ബാഴ്‌സ മേധാവി ജോസെപ് മരിയ ബര്‍തോമ്യോയുടെ തുറന്നുപറച്ചില്‍ അത്ര പിടിച്ചിരുന്നില്ല ലയണല്‍ മെസ്സിയുടെ ആരാധകര്‍ക്ക്. ക്ലബില്‍ തുടരണമോ എന്ന കാര്യം മെസ്സിക്ക് വേണമെങ്കില്‍ തീരുമാനിക്കാമെന്ന ബര്‍തോമ്യോയുടെ അഭിപ്രായപ്രകടനം മെസ്സി ബാഴ്‌സ വിടുന്നതിന്റെ സൂചനയായിട്ടാണ് പലരും കണ്ടത്. ഇതോടെ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചു.
ദിവസങ്ങള്‍ക്കുശേഷമാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയ ഈ വിഷയത്തെക്കുറിച്ച് തുറന്നുപറയാന്‍ മെസ്സി തയ്യാറായത്. സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി മനസ്സ് തുറന്നത്.
ക്ലബ് വിടുമെന്നോ അടുത്ത സീസണിലും ബാഴ്‌സയില്‍ തന്നെ തുടരുമെന്നോ അഭിമുഖത്തില്‍ മെസ്സി വ്യക്തമായി പറയുന്നില്ല. 'കരാറില്‍ ചില നിബന്ധനകള്‍ ഉള്ളതിനാല്‍ ഈ വിഷയത്തില്‍ എനിക്കൊന്നും തുറന്നു പറയാനാവില്ല. എന്നാല്‍, എനിക്ക് ഒരു കാര്യം പറയാനാകും. പറ്റുന്നത്ര കാലം ബാഴ്‌സയില്‍ കളിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്റെ ശരീരം അനുവദിക്കുന്നിടത്തോളം കാലം കളിക്കണം. അതിന് കരാറൊന്നും ഒരു പ്രശ്‌നമല്ല. എന്റെ അച്ഛനാണ് കരാറിന്റെ കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത്. ഞാന്‍ എന്റെ ചിന്തകള്‍ പങ്കുവയ്ക്കുക മാത്രമാണ് ചെയ്യുന്നത്.'
ബാഴ്‌സയാണ് എന്റെ വീടെന്ന് കരിയറില്‍ ഉടനീളം ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇയൊരു കാരണം കൊണ്ട് മാത്രം ക്ലബുമായി ഒരു ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്നതില്‍ താത്പര്യമില്ല. ഇപ്പോള്‍ ഞാനിവിടെ സന്തുഷ്ടനാണ്. ടീമിലെ ഒരു പ്രധാന അംഗമായതില്‍ സന്തുഷ്ടനാണ്. വിജയിക്കുന്ന ഒരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ച് പണവും കരാര്‍ നിബന്ധനകളൊന്നുമല്ല എല്ലാം. പ്രചോദനമേകുന്ന മറ്റു പലതുമുണ്ട്. അതില്‍ പ്രധാനം വിജയിക്കുന്ന ഒരു ടീമുണ്ടാവുക എന്നതാണ്. എവിടെയും പോകണമെന്ന ഉദ്ദേശമൊന്നും എനിക്കില്ല-അഭിമുഖത്തില്‍ മെസ്സി പറഞ്ഞു.
നെയ്മര്‍ ബാഴ്‌സയിലേയ്ക്ക് തിരിച്ചുവരണമെന്ന് താന്‍ ആത്മാര്‍ഥമായി ഗ്രഹിച്ചിരുന്നുവെന്നും മെസ്സി പറഞ്ഞു. നെയ്മറുടെ മടങ്ങിവരവിനെ എതിര്‍ക്കുന്നവരെ നമുക്ക് മനസ്സിലാക്കാം. കളിയുടെ കാര്യം പരഗണിക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് നെയ്മര്‍. നെയ്മര്‍ ഉണ്ടെങ്കില്‍ അത് ടീമിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുക. എന്നാല്‍, അതുണ്ടായില്ല. നെയ്മറെ മടക്കിക്കൊണ്ടുവരുന്നതുമായി നടന്ന ചര്‍ച്ചകളില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഞാന്‍ നെയ്മറുമായി സംസാരിച്ചിരുന്നു. ബാഴ്‌സയിലേയ്ക്ക് മടങ്ങിവരാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു അദ്ദേഹത്തിന്. ഇക്കാര്യത്തില്‍ അദ്ദേഹം വലിയ പ്രതീക്ഷയിലുമായിരുന്നു. നെയ്മറെ മടക്കിക്കൊണ്ടുവരാന്‍ ക്ലബ് കഠിനമായി പരിശ്രമിച്ചോ എന്നു പോലും എനിക്കറിയില്ല. എന്താലും കരാര്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.
പിന്നെ ബാഴ്‌സയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനല്ല. ഞാന്‍ മറ്റേത് കളിക്കാരനെയും പോലെയാണ്. ബാഴ്‌സയിലേയും അര്‍ജന്റീന ടീമിലെയും കാര്യങ്ങള്‍ ഞാനാണ് തീരുമാനിക്കുന്നതെന്ന ആരോപണങ്ങള്‍ പണ്ടേ കേട്ടുമടുത്തതാണ്-മെസ്സി പറഞ്ഞു.
ഇക്കുറി ബാലണ്‍ദ്യോര്‍ നേടാന്‍ എത്രമാത്രം സാധ്യതയുണ്ടെന്ന് അറിയില്ലെന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി പ്രശ്‌നങ്ങളൊന്നുമില്ലന്നും മെസ്സി പറഞ്ഞു. മെസ്സിയുമൊത്ത് ഭക്ഷണ കഴിക്കാന്‍ താത്പര്യമുണ്ടെന്ന ക്രിസ്റ്റ്യാനോയുടെ വാക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മെസ്സി. ഞങ്ങള്‍ തമ്മില്‍ ഊഷ്മളമായ ബന്ധമൊന്നുമില്ല. ഞങ്ങള്‍ രണ്ടുപേരും ഒരിക്കല്‍പ്പോലും ഡ്രസ്സിങ് റൂം പങ്കുവച്ചിട്ടില്ല. അവാര്‍ഡ്ദാന ചടങ്ങുകള്‍ക്ക് മാത്രമാണ് തമ്മില്‍ കാണുന്നത്-മെസ്സി പറഞ്ഞു.
Content Highlights: Lionel Messi, Neymar, Christiano Ronaldo, Barcelona, Football