മഡ്രിഡ്: പി.എസ്.ജി.യുടെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മറെ സ്വന്തമാക്കാന്‍ റയല്‍ മഡ്രിഡും ബാഴ്സലോണയും വാശിയോടെ രംഗത്ത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ട്രാന്‍സ്ഫര്‍ ജാലകം അടഞ്ഞതോടെ റയലിന്റെ ശ്രദ്ധ നെയ്മറിലായി. മാഞ്ചെസ്റ്റര്‍ യുണൈഡ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ കൊണ്ടുവരാനുള്ള അവരുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. സൂപ്പര്‍താരങ്ങളില്ലാത്ത ഒരു ടീമിലേക്ക് ചേക്കേറാന്‍ നെയ്മര്‍ക്കും താത്പര്യമുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെല്‍സിയില്‍ നിന്ന് ഏദന്‍ ഹസാഡിനെ ടീമിലെത്തിച്ചെങ്കിലും ക്ലബ്ബിന്റെ താരപ്പകിട്ടിന് നെയ്മര്‍ തന്നെ വേണമെന്നാണ് റയലിന്റെ നിലപാട്.
സിനദിന്‍ സിദാന്റെ നേതൃത്വത്തില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് റയല്‍. നെയ്മറെ വിട്ടുനല്‍കാന്‍ പി.എസ്.ജി. സമ്മതം അറിയിച്ചിട്ടുണ്ട്. 1750 കോടിയോളം രൂപയ്ക്കാണ് പി.എസ്.ജി നെയ്മറെ വാങ്ങിയത്. ആ തുക കിട്ടണമെന്നാണ് പി.എസ്.ജി.യുടെ നിലപാട്.
സ്പാനിഷ് ലാലിഗയില്‍ ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കുന്നത് സെപ്റ്റംബര്‍ രണ്ടിനാണ്. നെയ്മറെ കിട്ടാന്‍ ലാലിഗ വമ്പന്മാരായ ബാഴ്സയും റയലും ആഞ്ഞുശ്രമിക്കും. ഈ മാസം 20-ഓടെ നെയ്മറുടെ കാര്യത്തില്‍ തീരുമാനമാകുമെന്നാണ് ബാഴ്സ പറയുന്നത്. ബാഴ്സയിലേക്ക് തിരികെപ്പോകണമെന്നാണ് നെയ്മര്‍ നേരത്തേ താത്പര്യപ്പെട്ടത്. എന്തായാലും പി.എസ്.ജി. വിടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലയണല്‍ മെസ്സി, ലൂയി സുവാരസ് എന്നിവരുമായി നെയ്മര്‍ നല്ല സൗഹൃദത്തിലാണെന്നും അവര്‍ ഒത്തിണക്കത്തോടെ കളിക്കുമെന്നും ബാഴ്സ പറയുന്നു.
നെയ്മര്‍ക്കെതിരായ കേസ് റദ്ദാക്കി
സാവോ പൗലോ: ലൈംഗിക പീഡന ആരോപണത്തില്‍ ബ്രസീലിയന്‍ ഫുട്ബോളര്‍ നെയ്മര്‍ക്കെതിരേ എടുത്ത കേസ് കോടതി റദ്ദാക്കി. തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. നേരത്തെ, പോലീസും രാജ്യത്തെ പ്രോസിക്യൂട്ടര്‍മാരും നെയ്മര്‍ക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
തെളിവ് കണ്ടെത്താനായില്ലെന്ന പോലീസ് വാദം അംഗീകരിച്ച പ്രോസിക്യൂട്ടര്‍മാര്‍, കേസ് അവസാനിപ്പിക്കാന്‍ കോടതിയോട് അഭ്യര്‍ഥിക്കുകയായിരുന്നു. നാല് ചുവരുകള്‍ക്കുള്ളില്‍ എന്തു സംഭവിച്ചു എന്ന് തെളിയിക്കാനാവില്ലെന്ന് പ്രോസിക്യൂട്ടര്‍ ഫ്‌ളാവിയ മെര്‍ലിനി പറഞ്ഞു. മേയില്‍ പാരീസിലെ ഹോട്ടലില്‍ വെച്ച് നെയ്മര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ബ്രസീലിയന്‍ മോഡല്‍ ആരോപിച്ചത്.
Content Highlights: Barcelona and Real Madrid to pick Neymar