മെല്‍ബണ്‍: സൂപ്പര്‍താരങ്ങള്‍ വിട്ടുനിന്നിട്ടും സൗഹൃദ ഫുട്‌ബോളില്‍ ഗോള്‍വര്‍ഷം നടത്തി കരുത്തരായ അര്‍ജന്റീനയും ബ്രസീലും.
അര്‍ജന്റീന മടക്കമില്ലാത്ത ആറു ഗോളിന് സിംഗപ്പൂരിനെയും ബ്രസീല്‍ മടക്കമില്ലാത്ത നാല് ഗോളിന് ഓസ്‌ട്രേലിയയെയുമാണ് തകര്‍ത്തത്.
കളി തുടങ്ങി പന്ത്രണ്ടാം സെക്കന്‍ഡില്‍ തന്നെ ലക്ഷ്യം കണ്ട് ഓസ്‌ട്രേലിയയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബ്രസീലിന്റെ തുടക്കം. ഡി സൂസയായിരുന്നു സ്‌കോറര്‍. തൊണ്ണൂറാം മിനിറ്റില്‍ ലക്ഷ്യം കണ്ട് ബ്രസീലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയതും ഡിസൂസ തന്നെ. തിയാഗോ സില്‍വയും (62), ടൈസണും (75) ആണ് മറ്റ് സ്‌കോറര്‍മാര്‍. നെയ്മറെ കൂടാതെയാണ് ബ്രസീല്‍ കളിച്ചത്. കുടിന്യോയാണ് ബ്രസീലിനെ നയിച്ചത്. ടിറ്റെ മാനേജരായി ചുമതലയേറ്റശേഷം ക്യാപ്റ്റന്റെ ചുമതല ലഭിക്കുന്ന ഒന്‍പതാമത്തെ താരമാണ് കുടിന്യോ.
സൂപ്പര്‍താരം ലയണല്‍ കളിക്കാതിരിന്നുട്ടും ഗോളടിയില്‍ ഒട്ടും പിറകെപ്പോയില്ല അര്‍ജന്റീന. പകുതി സമയത്ത് രണ്ട് ഗോളിന്റെ മാത്രം ലീഡുണ്ടായിരുന്നവര്‍ രണ്ടാം പകുതിയിലാണ് ഗോള്‍വര്‍ഷം നടത്തിയത്. ഇരുപത്തിയഞ്ചാം മിനിറ്റില്‍ ഫാസിയോയാണ് സ്‌കോറിങ്ങിന് തുടക്കം കുറിച്ചത്. 31-ാം മിനറ്റില്‍ ഫാസിയോ തന്നെയാണ് ലീഡുയര്‍ത്തിയത്. 60-ാം മിനിറ്റില്‍ ഗോമസും 74-ാം മിനിറ്റില്‍ പരെഡെസും 90-ാം മിനിറ്റില്‍ ഡി മാരിയോയും ഇഞ്ചുറി ടൈമില്‍ അലാരിയോയും പട്ടിക തികച്ചു.
കഴിഞ്ഞയാഴ്ച ബ്രസീലിനെതിരെ നടന്ന സൂപ്പര്‍ ക്ലാസിക്കോ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന വിജയിച്ചിരുന്നു. പുതിയ കോച്ച് സാംപോളി ചുമതലയേറ്റശേഷമുള്ള അര്‍ജന്റീനയുടെ രണ്ടാം ജയമാണിത്.