മെല്‍ബണ്‍: ഫുട്‌ബോളിലെ നിത്യവൈരികളായ ബ്രസീലും അര്‍ജന്റീനയും വീണ്ടും നേര്‍ക്കുനേര്‍. സൂപ്പര്‍ ക്ലാസിക്കോയിലാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ പോരടിക്കാനിറങ്ങുന്നത്. മെല്‍ബണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 3.35-നാണ് കിക്കോഫ്.
തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ പരീക്ഷണടീമുമായിട്ടാണ് സൂപ്പര്‍ ക്ലാസിക്കോ കിരീടം നിലനിര്‍ത്താന്‍ ബ്രസീല്‍ വരുന്നത്. എന്നാല്‍, പുതിയ പരിശീലകന്‍ യോര്‍ഗെ സാംപോളിയുടെ കീഴില്‍ വിജയത്തിന്റെ ഹരിശ്രീ കുറിക്കലാണ് അര്‍ജന്റീനയുടെ ലക്ഷ്യം. നെയ്മറടക്കമുള്ള പ്രമുഖര്‍ ബ്രസീല്‍ ടീമിലില്ല. അര്‍ജന്റീന മെസ്സി അടക്കമുള്ള സൂപ്പര്‍താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രസീലിന്റെ പരീക്ഷണം
നെയ്മറിനു പുറമേ, ഡാനി ആല്‍വ്‌സ്, മാഴ്‌സലോ, എല്യാസ്, കാസെമിറോ, മാര്‍ക്വിന്യോസ്, മിറാന്‍ ഡറോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവര്‍ക്ക് പരിശീലകന്‍ ടിറ്റെ വിശ്രമമനുവദിച്ചു. ജമേഴ്‌സന്‍, എഡേഴ്‌സന്‍ തുടങ്ങിയ പുതുമുഖങ്ങള്‍ ടീമിലുണ്ട്. 2005-നുശേഷം തിയാഗോ സില്‍വ ടീമിലേക്ക് തിരിച്ചെത്തി.
4-1-4-1 ശൈലിയില്‍ കളിക്കുന്ന ബ്രസീല്‍ ടീമില്‍ ഗബ്രിയേല്‍ ജീസസ് ഏക സ്‌ട്രൈക്കറാകും. മധ്യനിരയില്‍ പൗളീന്യോ-റെനാറ്റോ അഗുസ്‌തോ-വില്യന്‍-ഫിലിപ്പ് കുട്ടീന്യോ എന്നിവര്‍ കളിക്കും. പ്രതിരോധത്തിനും മധ്യനിരയ്ക്കുമിടയില്‍ ഫെര്‍ണാണ്ടീന്യോയായിരിക്കും. പ്രതിരോധത്തില്‍ സില്‍വയ്‌ക്കൊപ്പം ഡേവിഡ് ലൂയിസ്, ഗില്‍, പുതുമുഖം ഫാഗ്നര്‍, ഫിലിപ്പ് ലൂയിസ് എന്നിവരാകും. ഗോള്‍കീപ്പറായി വെവര്‍ട്ടനാകും ഇറങ്ങുന്നത്. ടിറ്റെക്കു കീഴില്‍ കളിച്ച ഒമ്പതു മത്സരത്തിലും ജയിച്ചാണ് ബ്രസീലിന്റെ വരവ്.
മികച്ച തുടക്കത്തിനായി സാംപോളി
വിജയത്തോടെ തുടക്കമിടാനുള്ള തന്ത്രങ്ങളാകും അര്‍ജന്റീന പരിശീലകന്‍ യോര്‍ഗെ സാംപോളി ഒരുക്കുന്നത്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും ടീമിലുണ്ട്. മാനുവല്‍ ലാന്‍സിനി, പാപ്പു ഗോമസ് എന്നിവര്‍ക്ക് അരങ്ങേറാന്‍ അവസരം ലഭിച്ചേക്കും. മൗറോ ഇക്കാര്‍ഡി, ജാക്വിന്‍ കൊറേയ തുടങ്ങിയ മികച്ച യുവതാരങ്ങളെയും സാംപോളി ടീമിലേക്ക് ചേര്‍ത്തിട്ടുണ്ട്.
4-2-3-1 ശൈലിയില്‍ ടീം കളിക്കാനാണ് സാധ്യത. മെര്‍ക്കാഡോ, ഒട്ടാമെന്‍ഡി, മമ്മാന, ടാക്ലിയഫിഗോ എന്നിവരാകും പ്രതിരോധത്തില്‍. ലൂക്കാസ് ബിഗ്ലിയയും എവര്‍ ബനേഗയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കളിക്കും. മെസ്സി-പൗലോ ഡിബാല-എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഇറങ്ങും. ഗോണ്‍സാലോ ഹിഗ്വയ്‌നാകും ഏക സ്‌ട്രൈക്കര്‍. അവസാനം കളിച്ച ആറു മത്സരത്തില്‍ മൂന്നെണ്ണത്തിലാണ് ടീം ജയിച്ചത്. ഇരുടീമുകളും അവസാനം കളിച്ചപ്പോള്‍ 3-0ത്തിന് ബ്രസീല്‍ ജയിച്ചു.
സൂപ്പര്‍ ക്ലാസിക്കോ
ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള വാര്‍ഷിക ഫുട്‌ബോള്‍ മത്സരമാണ് സൂപ്പര്‍ ക്ലാസിക്കോ. 2011-ലാണ് ആരംഭം. 2011, 2012 വര്‍ഷങ്ങളില്‍ ഇരുപാദങ്ങളിലായിട്ടാണ് കളിനടന്നത്. 2014 മുതല്‍ ഒറ്റമത്സരമാണ്. മൂന്നുതവണയും ബ്രസീലാണ് കപ്പ് നേടിയത്.