അബുദാബി: ഈ രാത്രി ഇന്ത്യയുടേതായിരുന്നില്ല. അബുദാബിയിലെ സയ്ദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയുടെ ദിവസം. സുനില്‍ ഛേത്രിയും ആഷിഖ് കുരുണിയനും ജെജെയും മെനഞ്ഞെടുത്ത അവസരങ്ങളൊന്നും ഗോളില്‍ കലാശിച്ചില്ല. നിര്‍ഭാഗ്യം 93 മിനിറ്റും പിന്തുടര്‍ന്നതോടെ എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ യു.എ.ഇക്കെതിരെ ഇന്ത്യക്ക് പരാജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോറ്റത്.
11-ാം മിനിറ്റില്‍ ആഷിഖ് അടിച്ച ഷോട്ട് ബിലാല്‍ മനോഹരമായി സേവ് ചെയ്തു. 22-ാം മിനിറ്റില്‍ ഛേത്രിയുടെ അളന്നുമുറിച്ച ഹെഡ്ഡറും ഗോളിയുടെ മുന്നില്‍ അവസാനിച്ചു.
എന്നാല്‍ ഇതിനിടയില്‍ 42-ാം മിനിറ്റില്‍ യു.എ.ഇയുടെ ഗോള്‍ വന്നു. മബ്ക്കൗത്ത് ഫ്‌ളിക്ക് ചെയ്തുകൊടുത്ത പന്ത് ഖല്‍ഫാന്‍ മുബാറക്ക് ഇന്ത്യയുടെ മൂന്ന് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോളി ഗുര്‍പ്രീതിനേയും മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. ഇന്ത്യയുടെ പ്രതിരോധത്തില്‍ ജിങ്കനും അനസും തമ്മിലുള്ള ആശയക്കുഴപ്പമാണ് ഗോളിലേക്ക് വഴിവെച്ചത്.
രണ്ട് മിനിറ്റിനുള്ളില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള അവസരം ഛേത്രിക്ക് ലഭിച്ചതാണ്. വീണ്ടും നിര്‍ഭാഗ്യം പിടികൂടി. പോസ്റ്റിനെ തൊട്ടുരുമ്മി പന്ത് പുറത്തേക്ക് നിരങ്ങിപ്പോയി.
രണ്ടാം പകുതിയിലും ഇന്ത്യയുടെ അവസ്ഥ ഇതുതന്നെയായിരുന്നു. പന്ത് കൈവശം വെച്ചത് യു.എ.ഇ ആയിരുന്നെങ്കിലും അവസരം കിട്ടിയപ്പോഴെല്ലാം ഇന്ത്യ ആക്രമിച്ചുകളിച്ചു. അവസാന മിനിറ്റുവരെ സമനില ഗോളിനായി ശ്രമിച്ചു. എന്നാല്‍ അതിനിടയില്‍ 88-ാം മിനിറ്റില്‍ മബ്ക്കൗതിലൂടെ യു.എ.ഇ രണ്ടാം ഗോളും നേടി. ഇതോടെ ഇന്ത്യയുടെ വിജയം അകലെയായി. കളിയുടെ അവസാന മിനിറ്റില്‍ ജിങ്കന്റെ ഒരു ശ്രമം ബാറില്‍ തട്ടി മടങ്ങുന്നതിനും ആരാധകര്‍ സാക്ഷിയായി.
വിജയത്തോടെ നാല് പോയിന്റുമായി യു.എ.ഇ ഗ്രൂപ്പില്‍ ഒന്നാമതെത്തി. മൂന്ന് പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു.
Content Highlights: AFC Asian Cup India vs UAE Live Blog