ലയണല്‍ മെസ്സിയുടെ മഴവില്‍ ഫ്രീ കിക്ക് ഗോളും ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ പിന്‍കാല് കൊണ്ടുള്ള ഗോളും എത്രയോ തവണ നമ്മള്‍ ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ബോട്ടില്‍ നിന്നും മറ്റൊരു ബോട്ടിലേക്ക് പന്തടിച്ച് ഗോളാക്കി മാറ്റാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? അര്‍ജന്റീനയുടെ എയ്ഞ്ചല്‍ ഡി മരിയ ഇത്തരത്തില്‍ ഒരു ഗോള്‍ നേടി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ബോട്ടില്‍ നിന്നും ഇടങ്കാല്‍ കൊണ്ട് മരിയ എടുത്ത ഫ്രീ കിക്ക് ചെന്നു വീണത് തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ടിലെ ഗോള്‍വലയിലേക്കാണ്.
ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി സംഘടിപ്പിച്ച പ്രൊമോഷണല്‍ പരിപാടിയ്ക്കിടയിലാണ് മരിയ രസകരമായ ഗോള്‍ നേടിയത്. മുപ്പത് മീറ്റര്‍ അകലമുണ്ടായിരുന്നു രണ്ട് ബോട്ടുകളും തമ്മില്‍. മാത്രമല്ല, രണ്ട് ബോട്ടിന്റെയും ഉയരവും വ്യത്യസ്തമായിരുന്നു. ഈ വെല്ലുവിളികളെല്ലാം മറികടന്നാണ് മരിയ ഗോള്‍ അടിച്ചത്. താന്‍ ഗോളടിക്കുന്നതിന്റെ വീഡിയോ മരിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു.