തീര്‍ത്തും ഏകപക്ഷീയമായിപ്പോകുമായിരുന്നൊരു മത്സരം അസാമാന്യമായ ചെറുത്തുനില്‍പ്പുകൊണ്ടും പോരാട്ടവീര്യം കൊണ്ടും ഒന്നാന്തരമൊരു ക്ലാസിക് മത്സരമാക്കിമാറ്റിയ ഡാനില്‍ മെദ്‌വദേവ്. 24-ാം ഗ്രാന്‍സ്ലാം മോഹിച്ചെത്തിയ സെറീനാ വില്യംസിനെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ച കാനഡയുടെ കൗമാരതാരം ബിയാന്‍ക ആന്ദ്രീസ്‌ക്യു. രണ്ടും യു.എസ്. ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ക്കാഴ്ചകള്‍. വന്മരങ്ങള്‍ വാഴുന്ന ടെന്നീസ് കോര്‍ട്ടില്‍ നാളെയുടെ ചൂണ്ടുപലകയായി പൂത്തുതളിര്‍ക്കുകയാണ് ഒരുപിടി യുവതാരങ്ങള്‍.
യു.എസ്. ഓപ്പണോടെ ഗ്രാന്‍സ്ലാം സീസണ്‍ കൊടിയിറങ്ങുമ്പോള്‍ ഒരുപിടി യുവതാരങ്ങള്‍ കോര്‍ട്ടില്‍ അവതരിച്ചുകഴിഞ്ഞു. റാങ്കിങ്ങിലും ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളിലെ പ്രകടനങ്ങളിലും 2019-ല്‍ നേട്ടമുണ്ടാക്കിയവരാണിവര്‍.
ഇളകാതെ വന്മരങ്ങള്‍
പുരുഷ ടെന്നീസില്‍ വര്‍ഷങ്ങളായി തുടരുന്ന നൊവാക് ജോകോവിച്ച്, റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ ത്രയത്തിന്റെ ആധിപത്യത്തിന് കാര്യമായ ഇളക്കമേറ്റിട്ടില്ലെന്ന് ഈ വര്‍ഷവും തെളിയിക്കുന്നു. നാല് ഗ്രാന്‍സ്ലാം കിരീടങ്ങളില്‍ രണ്ടെണ്ണം വീതം ജോകോവിച്ചും നദാലും പങ്കിട്ടെടുത്തു. ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും ജോകോവിച്ച് നേടിയപ്പോള്‍ ഫ്രഞ്ച് ഓപ്പണും യു.എസ്. ഓപ്പണും നേടി നദാല്‍ ഒപ്പംതന്നെയുണ്ട്.
കിരീടനേട്ടമില്ലെങ്കിലും ഒന്നുവീതം ഫൈനല്‍, സെമി, ക്വാര്‍ട്ടര്‍, പ്രവേശവുമായി റോജര്‍ ഫെഡറര്‍ 38-ാം വയസ്സിലും പോരാട്ടവീര്യവുമായി നില്‍ക്കുന്നു. ഇവരുടെ തേരോട്ടങ്ങള്‍ക്കിടയിലും ചില പുതുനാമ്പുകള്‍ കോര്‍ട്ടില്‍ വരവറിയിച്ചു. അതില്‍ പ്രധാനപ്പെട്ട അഞ്ചുതാരങ്ങളിതാ...
1. ഡാനില്‍ മെദ്‌വദേവ് - യു.എസ്. ഓപ്പണ്‍ ഫൈനല്‍ അഞ്ചാം സെറ്റ് വരെ നീട്ടിക്കൊണ്ടുപോയി നദാലിനെ വിറപ്പിച്ച 23 കാരനായ റഷ്യന്‍ താരം. നിലവില്‍ നാലാംറാങ്കില്‍. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നാലാംറൗണ്ട് വരെയെത്തിയ മെദ്‌വദേവ് ഈ വര്‍ഷം മൂന്ന് മുന്‍നിര താരങ്ങളെ കീഴടക്കി.
2. അലക്‌സാണ്ടര്‍ സവറേവ് - ഓസ്‌ട്രേലിയന്‍, യു.എസ്. ഓപ്പണുകളുടെ നാലാംറൗണ്ട് വരെയെത്തിയ ഈ ജര്‍മന്‍താരം ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറിലുമെത്തി. നിലവില്‍ ആറാം റാങ്കിലാണ് ഈ 22-കാരന്‍.
3. സ്റ്റെഫാനോസ് സിറ്റ്‌സിപാസ് - ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈല്‍ വരെയെത്തിയ സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണിന്റെ നാലാംറൗണ്ട് വരെയെത്തി. നിലവില്‍ ഏഴാം റാങ്കിലാണ് 21-കാരനായ ഈ ഗ്രീക്ക് താരം.
4. കാരെന്‍ ഖാച്ചനോവ് - ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ വരെയെത്തിയ ഈ താരം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാംറൗണ്ടിലുമെത്തി. നിലവില്‍ റാങ്കിങ്ങില്‍ ഒമ്പതാമതാണ് 23-കാരനായ ഈ റഷ്യക്കാരന്‍.
5. ഡൊമിനിക് തീം - ഇക്കൂട്ടത്തില്‍ പ്രായംകൊണ്ട് അല്‍പ്പം മുന്നിലാണെങ്കിലും റാങ്കിങ്ങിലും മുന്‍നിരയിലുള്ള താരമാണ് ഓസ്ട്രിയയുടെ ഡൊമിനിക് തീം. ഫ്രഞ്ച് ഓപ്പണില്‍ ഫൈനല്‍ വരെയെത്തി. സെമിയില്‍ അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചത് ഒന്നാം നമ്പര്‍ താരം ജോകോവിച്ചിനെ.
ഇതിനുപുറമെ, യു.എസ്. ഓപ്പണ്‍ സെമിഫൈനലിസ്റ്റും വിംബിള്‍ഡംണില്‍ നാലാംറൗണ്ട് വരെയെത്തിയ താരവുമായ 23-കാരന്‍ മാറ്റിയോ ബരേറ്റിനി, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലിസ്റ്റായ 25-കാരന്‍ ലൂക്കാസ് പോളി തുടങ്ങിയവരും നാളെയുടെ താരങ്ങളാകാന്‍ കെല്‍പ്പുണ്ടെന്ന് തെളിയിച്ചു. വനിത വിഭാഗത്തിലും ഒരു പിടി താരങ്ങള്‍ ഉദിച്ചുവരുന്നുണ്ട്.
Content Highlights: THE YOUNG RISING STARS OF TENNIS