മുന്‍ ക്ലബ്ബിനെതിരേ താരമായി ഡി മരിയ; പാരീസില്‍ റയല്‍ തകര്‍ന്നടിഞ്ഞു


1 min read
Read later
Print
Share

നെയ്മര്‍, എംബാപ്പെ, എഡിന്‍സണ്‍ കവാനി എന്നിവരില്ലാതെ ഇറങ്ങിയ പി.എസ്.ജി നിരയെ ഒന്ന് വിറപ്പിക്കാന്‍ പോലും റയലിന് സാധിച്ചില്ല

പാരീസ്: ചാമ്പ്യന്‍സ് ലീഗിലെ മേധാവിത്തം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് നഷ്ടമാകുന്നു. ഗ്രൂപ്പ് എയില്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജിക്കെതിരേ നടന്ന മത്സരത്തില്‍ റയല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് തോറ്റത്.

നെയ്മര്‍, എംബാപ്പെ, എഡിന്‍സണ്‍ കവാനി എന്നിവരില്ലാതെ ഇറങ്ങിയ പി.എസ്.ജി നിരയെ ഒന്ന് വിറപ്പിക്കാന്‍ പോലും റയലിന് സാധിച്ചില്ല. റയലിന്റെ മുന്‍ താരമായ ഏയ്ഞ്ചല്‍ ഡി മരിയയുടെ ഇരട്ട ഗോളുകളാണ് റയലിന്റെ വിധിയെഴുതിയത്.

14-ാം മിനിറ്റില്‍ തന്നെ ഡി മരിയ പി.എസ്.ജിയെ മുന്നിലെത്തിച്ചു. ബെര്‍ണാട്ടിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. 33-ാം മിനിറ്റില്‍ ഡി മരിയ തന്നെ പി.എസ്.ജിയുടെ ലീഡുയര്‍ത്തി. സെനഗല്‍ താരം ഇദ്രിസ്സ ഗയെ നല്‍കിയ പാസ് സ്വീകരിച്ച മരിയ പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിലും റയലിന് പി.എസ്.ജിയുടെ മൈതാനത്ത് കാര്യമായൊന്നും ചെയ്യാനായില്ല. ഇന്‍ജുറി ടൈമില്‍ തോമസ് മുനിയര്‍ പി.എസ്.ജിയുടെ ഗോള്‍ പട്ടിക തികച്ചു. ഇത്തവണയും ബെര്‍ണാട്ടിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.

2013-ല്‍ ഹോസെ മൗറീന്യോയുടെ കീഴില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ തോറ്റ ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ഇതാദ്യമായാണ് റയല്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ തോല്‍വിയറിയുന്നത്.

Content Highlights: Angel Di Maria double helps PSG ease to win against Real Madrid

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram