ദുബായ്: ഈ ദശാബ്ദം ക്രിക്കറ്റിലെ ഒരുപാട് മാറ്റങ്ങള്‍ക്ക് സാക്ഷിയായി. ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഡി.ആര്‍.എസ്, പിങ്ക് ബോള്‍ ടെസ്റ്റ് (ഡേ-നൈറ്റ്), പവര്‍പ്ലേകള്‍, ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍, ടെസ്റ്റില്‍ പേരെഴുതിയ ജേഴ്‌സികള്‍, കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട്, തുടങ്ങി നിരവധി മാറ്റങ്ങള്‍ ഇക്കാലയളവില്‍ വന്നു.
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചും ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ദശാബ്ദമാണ് കടന്നുപോകുന്നത്. അതില്‍ തന്നെ വിരാട് കോലിയെന്ന താരം സ്വന്തമാക്കിയ നേട്ടങ്ങള്‍ അദ്ഭുതാവഹമാണ്. ഇപ്പോഴിതാ പുതിയൊരു പതിറ്റാണ്ടിന് ഒരു ദിവസത്തിനപ്പുറം തുടക്കമാകുമ്പോള്‍ ലോക ക്രിക്കറ്റിലെ തന്നെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനെന്ന ഖ്യാതിയോടെയാണ് കോലി 2019 എന്ന വര്‍ഷം അവസാനിപ്പിക്കുന്നത്.
അവസാനം പുറത്തുവന്ന ഐ.സി.സിയുടെ ഏകദിന - ടെസ്റ്റ് റാങ്കിങ്ങിലും കോലി തന്നെയാണ് ഒന്നാമത്. ടെസ്റ്റില്‍ 928 പോയന്റും ഏകദിനത്തില്‍ 887 പോയന്റും നേടിയാണ് കോലി 2020-നെ വരവേല്‍ക്കാനൊരുങ്ങുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.
ഈ ദശാബ്ദത്തില്‍ ക്രിക്കറ്റില്‍ കോലിയോളം നേട്ടങ്ങള്‍ സ്വന്തമാക്കിയ മറ്റൊരു താരമുണ്ടോ എന്ന കാര്യവും സംശയമാണ്.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി ഈ 10 വര്‍ഷത്തില്‍ കളിച്ച 386 മത്സരങ്ങളില്‍ നിന്ന് 20,960 റണ്‍സാണ് കോലി സ്വന്തമാക്കിയിരിക്കുന്നത്. ഈ ദശാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും കോലി തന്നെ. 286 മത്സരങ്ങളില്‍ നിന്ന് 15,185 റണ്‍സെടുത്ത മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ഈ പട്ടികയില്‍ കോലി കഴിഞ്ഞാല്‍ രണ്ടാമതുള്ളയാള്‍.
മാത്രമല്ല ഈ ദശാബ്ദത്തില്‍ 2000-ന് മുകളില്‍ ബൗണ്ടറികള്‍ (2090) നേടിയ ഏകതാരവും കോലി തന്നെ. വിസ്ഡന്‍ പുറത്തിറക്കിയ ദശാബ്ദത്തിലെ ഏകദിന - ടെസ്റ്റ് - ട്വന്റി 20 ടീമുകളില്‍ ഇടം നേടാനും കോലിക്കായി. ഈ ദശാബ്ദത്തില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 20,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത നേട്ടവും ഈ വര്‍ഷം കോലി സ്വന്തമാക്കി. സച്ചിന്‍, ലാറ എന്നിവരെ പിന്നിലാക്കി ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് തികച്ച താരവും കോലി തന്നെ. 417-ാം ഇന്നിങ്സിലാണ് കോലി ഈ നേട്ടം കൈവരിച്ചത്. സച്ചിനും ലാറയും 453 ഇന്നിങ്സുകളില്‍ നിന്നാണ് ഇരുപതിനായിരം റണ്‍സ് തികച്ചത്.
ഇതിനൊപ്പം ഒരു ദശാബ്ദത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങിനെ മറികടന്ന് കോലി സ്വന്ത പേരിലാക്കി.
റണ്‍സിന്റെ കാര്യത്തില്‍ മാത്രമല്ല സെഞ്ചുറികളുടെയും അര്‍ധ സെഞ്ചുറികളുടെയും കാര്യത്തിലും കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോലിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആരുമില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ 69 സെഞ്ചുറികളാണ് കോലി അടിച്ചുകൂട്ടിയത്. ടെസ്റ്റില്‍ 27 ഉം ഏകദിനത്തില്‍ 42 ഉം. ഇക്കൂട്ടത്തില്‍ ഏഴ് ഇരട്ട സെഞ്ചുറികളും ഉള്‍പ്പെടുന്നു.
Content Highlights: Virat Kohli finishes 2019 as No. 1 batsman