മാഡ്രിഡ്: നിലവിലെ ചാമ്പ്യന്‍ എഫ്.സി. ബാഴ്‌സലോണയും എഫ്.സി. സെനിത്തും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ഗ്രൂപ്പ് ഇയില്‍ ബലറൂസ് ടീമായ ബാതെയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പിച്ചത്. നെയ്മര്‍ രണ്ട് ഗോള്‍ നേടി. ഒരു ഗോള്‍ സുവാരസിന്റെ വകയും. മുപ്പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് നെയ്മര്‍ സ്‌കോറിങ് തുടങ്ങിയത്. 60-ാം മിനിറ്റില്‍ സുവാരസ് ലീഡ് ഇരട്ടിയാക്കി. 83-ാം മിനിറ്റില്‍ നെയ്മര്‍ ഗോള്‍പട്ടിക തികച്ചു. നാലു കളികളില്‍ നിന്ന് പത്ത് പോയിന്റുള്ള ബാഴ്‌സ രണ്ടാം സ്ഥാനത്തുള്ള റോമയേക്കാള്‍ അഞ്ച് പോയിന്റ് മുന്നിലാണ്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റോമ ലെവര്‍ക്യുസനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു.
ഗ്രൂപ്പ് എഫില്‍ ആഴ്‌സനലിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ന്ന ബയറണ്‍ മ്യൂണിക്ക് നോക്കൗട്ട് സാധ്യത വര്‍ധിപ്പിച്ചു. ബയറണിനുവേണ്ടി മുള്ളര്‍ രണ്ട് ഗോള്‍ നേടി. പത്താം മിനിറ്റില്‍ ലെവന്‍ഡോക്‌സ്‌കിയാണ് സ്‌കോറിങ് തുടങ്ങിയത്. 29, 89 മിനിറ്റുകളിലായിരുന്നു മുള്ളറുടെ ഗോളുകള്‍. 44-ാം മിനിറ്റില്‍ അലാബയും 55-ാം മിനിറ്റില്‍ റോബനും ലക്ഷ്യം കണ്ടു. 69-ാം മിനിറ്റില്‍ ഗിരൗഡിന്റെ വകയാണ് ആഴ്‌സനലിന്റെ ആശ്വാസഗോള്‍. ഗ്രൂപ്പില്‍ നാലു കളികളില്‍ നിന്ന് ഒന്‍പത് പോയിന്റ് വീതമുള്ള ബറയണും ഒളിപ്യട്ടക്കോസും ഒപ്പത്തിനൊപ്പമാണ്. മൂന്ന് പോയിന്റ് മാത്രമുള്ള ആഴ്‌സനല്‍ ഏറ്റവും അവസാനക്കാരാണ്. ഒളിംപ്യാക്കോസ് നാലാം മത്സരത്തില്‍ ഡയനാമോ സെഗ്‌രബിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോല്‍പിച്ചത്.
ഗ്രൂപ്പ് ജിയില്‍ മക്കാബി ടെല്‍ അവീവിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ച എഫ്.സി പോര്‍ട്ടോയും നോക്കൗട്ട് റൗണ്ടിനുള്ള സാധ്യത വര്‍ധിപ്പിച്ചു. ടെല്ലോ, ആന്ദ്രെ, ലയൂന്‍ എന്നിവരാണ് പോര്‍ട്ടോയുടെ സ്‌കോറര്‍മാര്‍. സഹാവി മക്കാബിയുടെ ആശ്വാസഗോള്‍ നേടി. നാലു കളികളില്‍ നിന്ന് പോര്‍ട്ടോയ്ക്ക് പത്ത് പോയിന്റാണുള്ളത്. ഡയനാമോ കീവിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്ന് ഏഴ് പോയിന്റ് സമ്പാദിച്ച ചെല്‍സിയാണ് രണ്ടാം സ്ഥാനത്ത്. ഡ്രാഗോവിച്ചിന്റെ സെല്‍ഫ് ഗോളിലാണ് ചെല്‍സി ആദ്യം മുന്നിലെത്തിയത്. 78-ാം മിനിറ്റില്‍ ഡ്രാഗോവിച്ച് തന്നെ ഡയനാമോ കീവിനെ ഒപ്പമെത്തിച്ചെങ്കിലും 83-ാം മിനിറ്റില്‍ വില്ല്യന്‍ വിജയഗോള്‍ വലയിലാക്കി. മക്കാബിക്ക് ഇതുവരെ പോയിന്റ് നേടാനായിട്ടില്ല.
ഗ്രൂപ്പ് എച്ചില്‍ തുടര്‍ച്ചയായ നാലാം ജയത്തോടെ പന്ത്രണ്ട് പോയിന്റ് നേടിയാണ് എഫ്.സി. സെനിത്ത് നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്. സ്യൂബയുടെ ഇരട്ടഗോളാണ് സെനിത്തിന് തുണയായത്. 25, 57 മിനിറ്റുകളിലായിരുന്നു സ്യൂബയുടെ ഗോളുകള്‍.