മഡ്രിഡ്: സ്‌പെയിനിന്റെ ഇതിഹാസ ഫുട്‌ബോള്‍ താരം ആന്ദ്രെ ഇനിയേസ്റ്റ ബാഴ്‌സലോണ ക്ലബ് വിടുന്നു. ഈ സീസണോടെ ബാഴ്‌സയിലെ കരിയര്‍ അവസാനിപ്പിക്കുമെന്ന് അവരുടെ ജീവനാഡിയും മിഡ്ഫീല്‍ഡ് ജനറലുമായ ഇനിയേസ്റ്റ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ബാഴ്‌സയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ഈ അല്‍ബാസെറ്റെക്കാരന്റെ ജീവിതം. ബാഴ്‌സയുടെ യൂത്ത് അക്കാദമി ലാമാസിയയിലൂടെയായിരുന്നു വളര്‍ച്ച. മറ്റൊരു ക്ലബ്ബിനുവേണ്ടിയും കളിച്ചില്ല.
ഞായാറാഴ്ച ഡിപ്പാര്‍ട്ടീവോ ലാ കൊരൂണയ്ക്കെതിരേ സമനില സ്വന്തമാക്കാനായാല്‍ 33-കാരന്‍ ഒമ്പതാം ലീഗ് കിരീടം ചൂടും. ലാലിഗയ്ക്ക് പുറമെ നാലു യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.
ബാഴ്സയ്ക്കെതിരേ കളിക്കില്ല
എന്റെ സഹതാരങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുന്നു. അവരാണ് എന്നെ കൂടുതല്‍ മികച്ചതാക്കിയത്. എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടത് ബാഴ്സയിലാണ്. ടീമിനൊപ്പം ഒരുപാട് കിരീടങ്ങള്‍ നേടാനായി. ഒരുപാട് മനോഹരമായ നിമിഷങ്ങളും എനിക്ക് കിട്ടി. ബാഴ്‌സയില്‍ കളിക്കാനായതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. ഒരു കാര്യം പറയട്ടെ, ഒരിക്കലും ഞാന്‍ ബാഴ്സലോണയ്ക്കെതിരേ കളിക്കില്ല. അതായത് ഞാന്‍ യൂറോപ്പില്‍ ഇനി കളിക്കില്ല. എവിടേക്കാണെന്നുള്ള കാര്യം സീസണ്‍ അവസാനം മാത്രം പറയാം- വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഇനിയേസ്റ്റ പറഞ്ഞു.
ബാലണ്‍ ദ്യോറില്ലാതെ മടക്കം
ആന്ദ്രെസീന്യോ എന്നായിരുന്നു അയാളുടെ പേരെങ്കില്‍ രണ്ടുതവണയെങ്കിലും അദ്ദേഹം ബാലണ്‍ ദ്യോര്‍ അവാര്‍ഡ് നേടുമായിരുന്നു - വ്യാഴാഴ്ച റയല്‍ മഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ് പറഞ്ഞു. ലോകഫുട്ബോളില്‍ ലോകകപ്പും യൂറോകപ്പും ലീഗും ചാമ്പ്യന്‍സ് ലീഗുമെല്ലാം നേടിയ ഇനിയേസ്റ്റയ്ക്ക് ഇതുവരെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം കിട്ടിയിട്ടില്ല. 2010-ല്‍ ലയണല്‍ മെസ്സിക്ക് പിന്നില്‍ രണ്ടാമതായിരുന്നു ഇനിയേസ്റ്റ. അര്‍ഹതയുണ്ടായിട്ടും ലോക ഫുട്ബോളര്‍ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കിയില്ലെന്ന വിമര്‍ശനം അന്നുയര്‍ന്നിരുന്നു.
31 കിരീടങ്ങള്‍
ബാഴ്സലോണയുടെ ചരിത്രത്തില്‍ ഏറ്റവും കിരീടം ചൂടിയ താരമാണ് ഇനിയേസ്റ്റ. 31 കിരീടങ്ങളാണ് ബാഴ്സജേഴ്സിയില്‍ സ്വന്തമാക്കിയത്.
ലാലിഗ- 8
കിങ്സ് കപ്പ്- 6
സ്പാനിഷ് സൂപ്പര്‍ കപ്പ്- 7
ചാമ്പ്യന്‍സ് ലീഗ്- 4
യുവേഫ സൂപ്പര്‍ കപ്പ് - 3
ക്ലബ്ബ് ലോകകപ്പ് -3
16 സീസണ്‍ 669 മത്സരം 456 ജയം 128 സമനില 85 തോല്‍വി
We will never forget you, @andresiniesta8
#Infinit8Iniestapic.twitter.com/ZxmbQ1OfeV
— FC Barcelona (@FCBarcelona) April 27, 2018
Content Highlights: Andres Iniesta to leave Barcelona at end of season