഡെല്‍ റെ ജേതാക്കളും തമ്മിലുള്ള വാര്‍ഷിക മത്സരമാണ് സ്പാനിഷ് സൂപ്പര്‍ കപ്പ്. കഴിഞ്ഞ സീസണില്‍ ഈ രണ്ടു കിരീടങ്ങളും ബാഴ്‌സ നേടിയതിനാലാണ് സെവിയ്യയ്ക്ക് അവസരം ലഭിച്ചത്.
സൂപ്പര്‍ കപ്പ് നേട്ടത്തോടെ ബാഴ്‌സലോണയ്ക്കായി ഏറ്റവും കൂടുതല്‍ കിരീട വിജയങ്ങളെന്ന നേട്ടവും മെസിക്ക് സ്വന്തമായി. ബാഴ്‌സയ്‌ക്കൊപ്പം മെസി നേടുന്ന 33-ാം കിരീടമാണിത്. നാലു ചാമ്പ്യന്‍സ് ലീഗ്, ഒന്‍പത് ലാ ലിഗ, ആറ് കോപ്പ ഡെല്‍ റേ എന്നീ കിരീടനേട്ടങ്ങള്‍ ഉള്‍പ്പെടെയാണിത്.
മിഡ്ഫീല്‍ഡില്‍ ബാഴ്‌സയുടെ വിശ്വസ്തനായിരുന്ന ആന്ദ്രെ ഇനിയെസ്റ്റ ടീം വിട്ടതോടെയാണ് മെസ്സി ബാഴ്‌സയുടെ മുഴുവന്‍സമയ നായകനായത്. മെസി എടുത്ത ഫ്രീകിക്ക് സെവിയ്യ പോസ്റ്റിലിടിച്ച് മടങ്ങിയില്ലായിരുന്നെങ്കില്‍ നായകനായുള്ള അരങ്ങേറ്റം ഗോളോടെ അദ്ദേഹത്തിന് ആഘോഷിക്കാമായിരുന്നു. ഇതാദ്യമായാണ് സ്പാനിഷ് സൂപ്പര്‍കപ്പ് പോരാട്ടം സ്‌പെയിനിനു പുറത്തുവെച്ച് നടക്കുന്നത്.
Content Highlights: barcelona, sevilla, spanish super cup