യോഗ്യതാ റൗണ്ടില്‍ ബാക്കിയുള്ളത് നാലേ നാല് മത്സരങ്ങള്‍. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് റഷ്യയിലേക്ക് ടിക്കറ്റ് എടുക്കാമെന്നിരിക്കെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അഞ്ചാമത്. അതു മാത്രമല്ല, റഫറിയെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് നാല് മത്സരങ്ങളില്‍ വിലക്കും. 1970ന് ശേഷം അര്‍ജന്റീനയില്ലാത്ത ഒരു ലോകകപ്പ് വീണ്ടുമുണ്ടാകുമോ?
ആരാധകരെല്ലാം ആകാംക്ഷയിലാണ്. എതിരാളികളില്‍ ഒന്നാമന്‍മാരായ ബ്രസീല്‍ 33 പോയിന്റുമായി യോഗ്യത നേടിക്കഴിഞ്ഞു. യോഗ്യതയുടെ തൊട്ടരികില്‍ 24 പോയിന്റുമായി കൊളംബിയയുണ്ട്, 23 പോയിന്റുമായി ഉറുഗ്വായും ചിലിയും. പിന്നെ മാത്രം വരുന്ന അര്‍ജന്റീനക്കുള്ളത് 22 പോയിന്റും. ഒപ്പം 20 പോയിന്റുമായി ഇക്വഡോറും 18 പോയിന്റുമായി പെറുവും പരാഗ്വയും അര്‍ജന്റീനക്ക് ഏതു നിമിഷവും വെല്ലുവിളിയാകാവുന്ന തരത്തില്‍ നില്‍പുണ്ട്.
ചൊവ്വാഴ്ച്ച രാത്രി ബൊളീവിയയോടേറ്റ എതിരില്ലാത്ത രണ്ട് ഗോള്‍ പരാജയം അര്‍ജന്റീനയെ കൂടുതല്‍ ആഴത്തിലേക്ക് വീഴ്ത്തി. വിലക്കിനെത്തുടര്‍ന്ന് മെസ്സി മാറി നിന്ന ആദ്യ മത്സരം അങ്ങനെ തോല്‍വിയില്‍ അവസാനിച്ചു. ഇനിയും മൂന്നെണ്ണം ബാക്കിയുണ്ട്.
പരിക്ക്, വിലക്ക് മൂലം ആറു യോഗ്യതാ മത്സരങ്ങളില്‍ മാത്രമാണ് മെസ്സിക്ക് കളിക്കാനായത്. ആ മത്സരങ്ങളില്‍ 18 പോയിന്റില്‍ 15 പോയിന്റും അര്‍ജന്റീന നേടി. നാല് ഗോളുകള്‍ മെസ്സി അടിക്കുകയും ചെയ്തു. എന്നാല്‍ മെസ്സിയില്ലാത്ത എട്ടു മത്സരങ്ങളില്‍ 24 പോയിന്റ് നേടേണ്ടിടത്ത് ഏഴ് പോയിന്റ് മാത്രമാണ് അര്‍ജന്റീനയുടെ അക്കൗണ്ടിലെത്തിയത്. ഇക്വഡോറിനോടും പരാഗ്വയോടും സ്വന്തം നാട്ടില്‍ തോല്‍ക്കുകയും ചെയ്തു. അപ്പോള്‍ ഒരു കാര്യം വ്യക്തം. മെസ്സി വെറുമൊരു താരം മാത്രമല്ല. അര്‍ജന്റീനയെന്നാല്‍ മെസ്സി തന്നെയാണ്.
ഇനി അര്‍ജന്റീനയുടെ ഭാവി നോക്കാം. അടുത്തത് പ്രയാസമേറിയ മത്സരമാണ്. ഓഗസ്റ്റില്‍ നടക്കുന്ന മത്സരത്തില്‍ ഉറുഗ്വായാണ് എതിരാളികള്‍. പിന്നീട് സെപ്തംബറില്‍ വെനിസ്വേലയും ഒക്ടോബറില്‍ പെറുവും എതിരാളികള്‍. ഒക്ടോബര്‍ പത്തിന് മെസ്സി തിരിച്ചെത്തുന്ന മത്സരത്തില്‍ ഇക്വഡോറാണ് എതിരാളികള്‍.
ഇനി അര്‍ജന്റീന അഞ്ചാം സ്ഥാനത്ത് നിന്ന് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു എന്നിരിക്കട്ടെ. അത് പുറത്തേക്കുള്ള വഴിയായി മാറില്ല. അപ്പോഴും പ്രതീക്ഷ ബാക്കിയുണ്ട്. ഒഷ്യാനിയയില്‍ നിന്നുള്ള യോഗ്യതാ റൗണ്ടിലെ വിജയിയുമായി അര്‍ജന്റീനക്ക് പ്ലേ ഓഫ് കളിക്കാം. അത് മിക്കവാറും ന്യൂസിലന്‍ഡ് ആയിരിക്കും. പക്ഷേ ആറാം സ്ഥാനവും അതിന് താഴേക്കും പോയാല്‍ പിന്നെ അര്‍ജന്റീന പെട്ടി പൂട്ടേണ്ടി വരും.
യോഗ്യതാ റൗണ്ടില്‍ മോശം പ്രകടനം എന്നതുകൊണ്ട് ലോകകപ്പില്‍ മോശം പ്രകടനമാകും എന്ന അര്‍ത്ഥമില്ല. ഉദാഹരണത്തിന്, 2010ല്‍ ഉറുഗ്വെയ്ക്ക് യോഗ്യതക്കായി പ്ലേ ഓഫ് കളിക്കേണ്ടി വന്നു. എന്നിട്ടും ലോകകപ്പിന്റെ സെമിഫൈനല്‍ വരെയെത്തി. അങ്ങനെയെങ്കില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍ മെസ്സി റഷ്യയില്‍ കളിക്കാനുണ്ടാകും, അര്‍ജന്റീനയോടൊപ്പം തന്നെ!
കിരീടം നേടുന്ന ടീമുകളുടെ സാധ്യതാ പട്ടികയില്‍ ഇപ്പോഴും അര്‍ജന്റീനയുണ്ട്. ജര്‍മനി, ഫ്രാന്‍സ്, ബ്രസീല്‍, സ്‌പെയ്ന്‍ ടീമുകള്‍ക്കൊപ്പം തന്നെ.
1970ല്‍ ഒരു ടീം നാല് മത്സരങ്ങള്‍ മാത്രം കളിക്കുന്ന ഫോര്‍മാറ്റില്‍ മൂന്ന് ലാറ്റിനമേരിക്കന്‍ ടീമുകള്‍ മാത്രമാണ് യോഗ്യത നേടിയത്. അന്ന് പെറുവിനെതിരെയും ബൊളീവിയക്കെതിരെയും അര്‍ജന്റീനക്ക് കാലിടറി. പിന്നീട് നടന്ന 11 ലോകകപ്പുകളില്‍ 1978ലും 1986ലും അര്‍ജന്റീന ചാമ്പ്യന്‍മാരായി. രണ്ട് തവണ രണ്ടാം സ്ഥാനത്തെത്തി. അതുകൊണ്ടു തന്നെ മെസ്സിയും അര്‍ജന്റീനയുമില്ലാതെ ഒരു ലോകകപ്പ് എന്തുകൊണ്ടും അപരിചിതമായിരിക്കും.