അന്ന് ധനരാജ് സമ്മാനിച്ച വാച്ചുമായി ചാത്തുണ്ണി ഇറങ്ങുകയാണ്, പ്രിയ ശിഷ്യനെ അവസാനമായി ഒന്നു കാണാന്‍


അഭിനാഥ് തിരുവലത്ത്‌

3 min read
Read later
Print
Share

വിവ കേരളയ്ക്കായി കേരളത്തിന്റെ അങ്ങോളമിങ്ങോളം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബാബു മേത്തറുമൊത്ത് താരങ്ങളെ തപ്പിനടക്കുന്നതിനിടെ ഒരു സുഹൃത്താണ് പാലക്കാട് സെവന്‍സ് കളിച്ചുനടക്കുന്ന ഒരു പയ്യനെ കുറിച്ച് അദ്ദേഹത്തോട് പറയുന്നത്

കോഴിക്കോട്: ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മോഹന്‍ ബഗാന്റെ വാര്‍ഷികാഘോഷത്തിന് എത്തിയപ്പോള്‍ ധനരാജ് സമ്മാനിച്ച ആ വാച്ച് ഇന്നും ടി.കെ ചാത്തുണ്ണിയുടെ കൈയിലുണ്ട്. തിങ്കളാഴ്ച പക്ഷേ ആ വാച്ച് കെട്ടിയപ്പോള്‍ ചാത്തുണ്ണിയുടെ മനസ് വിങ്ങുകയായിരുന്നു. കാരണം ഇന്ന് ആ വാച്ച് കെട്ടി അദ്ദേഹം ഇറങ്ങുന്നത് പ്രിയ ശിഷ്യന്റെ ചലനമറ്റ ദേഹം കാണാനാണ്.

കഴിഞ്ഞ ദിവസം സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച കേരളത്തിന്റെ മുന്‍ സന്തോഷ് ട്രോഫി താരം ആര്‍. ധനരാജിനെ പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മുന്‍ ഇന്ത്യന്‍ താരവും ഫുട്ബോള്‍ പരിശീലകനുമായിരുന്ന ടി.കെ ചാത്തുണ്ണിയായിരുന്നു. കേരള പൊലീസ്, എം.ആര്‍.എഫ് ഗോവ, ചര്‍ച്ചില്‍ ഗോവ, കെ.എസ്.ഇ.ബി, സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്‍, എഫ്.സി.കൊച്ചിന്‍, വിവ കേരള, ഗോള്‍ഡന്‍ - ത്രഡ്‌സ്, ജോസ്‌കോ എഫ്.സി, വിവ ചെന്നെ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ചാത്തുണ്ണിക്ക് ശിഷ്യഗണങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടയാളും ധനരാജ് ആയിരുന്നു.

ധനരാജിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കാനായി ചാത്തുണ്ണിയെ വിളിച്ചപ്പോള്‍ അദ്ദേഹം പ്രിയ ശിഷ്യന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി വീട്ടില്‍ നിന്നും ഇറങ്ങാന്‍ പോകുകയായിരുന്നു. ഏറെ വൈകാരികമായാണ് അദ്ദേഹം ധനരാജിനെ കുറിച്ച് സംസാരിച്ചത്. പലപ്പോഴും ശബ്ദം ഇടറുന്നുണ്ടായിരുന്നു.

വിവ കേരളയ്ക്കായി കേരളത്തിന്റെ അങ്ങോളമിങ്ങോളം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബാബു മേത്തറുമൊത്ത് താരങ്ങളെ തപ്പിനടക്കുന്നതിനിടെ ഒരു സുഹൃത്താണ് പാലക്കാട് സെവന്‍സ് കളിച്ചുനടക്കുന്ന ഒരു പയ്യനെ കുറിച്ച് അദ്ദേഹത്തോട് പറയുന്നത്. കളമശ്ശേരിയിലെ എഫ്.എ.സി.ടി ഗ്രൗണ്ടില്‍ സെലക്ഷന്‍ ട്രയല്‍സിനെത്തിയ ആ പയ്യനെ കണ്ട് ഞെട്ടിയ കാര്യവും ചാത്തുണ്ണി ഓര്‍ക്കുന്നു. കണ്ടു കഴിഞ്ഞാല്‍ ഒരു ഫുട്ബോള്‍ താരമാണെന്നേ തോന്നില്ല. നന്നേ മെലിഞ്ഞ ശരീരം, ഉയരവും കുറവ്. പക്ഷേ കളി തുടങ്ങിക്കഴിഞ്ഞപ്പോള്‍ പയ്യന്‍ ചില്ലറക്കാരനല്ലെന്ന് അദ്ദേഹത്തിന് മനസിലായി. അന്ന് 1500 രൂപ ശമ്പളത്തിനാണ് ധനരാജിനെ വിവ കേരളയിലെടുത്തതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

''ആയിടയ്ക്ക് പി. പീതാംബരന്‍ പരിശീലിപ്പിക്കുന്ന കേരള ടീമുമായി വിവ കേരള ഒരു പരിശീലന മത്സരം കളിച്ചിരുന്നു. സന്തോഷ് ട്രോഫി ടീം ട്രയല്‍സൊക്കെ നടക്കുന്ന സമയാണത്. വിവ കേരളയാണെങ്കില്‍ ഒന്ന് സെറ്റായി വരുന്ന സമയവും. ധനരാജ് എന്ന താരത്തിന്റെ കളിമികവ് അന്നാണ് ഞാന്‍ ശരിക്കും ആസ്വദിച്ചതെന്ന് ടി.കെ ചാത്തുണ്ണി പറഞ്ഞു. കളിക്കിടെ മത്സരം വായിച്ചെടുക്കാനുള്ള ധനരാജിന്റെ കഴിവ് അപാരമാണ്. ഒരാലെ പോലും പോസ്റ്റിലേക്ക് കടത്തില്ല. അവന്റെ ഓവര്‍ലാപ്പിങ് കണ്ട് പലരും അന്ന് ഞെട്ടിയിട്ടുണ്ട്. അന്ന് 2-1 നാണ് വിവ കേരള, കേരള സ്റ്റേറ്റ് ടീമിനെ തോല്‍പ്പിച്ചത്'', ചാത്തുണ്ണി പറഞ്ഞു.

പിന്നാലെ കോഴിക്കോട്ടു നടന്ന ഇന്റര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് വിവാ കേരള ജേതാക്കളായതും ക്യാപ്റ്റന്‍ ധനരാജിന്റെ മികവില്‍ തന്നെയായിരുന്നു. അന്ന് നജീബ് പരിശീലിപ്പിച്ചിരുന്ന എസ്.ബി.ടിയെ ടൈ ബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് വിവ കേരള കരുത്ത് കാട്ടിയത്. ഡിഫന്‍സില്‍ ഏത് പൊസിഷനില്‍ കളിപ്പിക്കാനും ഏറ്റനും അനുയോജ്യനായ താരമായിരുന്നു ധനരാജ്. ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക്, സ്റ്റോപ്പര്‍, ഹാഫ് ബാക്ക് എന്നീ പൊസിഷനുകളിലെല്ലാം ധനരാജ് തിളങ്ങിയിരുന്നു. ഡിഫന്‍സിലെ എല്ലാ പൊസിഷനിലും താന്‍ ധനരാജിനെ ഉപയോഗിച്ചിട്ടുണ്ടെന്നും ചാത്തുണ്ണി പറഞ്ഞു.

പിന്നീട് വിവ കേരള വിട്ട ചാത്തുണ്ണിക്ക് ചിരാഗ് യുണൈറ്റഡില്‍ നിന്ന് ഓഫര്‍ വന്നു. എന്നാല്‍ ആ ഓഫര്‍ നിരസിച്ച അദ്ദേഹം പകരം തന്റെ രണ്ട് താരങ്ങളെ തരാമെന്ന് അവരോട് പറഞ്ഞു. അങ്ങനെ ധനരാജും ഡെന്‍സന്‍ ദേവദാസും ചിരാഗിലെത്തി. പിന്നീട് മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ധനനരാജ് ബൂട്ടുകെട്ടി. ധനരാജ് ക്യാപ്റ്റനായിരിക്കെയാണ് മുഹമ്മദന്‍സ് ഐ.എഫ്.എ ഷീല്‍ഡും ഡ്യൂറന്റ് കപ്പും ജയിക്കുന്നത്.

മാന്യമായ പെരുമാറ്റം കൊണ്ട് ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ധനരാജെന്നും ചാത്തുണ്ണി പറയുന്നു. ഒരിക്കല്‍ മോഹന്‍ ബഗാന്റെ വാര്‍ഷികാഘോഷത്തിന് കൊല്‍ക്കത്തയിലെത്തിയപ്പോള്‍ ധനരാജുമൊത്തായിരുന്നു താമസം. അന്ന് തിരികെ പോരാന്‍ നേരം അവനൊരു സമ്മാനം നല്‍കി. വി 9 കളക്ഷന്റെ ഒരു വാച്ച്. ഇന്ന് ആ വാച്ചില്‍ നോക്കി ചാത്തുണ്ണി ഇറങ്ങിയത് അതേ ശിഷ്യന്റെ മരണാനന്തര ചടങ്ങുകള്‍ക്കായും.

Content Highlights: tk chathunni remembering R Dhanarajan collapses and passes away during a Sevens game

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram