ആംസ്റ്റര്‍ഡാം: വ്യാഴാഴ്ച പുലര്‍ച്ചെ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസും ഡച്ച് ടീം അയാക്‌സും തമ്മില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനു മുന്‍പ് അറസ്റ്റിലായത് നൂറ്റിനാല്‍പ്പതോളം ആരാധകര്‍.
മാരാകായുധങ്ങള്‍ കൈയില്‍വെച്ചതിനാണ് ഇത്രയധികം ആളുകളെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിലേറെയും യുവെന്റസ് ആരാധകരാണ്. രണ്ടു ഗ്രൂപ്പുകളെ വ്യത്യസ്ത ഇടങ്ങളില്‍വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് കത്തികള്‍, പടക്കങ്ങള്‍, പെപ്പര്‍ സ്‌പ്രേ, ചുറ്റിക, ബാറ്റണ്‍ എന്നിവയെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. 46 പേര്‍ അടങ്ങുന്ന ഒരു സംഘത്തെ മെട്രോ സ്‌റ്റേഷനില്‍ നിന്നും 61 പേരടങ്ങുന്ന സംഘത്തെ യൊവാന്‍ ക്രൈഫ് അരീനയില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം സ്റ്റേഡിയം പരിസരത്ത് പടക്കം പൊട്ടിച്ച മുപ്പതോളം അയാക്‌സ് ആരാധകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മത്സരത്തില്‍ യുവെന്റസിനെ അയാക്‌സ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. അയാക്സിന്റെ സ്വന്തം മൈതാനമായ ആംസ്റ്റര്‍ഡാം അരീനയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 45-ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ യുവെന്റസാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 46-ാം മിനിറ്റില്‍ ബ്രസീല്‍ താരം ഡേവിഡ് നെരെസിലൂടെ അയാക്‌സ് സമനില ഗോള്‍ നേടി.
Content Highlights: 140 fans arrested ahead of champions league clash between ajax and juventus