കാബൂള്‍: അഫ്ഗാനിലെ വനിതകള്‍ക്ക് ഇനി ഭയപ്പെടാതെ പന്തുമായി ഗ്രൗണ്ടിലിറങ്ങാം. കളിക്കാരികളുടെ തലയും കാലുമെല്ലാം മറയ്ക്കുന്ന പുതിയ ജെഴ്‌സി ഒരുങ്ങിക്കഴിഞ്ഞു. പതിവ് ടി ഷര്‍ട്ടിനും ട്രൗസറിനും പുറമെ ഹിജാബും ലെഗ്ഗിന്‍സും അടങ്ങുന്നതാണ് ചുവപ്പ് നിറത്തിലുള്ള പുതിയ ജെഴ്‌സി. സ്‌പോര്‍ട്‌സ് വസത്രങ്ങളുടെ നിര്‍മാതാക്കളായ ഡെന്‍മാര്‍ക്കിലെ ഹമ്മല്‍സ് എന്ന കമ്പനിയാണ് ജെഴ്‌സി നിര്‍മിച്ചിരിക്കുക്കത്. അഫ്ഗാന്‍ വനിതകളുടെ ഫുട്‌ബോള്‍ കളിക്കാന്‍ സഹായിക്കുക എന്ന വലിയൊരു ദൗത്യമാണ് ഞങ്ങള്‍ നിര്‍വഹിക്കുന്നത്-ഹമ്മല്‍സിന്റെ ഉടമ ക്രിസ്റ്റിയന്‍ സ്റ്റാഡില്‍ പറഞ്ഞു. ഡെന്‍മാര്‍ക്ക്, ലിത്വാനിയ ടീമുകളുടെ ജെഴ്‌സി തയ്യാറാക്കിയതും ഹമ്മല്‍സ് തന്നെയാണ്.
ഇനി മറ്റ് മുന്‍നിര ടീമുകളുടെ പാതയില്‍ തങ്ങള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അര നൂറ്റാണ്ടുകാലമായി അന്താരാഷ്ട്ര രംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്ന അഫ്ഗാനിസ്താന്‍ വനിതാ ഫുട്‌ബോള്‍ ടീം.
താലിബാന്റെ തോക്കില്‍ മുനയിലാണ് അഫ്ഗാനിസ്താനിലെ സ്ത്രീകള്‍ ഫുട്‌ബോള്‍ കളിച്ചു വളരുന്നത്. സ്ത്രീകള്‍ ഫുട്‌ബോള്‍ കളിക്കുന്നതിന് രാജ്യത്തിന് പ്രത്യേകിച്ച് നിരോധനമൊന്നുമില്ല. തലയില്‍ സ്‌കാര്‍ഫ് കെട്ടിയാണ് സാധാരണ സ്ത്രീകള്‍ കളിക്കാറുള്ളത്. എന്നാല്‍, കാറ്റുള്ളപ്പോഴും ഓടുമ്പോഴുമെല്ലാം സ്‌കാര്‍ഫ് പറന്ന് പോവുന്നത് കളിക്കാരികള്‍ക്ക് വലിയൊരു പ്രശ്‌നമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ നിലയിലുള്ള ഒരു ജെഴ്‌സിയെക്കുറിച്ചുള്ള ആലോചന ആരംഭിച്ചത്.