പാരിസ്: ഫുട്‌ബോളിലെ അപൂര്‍വ ഗോളുകളിലൊരെണ്ണം സ്വന്തം പേരില്‍ കുറിച്ച് പി.എസ്.ജിയുടെ അര്‍ജന്റീന താരം എയ്ഞ്ചല്‍ ഡി മരിയ. ഫ്രഞ്ച് ലീഗില്‍ നിമെസിനെതിരായ മത്സരത്തില്‍ കോര്‍ണര്‍ കിക്ക് നേരിട്ട് ഗോളാക്കിയാണ് ഡി മരിയ എല്ലാവരെയും ഞെട്ടിച്ചത്.
ഡി മരിയയുടെ മഴവില്‍ കിക്കിനു മുന്നില്‍ നിമെസ് പ്രതിരോധ താരങ്ങളും ഗോളിയും കാഴ്ചക്കാരാകുകയായിരുന്നു. ഈ സീസണില്‍ ഡി മരിയയുടെ ആദ്യ ഗോളാണിത്. ഡി മരിയയെ കൂടാതെ നെയ്മറും എംബാപ്പെയും കവാനിയും ഗോള്‍ നേടിയ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം.
മത്സരത്തിന്റെ 40-ാം മിനിറ്റിലായിരുന്നു ഡി മരിയയുടെ വണ്ടര്‍ ഗോള്‍. പി.എസ്.ജിക്ക് ലഭിച്ച കോര്‍ണര്‍ എടുത്തത് ഡി മരിയ. നിമെസ് ബോക്സില്‍ കവാനിയും നെയ്മറും എംബാപ്പെയുമെല്ലാം ക്രോസിനായി കാത്തിരിക്കുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ഗോളിയെയും മറികടന്ന് ഡിമരിയ എടുത്ത കോര്‍ണര്‍ നേരെ നിമെസ് വലയിലേക്ക്.
Content Highlights: angel di maria scores direct from corner