ജിമ്മി ജോർജിന്റെ സഹോദരൻ ജോസ് ജോർജ് നയിച്ച ലോകത്തിലെ അത്യപൂർവമായ വോളിബോൾ മത്സരം നടന്നിട്ട് 2017 മേയ് 26-ന് മുപ്പതാണ്ട് തികയുകയാണ്. കൈപ്പന്തുകളിയിലെ അപൂർവ മാമാങ്കത്തിന് വേദിയായ കണ്ണൂർ ജില്ലയിലെ പേരാവൂരിൽ അപൂർവമത്സരത്തിന്റെ സ്മരണ പുതുക്കലും പഴയകാല വോളിബോൾ താരങ്ങളുടെ കൂടിച്ചേരലും ശനിയാഴ്ച വൈകുന്നേരം നടക്കും.
1987 മേയ് 25-നാണ് കായികലോകം ഉറ്റുനോക്കിയ വോളിബോൾ മത്സരം നടന്നത്. വോളിബോളിന്റെ ചരിത്രത്തിലാദ്യമായി ഒരേ രക്തത്തിൽ പിറന്ന എട്ട് സഹോദരങ്ങൾ അണിനിരന്ന 'ജോർജ് ബ്രദേഴ്‌സും' സംസ്ഥാന താരങ്ങളടങ്ങിയ സെലക്ടഡ് സിക്സസ് ടീമും തമ്മിൽ നടന്ന മത്സരം കാണാൻ വിവിധ പ്രദേശങ്ങളിൽ നിന്നായി ആയിരക്കണക്കിന് വോളിബോൾ പ്രേമികളാണ് അന്ന് പേരാവൂരിലേക്കെത്തിയത്. ജിമ്മിയുടെ മൂത്തസഹോദരനും മുൻ അന്തർദേശീയ താരവുമായിരുന്ന ജോസ് ജോർജ് നയിച്ച ടീമിൽ സഹോദരങ്ങളായ ജിമ്മി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ബൈജു ജോർജ്, ഡോ. മാത്യു ജോർജ്, സ്റ്റാൻലി ജോർജ്, വിൻസ്റ്റൻ ജോർജ്, റോബർട്ട് ബോബി ജോർജ് എന്നിവർ അണിനിരന്നു. ഇന്ത്യൻതാരം മാത്യു ജോസഫ് നയിച്ച സെലക്ടഡ് സിക്സസ് ടീമിൽ സംസ്ഥാന താരങ്ങളായ അബ്ബാസ്, ചന്ദ്രൻ, രാജു, രാജേന്ദ്രൻ, ഭാസി എന്നിവരാണുണ്ടായിരുന്നത്.
ജിമ്മിജോർജ് പഠിച്ചു വളർന്ന പേരാവൂർ സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ മുറ്റത്ത് പ്രത്യേകം ഒരുക്കിയ ഗ്രൗണ്ടിലായിരുന്നു കാണികളെ ആവേശത്തിന്റെ നെറുകയിലെത്തിച്ച മത്സരം നടന്നത്. ജിമ്മിയുടെ പിതാവ് അഡ്വ. ജോർജ് ജോസഫായിരുന്നു ടീം കോച്ച്. മാതാവ് മേരി ജോർജ് ടീം മാനേജരും. വാശിയേറിയ പോരാട്ടത്തിൽ ആദ്യ സെറ്റ് സെലക്ടഡ് സിക്സസ് ടീം (8/15) കരസ്ഥമാക്കി. എന്നാൽ, പിന്നീടുള്ള മൂന്നുസെറ്റുകൾ (15/8, 15/4, 15/7) തുടർച്ചയായി വിജയിച്ച് ജോർജ് ബ്രദേഴ്‌സ് ടീം വോളിബോൾ മത്സരത്തിൽ അന്ന് പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു.
പേരാവൂരിലെ ആദ്യ വോളിബോൾ ടൂർണമെന്റായ കുടക്കച്ചിറ ജോസഫ് കുട്ടി മെമ്മോറിയൽ മത്സരത്തിന്റെ വേളയിലാണ് അപൂർവ മത്സരവും നടന്നത്. മത്സരം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുശേഷം ഇറ്റലിയിലേക്ക് മടങ്ങിപ്പോയ ജിമ്മി അതേവർഷം അവിടെയുണ്ടായ വാഹനാപകടത്തിൽ മരിക്കുകയായിരുന്നു. അപൂർവമത്സരത്തിന്റെ മുപ്പതാം വാർഷികം ജിമ്മി ജോർജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ച ജിമ്മി ജോർജ് അക്കാദമിയിൽ നടക്കും.
സഹോദരങ്ങളായ ജോസ് ജോർജ്, ബൈജു ജോർജ്,സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവരും ജിമ്മിയുടെ മകൻ ജോസഫ് ജോർജ്, സെബാസ്റ്റ്യൻ ജോർജിന്റെ മക്കളായ ജോർജ് സെബാസ്റ്റ്യൻ, ടിമ്മോൺസ് സെബാസ്റ്റ്യൻ, ബൈജു ജോർജിന്റെ മകൻ ടാൻസ് ജോർജ് എന്നിവരും പഴയകാല വോളിബോൾ താരങ്ങളും തമ്മിൽ സൗഹൃദ വോളിബോൾ മത്സരം നടക്കും. ജിമ്മി ജോർജ് അനുസ്മരണ യോഗത്തിൽ റിട്ട. ലഫ്. ജനറൽ വിനോദ് നായനാർ മുഖ്യാതിഥിയാവും