കോഴിക്കോട്: സയ്യിദ് മുഷ്താഖ് അലി ടിട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിങ്സില്‍ വിഷ്ണു വിനോദ് നേടിയത് 218 റണ്‍സ്. ഇതില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍. ഇന്ത്യയിലെ മികച്ച ക്രിക്കറ്റര്‍മാര്‍ അണിനിരന്ന ടൂര്‍ണമെന്റില്‍ റണ്‍വേട്ടയില്‍ മൂന്നാമതെത്തി ദക്ഷിണമേഖലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിഷ്ണു ഒരൊറ്റ ടൂര്‍ണമെന്റിലൂടെ ദേശീയശ്രദ്ധയിലെത്തി.
പരിമിത ഓവര്‍ ക്രിക്കറ്റില്‍ കേരളം ഏറെക്കാലമായി ബിഗ്ഹിറ്റര്‍മാരെ കാത്തിരിക്കുകയാണ്. ഈ പുതുമുഖ ഓപ്പണറുടെ അടികള്‍കണ്ട് സാമൂഹികമാധ്യമങ്ങള്‍ വിഷ്ണുവിനെ 'കേരളത്തിന്റെ സെവാഗ്' എന്ന് വിളിച്ചുതുടങ്ങി.
ഗോവയ്ക്കെതിരേ 13 പന്തില്‍ 35, കര്‍ണാടകയ്ക്കെതിരേ 45 പന്തില്‍ 64, ആന്ധ്രയ്ക്കെതിരേ ഇത്രയും പന്തില്‍ 63 റണ്‍സും. ഹൈദരാബാദിനെതിരേ 37, തമിഴ്നാടിനെതിരേ 19. മുഷ്താഖ് അലി പരമ്പരയിലെ ദക്ഷിണമേഖലാ റൗണ്ടില്‍ കേരളം തളിങ്ങിയില്ലെങ്കിലും അഞ്ചു കളികളിലും വിഷ്ണു കേരളത്തിന് നല്ല തുടക്കം നല്‍കി. 168 റണ്‍സ് പ്രഹരശേഷിയിലാണ് (സ്ട്രൈക്ക് റേറ്റ്) 218 റണ്‍സ് അടിച്ചത്. അതിനുള്ള അംഗീകാരമായി, ഇന്ത്യന്‍ താരം വിനയ്കുമാര്‍ നയിക്കുന്ന ദക്ഷിണമേഖലാ ടീമിലും ഇടംകിട്ടി.
കേരളത്തില്‍നിന്ന് മറ്റൊരു ബാറ്റ്സ്മാനും ദക്ഷിണമേഖലാ ടീമില്‍ ഇടംകിട്ടിയിട്ടില്ല. ബൗളര്‍മാരായ ബേസില്‍ തമ്പിയും സന്ദീപ് വാര്യരുമാണ് ടീമിലെത്തിയ മറ്റു രണ്ടുപേര്‍. ഈ വര്‍ഷം രഞ്ജി സീസണിലാണ് വിഷ്ണു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യമായി കളിച്ചത്.
അവസാന മൂന്നു കളികളില്‍ ഒരുസംഘം യുവതാരങ്ങള്‍ക്ക് അവസരം കിട്ടിയപ്പോള്‍ വിഷ്ണു കേരളത്തിന്റെ ഓപ്പണറായി എത്തി. കഴിഞ്ഞ മൂന്നു വര്‍ഷമായി സി.കെ.നായിഡു ക്രിക്കറ്റിനുള്ള കേരള അണ്ടര്‍ 23 ടീമില്‍ കളിക്കുന്നു. ഈ പരമ്പരയിലെ പ്രകടനമാണ് രഞ്ജിയിലേക്ക് വഴിതുറന്നത്. എന്നാല്‍, രഞ്ജിയില്‍ അത്ര തിളങ്ങാനായില്ല. നേരത്തേ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുണ്ട്.
തിരുവല്ല മാര്‍ത്തോമ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വിഷ്ണുവിന് ആക്രമിച്ചു കളിക്കാനാണ് കൂടുതല്‍ താത്പര്യം. അതുകൊണ്ടുതന്നെ ടിട്വന്റി ഫോര്‍മാറ്റില്‍ കൂടുതല്‍ നന്നായി കളിക്കാനായെന്ന് മാതൃഭൂമിയോട് പറഞ്ഞു. ഫെബ്രുവരി പതിനാറു മുതല്‍ മുംബൈയിലാണ് ഇന്റര്‍സോണ്‍ മത്സരങ്ങള്‍. ഇന്റര്‍സോണിലും ഓപ്പണറായിത്തന്നെ ഇറങ്ങാമെന്ന പ്രതീക്ഷയിലാണ് വിഷ്ണു.
തിരുവല്ലയിലെ കല്ലിശ്ശേരി സ്വദേശിയായ വിഷ്ണുവിന്റെ അച്ഛന്‍ വിനോദ് വിദേശത്താണ്. അമ്മ സുനിത. സഹോദരി: വീണ.