ബാഴ്‌സലോണ: സീസണു മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ക്ലബ്ബ് ബൊക്ക ജൂനിയേഴ്‌സിനെ തകര്‍ത്ത് സ്പാനിഷ് ലീഗ് ജേതാക്കളായ ബാഴ്‌സലോണ. ജൊവാന്‍ ഗാംമ്പര്‍ ട്രോഫിക്കു വേണ്ടിയുള്ളതായിരുന്നു സൗഹൃദ മത്സരം.
എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സ, ബൊക്ക ജൂനിയേഴ്‌സിനെ പരാജയപ്പെടുത്തിയത്. പ്രധാന താരങ്ങളെല്ലാം ടീമില്‍ ഇടം നേടിയ ബാഴ്‌സയ്ക്കായി 18-ാം മിനിറ്റില്‍ ബ്രസീല്‍ താരം മാല്‍ക്കം ആദ്യ ഗോള്‍ നേടി. ആദ്യ പകുതിക്കു മുന്‍പ് മികച്ചൊരു മുന്നേറ്റത്തിലൂടെ മെസ്സി ബാഴ്‌സയുടെ ലീഡുയര്‍ത്തി.
രണ്ടാം പകുതിയില്‍ നിറയെ മാറ്റങ്ങളുമായാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. പിന്നാലെ 67-ാം മിനിറ്റില്‍ സുവാരസുമൊത്തുള്ള ഒരു മുന്നേറ്റത്തിലൂടെ റാഫിഞ്ഞ്യ ബാഴ്‌സയ്ക്കായി മൂന്നാം ഗോളും നേടി. ബൊക്ക ജൂനിയേഴ്‌സും മികച്ച ചില നീക്കങ്ങളുമായി കളം നിറഞ്ഞു. ഗോള്‍ലൈന്‍ സേവിലൂടെ സാമുവല്‍ ഉംറ്റിറ്റിയാണ് അവരുടെ ഒരു ഗോള്‍ രക്ഷപ്പെടുത്തിയത്. സെബാസ്റ്റ്യന്‍ വിയ്യയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിക്കുകയും ചെയ്തു. അടുത്തയാഴ്ച ലാ ലിഗയിലെ ആദ്യ മത്സരത്തില്‍ അലാവസാണ് ബാഴ്‌സലോണയുടെ എതിരാളികള്‍.
Content Highlights: Barcelona beat Boca Juniors New signing Malcom scores