മുംബൈ: ക്രിക്കറ്റിന് ലഭിക്കുന്ന പകുതി പിന്തുണ പോലും രാജ്യത്തിനായി കളിക്കുന്ന ഫുട്‌ബോള്‍ ടീമിന് ലഭിക്കാത്തതിന്റെ വിഷമം പറയാതെ പറയുകയാണ് ഇന്റര്‍കോണ്ടനന്റെല്‍ കപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം കാണാന്‍ ആളുകളെ ക്ഷണിച്ച് കൊണ്ട് സുനില്‍ഛേത്രി. ടൂര്‍ണ്ണമെന്റിലെ ആദ്യമത്സരത്തില്‍ ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി ചൈനീസ് തായപേയിക്കെതിയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയ ശേഷമായിരുന്നു ട്വിറ്ററിലൂടെയുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ അഭ്യര്‍ത്ഥന.
എന്നാലിപ്പോള്‍ ഛേത്രിക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും ഒപ്പമുണ്ട്. തിങ്കളാഴ്ച കെനിയക്കെതിരെ നടക്കുന്ന മത്സരം നടക്കുന്ന മുംബൈ ഫുട്‌ബോള്‍ സ്‌റ്റേഡിയം നിറക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇരുവരും തങ്ങളുടെ ആരാധകരോട്.
വീഡിയോ ട്വീറ്റിലൂടെയാണ് ഇരുവരും ആരാധകരോട് കളി കാണാന്‍ എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നമ്മുടെ ടീം എവിടെ എപ്പോള്‍ കളിച്ചാലും സ്‌റ്റേഡിയം നിറച്ച് അവര്‍ക്ക് പിന്തുണ നല്‍കുക വീഡിയോയക്കൊപ്പം സച്ചിന്‍ വിവരിച്ചു. ഓരോരുത്തരും രാജ്യത്തിന്റെ ഫുട്‌ബോള്‍ ടീമിനെയും കായിക താരങ്ങളേയും പിന്തുണയ്‌ക്കേണ്ടതിന്റെ പ്രധാന്യം വിവരിച്ച് കൊണ്ടാണ് സച്ചിന്റെ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ. ഛേത്രിയുടെ അഭ്യര്‍ത്ഥന വന്നതിന് പിന്നാലെ ആദ്യം പിന്തുണയുമായി എത്തിയത് കോലിയാണ്. ട്വിറ്റര്‍ വീഡിയിയോലൂടെ തന്നെയാണ് കോലിയും ആരാധകരോട് അഭ്യാര്‍ത്ഥന നടത്തിയത്.
നിങ്ങള്‍ എല്ലാവരും യൂറോപ്യന്‍ ക്ലബ്ബുകളുടെ ആരാധകരാണെന്നറിയാം, ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം അതിനുടുത്തെത്തില്ല. എന്നാല്‍ ഒരിക്കല്‍ നാം അതിനടുത്തെത്തും. മാറ്റത്തിന്റെ പാതയിലൂടെ പോകുന്ന ഇന്ത്യന്‍ ഫുട്‌ബോളിന് നിങ്ങളുടെ പിന്തുണ അത്യാവശ്യമാണ്- ഇതായിരുന്നു ട്വിറ്റര്‍ വീഡിയോയിലൂടെ തന്നെയുള്ള ഛേത്രിയുടെ അഭ്യര്‍ത്ഥന.
ആദ്യ മത്സരത്തില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ 5-0 നാണ് ഇന്ത്യ ചൈനീസ് തായ്‌പേയിയെ തകര്‍ത്തുവിട്ടത്.