ഷാര്‍ജ: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ നോക്കൗട്ട് മോഹങ്ങളുമായി ഇന്ത്യ ബഹ്റൈനെതിരേ കളിക്കാനിറങ്ങുന്നു. ഷാര്‍ജ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച രാത്രി ഏഴുമണിക്കാണ് നിര്‍ണായക പോരാട്ടം. തോല്‍ക്കാതിരുന്നാല്‍ ഇന്ത്യന്‍ സംഘം പ്രീക്വാര്‍ട്ടറില്‍ കടക്കും. 1964-നുശേഷം ഇന്ത്യ ഒന്നാം റൗണ്ട് കടന്നിട്ടില്ല. ഇത്തവണ ചരിത്രനേട്ടത്തിലേക്കാണ് ഛേത്രിയും സംഘവും ബൂട്ടുകെട്ടുന്നത്.
സാധ്യത
ഗ്രൂപ്പ് എയില്‍ മൂന്നു പോയന്റുള്ള ഇന്ത്യയ്ക്ക് ബഹ്റൈനെതിരായ മത്സരം നിര്‍ണായകമാണ്. ജയിച്ചാല്‍ ഒന്നും നോക്കാതെ പ്രീക്വാര്‍ട്ടറിലെത്തും. സമനിലയായാല്‍ രണ്ടാം സ്ഥാനക്കാരായോ അല്ലെങ്കില്‍ മികച്ച മൂന്നാം സ്ഥാനക്കാരായോ ഇടംപിടിക്കാം. തോറ്റാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. പിന്നെ തായ്ലാന്‍ഡ് യു.എ.ഇ.യോട് തോല്‍ക്കുകയും മറ്റ് ഗ്രൂപ്പിലെ ഫലങ്ങളെ ആശ്രയിക്കേണ്ടിയും വരും. ഗ്രൂപ്പില്‍ യു.എ.ഇ.യ്ക്ക് നാലു പോയന്റും ഇന്ത്യയ്ക്കും തായ്ലാന്‍ഡിനും മൂന്നുവീതവും ബഹ്റൈന് ഒരു പോയന്റുമാണുള്ളത്.
ടീം ഘടന
ആദ്യ രണ്ടു കളിയില്‍ കളിച്ച ഇന്ത്യന്‍ ഇലവനില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. 4-4-2 ഫോര്‍മേഷനില്‍ സുനില്‍ ഛേത്രിയും ആഷിഖ് കുരുണിയനും മുന്നേറ്റത്തില്‍ വരും. മധ്യനിരയില്‍ ഉദാന്ത സിങ്, ഹോളിച്ചരണ്‍ നര്‍സാറി, പ്രണോയ് ഹാല്‍ദാര്‍, അനിരുദ്ധ് ഥാപ്പ എന്നിവരാകും. പ്രതിരോധത്തില്‍ അനസ് എടത്തൊടിക, സന്ദേശ് ജിംഗാന്‍, സുഭാഷിഷ് ബോസ്, പ്രീതം കോട്ടാല്‍ എന്നിവരുണ്ടാകും. ഗോള്‍ കീപ്പറായി ഗുര്‍പ്രീത് സാന്ധുവാകും.
സ്റ്റാര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സാദ് അല്‍ റൊമൈഹിയെ മുന്‍നിര്‍ത്തി 4-2-3-1 ശൈലിയിലാകും ബഹ്റൈന്‍ കളിക്കുന്നത്. മധ്യനിരയില്‍ അലി ജാഫര്‍ മദാന്റെ ഫോം നിര്‍ണായകമാകും.
തന്ത്രങ്ങള്‍
തായ്ലാന്‍ഡിനെതിരേ ആദ്യപകുതിയില്‍ പ്രതിരോധിച്ചും രണ്ടാം പകുതിയില്‍ ആക്രമിച്ചുമാണ് ഇന്ത്യ കളിച്ചത്. ഇത് വിജയമായി. യു.എ.ഇ.യ്‌ക്കെതിരേ ആദ്യംമുതല്‍ ആക്രമിക്കാന്‍ പോയത് ഗുണംചെയ്തില്ല. ബഹ്റൈനെതിരേ തോല്‍വി വഴങ്ങാതിരിക്കാനുള്ള തന്ത്രമാകും സ്വീകരിക്കുന്നത്.
ബഹ്റൈന് ജയിച്ചാല്‍ മാത്രമേ സാധ്യതയുള്ളൂ. അതിനാല്‍ ആക്രമണഫുട്ബോളാകും ടീം പുറത്തെടുക്കുന്നത്. എന്നാല്‍, പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍സംഘം കേമന്‍മാരാണെന്നത് ടീമിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Content Highlights: AFC Asian Cup Football India vs Bahrain