അഭിമാനകരമായ നേട്ടങ്ങളുണ്ടായിട്ടും വോളി താരങ്ങള്‍ അവഗണിക്കപ്പെടുന്നത് എന്തു കൊണ്ട്‌?


സെബാസ്റ്റ്യന്‍ ജോര്‍ജ്

4 min read
Read later
Print
Share

തലമുറകളെ ആവേശം കൊള്ളിച്ച കളിക്കാരുടെ ജനപ്രീതിയുമൊക്കെ കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളി വോളിബോള്‍ ആണെന്ന കാര്യത്തില്‍ സംശയം ഇല്ല.

ല്ലാ കായിക ഇനങ്ങള്‍ക്കും അതിന്റേതായ പ്രത്യേകതയുണ്ടാകും. മറ്റുള്ളവരുടെ നേട്ടങ്ങളെ വിലകുറച്ചു കാണേണ്ട കാര്യം ഇല്ല. എന്നാല്‍ നേട്ടങ്ങളുടെ പട്ടികയും ടൂര്‍ണമെന്റുകളുടെ എണ്ണവും കാണികളുടെ പങ്കാളിത്തവും തലമുറകളെ ആവേശം കൊള്ളിച്ച കളിക്കാരുടെ ജനപ്രീതിയുമൊക്കെ കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളി വോളിബോളാണെന്ന കാര്യത്തില്‍ സംശയമില്ല. 1930 കളുടെ തുടക്കത്തിലാണ് വോളിബോള്‍ എന്ന കളി ഇവിടെ ആവിര്‍ഭവിക്കുന്നത്.

ഇന്ത്യന്‍ വോളിബോള്‍ ടീം ആദ്യമായി പങ്കെടുത്ത അന്തര്‍ദേശീയ മത്സരം 1952 ല്‍ മോസ്‌ക്കോയിൽ നടന്ന ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പായിരുന്നു. തിരുവിതാംകൂറിന്റെ പ്രതിനിധികളായി മാടസ്വാമിയും സുലൈമാനും അന്ന് ടീമിലുണ്ടായിരുന്നു.

വോളിബോളില്‍ ഇതുവരെ 25 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. അതില്‍ എട്ടു പേര്‍ മലയാളികളാണ്. കെ.സി. ഏലമ്മ (1975), ജിമ്മി ജോര്‍ജ് (1976), കുട്ടികൃഷ്ണന്‍ (1978-79) സാലി ജോസഫ് (1984), സിറില്‍ സി.വള്ളൂര്‍ (1986), ഉദയകുമാര്‍ (1991), കപില്‍ ദേവ് (2009), ടോം ജോസഫ് (2013). വോളിബോളിലെ മിന്നും താരമായ ഏലമ്മയായിരുന്നു അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിതാ വോളിബോള്‍ താരം. അര്‍ജുന അവാര്‍ഡ് ലഭിക്കാതെ പോയവരുടെ പട്ടിക തയ്യാറാക്കിയാല്‍ പ്രഗത്ഭരായ ചില മലയാളി താരങ്ങളും അക്കൂട്ടത്തിലുണ്ടാകും.

ടിപിപി നായര്‍ക്ക്‌ ധ്യാന്‍ചന്ദ് അവാര്‍ഡും ലഭിച്ചിരുന്നു. സിറില്‍ സി വെള്ളൂര്‍ (1991), ഉദയകുമാര്‍ (1992), ജോബി ജോസഫ് (2005), ടോം ജോസഫ് (2009) എന്നിവര്‍ സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോര്‍ഡ് അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.

ഏഴ് മലയാളി വോളിബോള്‍ താരങ്ങള്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളാണ്. ഇന്ത്യ മൂന്ന് തവണ ഏഷ്യന്‍ ഗെയിംസ് മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ മലയാളി താരങ്ങളുടെ പങ്ക് വളരെ വലുതായിരുന്നു. 1958 ടോക്ക്യോ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം കരസ്ഥമാക്കുമ്പോള്‍ ഭരതന്‍ നായരും വടകര അബ്ദുള്‍ റഹ്മാനും ടി.പി.പി. നായരും ടീമിലുണ്ടായിരുന്നു. ചങ്ങനാശ്ശേരിക്കാരന്‍ ഭരതന്‍ നായര്‍ മിന്നി തിളങ്ങിയ ഏഷ്യന്‍ ഗെയിംസായിരുന്നു അത്‌.

1962 ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ ടീമിന്റെ നായകന്‍ കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ ടി.പി.പി. നായരായിരുന്നു. വോളിബോളില്‍ ഇന്ത്യയെ നയിച്ച ആദ്യത്തെ മലയാളിയും ടി.പി.പി. നായരായിരുന്നു. രണ്ട് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വോളിബോള്‍ താരവും ടിപിപി നായരാണ്. ജക്കാര്‍ത്തയില്‍ തമിഴ് നാട്ടുകാരനായ പളനി സ്വാമിക്കൊപ്പം കിടിലന്‍ സ്മാഷുകള്‍ ഉതിര്‍ത്ത് കാണികളുടെ മനം കവര്‍ന്നത് പപ്പന്‍ എന്ന പേരില്‍ വിഖ്യാതനായ വരാപ്പുഴക്കാരന്‍ ടി.ഡി. ജോസഫ്. അന്താരാഷ്ട്ര വോളിബോളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടവും ജക്കാര്‍ത്തയില്‍ കരസ്ഥമാക്കിയ വെള്ളി മെഡലായിരുന്നു.

ഇന്ത്യന്‍ വോളിബോള്‍ ടീം അവസാനമായി ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കരസ്ഥമാക്കുന്നത് 1986 സിയോളില്‍. വെങ്കലം കരസ്ഥമാക്കിയ ടീമിനെ നയിച്ചത് സിറില്‍ സി. വെള്ളൂര്‍. ജിമ്മി ജോര്‍ജും, ഉദയകുമാറും, സിറിളും ഒക്കെ തകര്‍ത്താടിയ മത്സരം 30 വര്‍ഷം കഴിഞ്ഞിട്ടും ആയിരങ്ങള്‍ യൂ ട്യൂബില്‍ കണ്ട് ആവേശം കൊള്ളുന്നു. ടീമിന്റെ പരിശീലകര്‍ ആയിരുന്നത് വടകരക്കാരായ അച്യുതക്കുറുപ്പും, സേതുമാധവനും.

23 മലയാളികളാണ് ഇതുവരെ വോളിബോളില്‍ ഇന്ത്യയെ നയിച്ചത്. കേരളത്തിലെ മറ്റൊരു കായിക ഇനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടം. മൂന്ന് പേര്‍ ജൂനിയര്‍ ലോകകപ്പില്‍ ഇന്ത്യയുടെ നായകരായിരുന്നു. 1958 മുതല്‍ 2014 വരെ നടന്ന ഏഷ്യന്‍ ഗെയിംസില്‍ കേരളത്തില്‍ നിന്നുമുള്ള 43 പേരാണ് ഇന്ത്യന്‍ വോളിബോള്‍ ടീമിനെ പ്രതിനിധീകരിച്ചത്. 1982 ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ 10 മലയാളികള്‍ ഉണ്ടായിരുന്നു. ആറ് പുരുഷന്മാരും നാല് വനിതകളും.

1982 ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ 10 മലയാളികള്‍ ഇന്ത്യന്‍ വോളിബോള്‍ ടീമില്‍ സ്ഥാനംപിടിച്ചു. ആറ് പുരുഷന്മാരും നാലു വനിതകളും. 2010 ലെ ഗാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ 10 മലയാളി വനിതകളാണ് ഇന്ത്യന്‍ വോളിബോള്‍ ടീമില്‍ ഉണ്ടായിരുന്നത്. വിവിധ മത്സരങ്ങളിലായി ഇതുവരെ 75 ഓളം മലയാളി വോളിബോള്‍ താരങ്ങള്‍ ഇന്ത്യയുടെ ജേഴ്‌സി അണിഞ്ഞിട്ടുണ്ടാകും.

ഇനി ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 66 വര്‍ഷത്തെ ചരിത്രം

കേരള പുരുഷ ടീം ഇതുവരെ 17 തവണ ഫൈനല്‍ കളിച്ചു. 6 വിജയം. ആദ്യമായി ഫൈനല്‍ കളിച്ചത് 1954-55 തിരുവനന്തപുരം നാഷണലില്‍. (TC) ടീമിനെ നയിച്ചത് ജി കരുണാകരകുറുപ്പ്. ആദ്യ വിജയം 1997-98 വിശാഖപട്ടണം നാഷണലില്‍, നായകന്‍ ബി. അനില്‍. കേരള വനിതകള്‍ ഇതുവരെ 35 തവണ ഫൈനല്‍ കളിച്ചു. 10 വിജയങ്ങള്‍. ആദ്യ വിജയം 1971-72 ജാംഷെഡ്പൂര്‍ നാഷണലില്‍. നായിക കെസി ഏലമ്മ. 8 തവണ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കേരളം ഏറ്റെടുത്തു നടത്തി.

1952ല്‍ മദിരാശിയില്‍ നടന്ന ആദ്യത്തെ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം കരസ്ഥമാക്കിയ മൈസൂര്‍ ടീമിന്റെ ക്യാപ്റ്റന്‍ മലയാളിയായ മല്ലപ്പള്ളി വര്‍ക്കി ആയിരുന്നു. സര്‍വീസസ് ടീം ആദ്യമായി ദേശീയ കിരീടം ചൂടിയത് 1956-57 അലഹബാദ് നാഷണലില്‍. അന്ന് ടീമിനെ നയിച്ചത് ഭരതന്‍ നായര്‍. പിന്നീട് പ്രഭാകരനും ചന്ദ്രശേഖരന്‍ നായരും വിജയം കരസ്ഥമാക്കിയ സര്‍വീസസിന്റെ ക്യാപ്റ്റന്മാര്‍ ആയിരുന്നു. ഇന്ത്യന്‍ റെയില്‍വേസ് ടീമിനെ ദേശീയ വിജയത്തിലേക്ക് നയിക്കുവാന്‍ പല മലയാളി താരങ്ങള്‍ക്കും സാധിച്ചു . സര്‍വീസസിന്റെയും റെയില്‍വേയുടെയും നേട്ടങ്ങള്‍ക്കു പിന്നില്‍ മലയാളി താരങ്ങളുടെ പങ്ക് വളരെ വലുതാണ്.

അഖിലേന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പുകളില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളത് കേരളത്തില്‍ നിന്നുള്ള യൂണിവേഴ്‌സിറ്റികള്‍ ആയിരിക്കും. തുടര്‍ച്ചയായി ഏഴു വര്‍ഷം കിരീടം എന്ന ചരിത്രനേട്ടം കേരള യൂണിവേഴ്‌സിറ്റി ടീമിന് അവകാശപ്പെട്ടതായിരിക്കും ( 1973- 1979).

കേരള വോളിബോളിന് അഭിമാനിക്കുവാന്‍ ഇനിയും പല നേട്ടങ്ങള്‍ ഉണ്ട്... അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വോളിബോള്‍ താരം ഒരു മലയാളിയാണ്. ഇന്ത്യയുടെ ആദ്യത്തെ അറിയപ്പെടുന്ന പ്രൊഫഷണല്‍ വോളിബോള്‍ താരവും യൂറോപ്യന്‍ ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വോളിബോള്‍ താരവും ഒരു മലയാളിയാണ്. ഇറ്റലിക്കാര്‍ പുതിയ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചു ആദരിച്ചതും ഒരു മലയാളി വോളിബോള്‍ താരത്തെ. ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ മികച്ച പുരുഷ കായികതാരമായി ആദരിക്കപ്പെട്ടതും ഒരു വോളിബോള്‍ താരം.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ലോക റാങ്കിങ് 99, ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോളിന്റെ ലോക റാങ്കിങ് 62, ഇന്ത്യന്‍ വോളിബോളിന്റെ ലോക റാങ്കിങ് 38. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നാലു തവണ ഒളിമ്പിക്സിൽ കളിച്ചു. ആറ് ഫുട്‌ബോള്‍ ഒളിമ്പ്യന്മാർ കേരളത്തിനുണ്ട്. ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീം ഒരിക്കല്‍ മാത്രമേ ഒളിമ്പിക്സിൽ കളിച്ചിട്ടുള്ളൂ. ഫുട്‌ബോളിലും ബാസ്‌ക്കറ്റ്‌ബോളിലും ഓരോ അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ കേരളത്തിനുണ്ട്. ഇന്ത്യന്‍ വോളിബോള്‍ ടീം ഇതുവരെ ഒളിമ്പിക്സിൽ കളിച്ചിട്ടില്ല എന്നത് വസ്തുതയാണ്.

സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനകരമായ നേട്ടങ്ങള്‍ കൊണ്ടു വന്നിട്ടും നമ്മുടെ വോളിബോള്‍ താരങ്ങള്‍ എന്ത് കൊണ്ട് അവഗണിക്കപ്പെടുന്നു? നേട്ടങ്ങളുടെ മികവ് മനസ്സിലാക്കുവാന്‍ അധികാരികള്‍ക്ക് കഴിയാത്തതോ അതോ അവരെ വേണ്ടവിധം കാര്യങ്ങള്‍ ധരിപ്പിക്കുവാന്‍ സംസ്ഥാന അസോസിയേഷന് കഴിയാത്തതോ? അതോ മാധ്യമങ്ങള്‍ വോളിബോളിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതോ? വോളിബോള്‍ ഫെഡറേഷനിലെയും സംസ്ഥാന വോളിബോള്‍ അസോസിയേഷനിലെയും ചിലരുടെ നിയമ വിരുദ്ധ നടപടികള്‍ കളിക്കാര്‍ അവഗണിക്കപ്പെടുന്നതിന് ഇടയാക്കുന്നുണ്ടോ? എന്താണ് പരിഹാരം?

Content Highlights; Why Volleyball Players Ignored In India

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram