അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണിക്ക് ഒരു ത്രില്ലര്‍ സിനിമ കണ്ട പ്രതീതിയാണിപ്പോള്‍. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ബയറണ്‍ മ്യൂണിക്കിനെ തകര്‍ത്തത് ഒരു ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സ് പോലെയുണ്ടെന്നാണ് പരിശീലകൻ ഡീഗോ സിമിയോണി പറയുന്നത്.
ചാമ്പ്യന്‍സ് ലീഗില്‍ 2014ലെ ഫൈനലിസ്റ്റുകളായ ബയറണിനെ (2-2) സമനിലയില്‍ എവേ ഗോളുകളുടെ ബലത്തില്‍ തളച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് ഫൈനലില്‍ കടന്നു. 180 മിനിറ്റ് നീണ്ട മത്സരത്തില്‍ മൂന്ന് വര്‍ഷത്തെ കഠിന പ്രയത്‌നം ഞങ്ങള്‍ കാണിച്ചുവെന്ന് സിമിയോണി പറയുന്നു. വിധിയാണ് ഞങ്ങളെ ഫൈനലില്‍ എത്തിച്ചത് എന്നും അദ്ദേഹം പറയുന്നു.
സ്‌പെയിനിൽ നടന്ന ആദ്യപാദ മത്സരത്തില്‍ 1-0ന് പിന്നിട്ടു നിന്ന ബയറണ്‍ മ്യൂണിക്ക് സാബി അലോണ്‍സയുടെ ഫ്രീക്കിക്കിലൂടെ ഒപ്പമെത്തി. എന്നാല്‍ ഒന്‍പത് മിനിറ്റുകള്‍ക്ക് ശേഷം കിട്ടിയ പെനാല്‍റ്റി തോമസ് മുള്ളര്‍ പാഴാക്കിയത് ബയറണിന് തിരിച്ചടിയായി.
എന്നാല്‍ ഹാഫ് ടൈമിനു ശേഷം അന്റോണി ഗ്രിസ്മാനിലൂടെ അത്‌ലറ്റിക്കോ സമനില ഗോള്‍ നേടി. എന്നാല്‍ 74-ാം മിനിറ്റില്‍ റോബേര്‍ട്ട് ലെവന്‍ഡോവിസ്‌കിയിലൂടെ ബയറണ്‍ വീണ്ടും മുന്നിലെത്തി. മാഡ്രിഡ് താരം ഫെര്‍ണാണ്‍ഡോ ടോറസിന് കിട്ടിയ ഒന്നാന്തരമൊരു പെനാല്‍റ്റി അവസരം നഷ്ടപ്പെടുത്തിയത് മാഡ്രിഡിന് തിരിച്ചടിയായി. ബയറണ്‍ തങ്ങളുടെ മൂന്നാം ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും സാധിച്ചില്ല.
ബാഴ്‌സലോണയെ ക്വാട്ടറില്‍ തകര്‍ക്കാനായത് തങ്ങളുടെ ഏറ്റവും വലിയ നേട്ടമാണെന്ന് വികാരഭരിതനായി സിമിയോണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫൈനലില്‍ ആരു വരുന്നു എന്നത് ഞങ്ങള്‍ക്ക് പ്രശ്‌നമല്ല മറിച്ച് ഈ സീസണിലെ ടീമിന്റെ പ്രകടനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ ലോകത്തിലെ മികച്ച ടീമുകളെ വരെ തകര്‍ത്തു. സിമിയോണി പറഞ്ഞു. ആദ്യ പകുതിയിലെ ബയറന്റെ പ്രകടനം മികച്ചതായിരുന്നു. മുളളര്‍ നഷ്ടപ്പെടുത്തിയ പെനാൽറ്റിയാണ് ഞങ്ങളെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നത്. അവസാനം ശരിക്കും ഒരു ത്രിലര്‍ സിനിമ കണ്ടിറങ്ങുന്ന സുഖം ആ മത്സരത്തിനുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.