കോച്ചിന്റെ മകളാണെന്ന് അറിയാതെ പ്രണയിച്ചു; ഒടുവില്‍ സത്യമറിഞ്ഞപ്പോള്‍ ഛേത്രി ഞെട്ടി


3 min read
Read later
Print
Share

രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെ 'ഹ്യൂമാന്‍സ് ഓഫ് ബോംബെ' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ഇരുവരും 13 വര്‍ഷം നീണ്ട പ്രണയത്തെ കുറിച്ച് സംസാരിക്കാകുയാണ്...

15-ാം വയസ്സില്‍ അച്ഛന്റെ പ്രിയ ശിഷ്യനെ പ്രണയിച്ചവളാണ് കൊല്‍ക്കത്തക്കാരി സോനം ഭട്ടാചാര്യ. ആ പ്രിയ ശിഷ്യന്‍ മറ്റാരുമല്ല, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ്. മോഹന്‍ ബഗാനില്‍ കളിക്കുന്ന സമയത്ത് ഛേത്രിയുടെ പരിശീലകനായിരുന്ന സുബ്രത ഭട്ടാചാര്യയുടെ മകളാണ് സോനം. രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെ 'ഹ്യൂമാന്‍സ് ഓഫ് ബോംബെ' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ഇരുവരും 13 വര്‍ഷം നീണ്ട പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ്...

മോഹന്‍ ബഗാന്റെ ഫുട്‌ബോള്‍ അക്കാദമിയില്‍ വൈകുന്നേരത്തെ പരിശീലനത്തിനായി എത്തിയതായിരുന്നു സുനില്‍ ഛേത്രി. അന്ന് ഛേത്രിക്ക് പ്രായം 18. ഗ്രൗണ്ടിലിറങ്ങും മുമ്പ് ഛേത്രിയുടെ ഫോണിലേക്ക് ഒരു മെസേജ് വന്നു. 'ഹായ്, ഞാന്‍ സോനം. താങ്കളുടെ വലിയ ആരാധികയാണ്. എനിക്ക് നിങ്ങളെ കാണണം.' ഇതായിരുന്നു ആ മെസ്സേജ്. അത് ആരാണെന്ന് ഛേത്രിക്ക് ഒരു ധാരണയുമില്ലായിരുന്നു. എന്നാലും അവളുടെ ആഗ്രഹത്തിന് ഛേത്രി സമ്മതം മൂളി. കാണാമെന്ന് മറുപടിയും കൊടുത്തു.

അങ്ങനെ നിരവധി മെസ്സേജുകള്‍ക്കൊടുവില്‍ അവര്‍ ഒരു ദിവസം കണ്ടുമുട്ടി. പക്ഷേ, ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഛേത്രി ഞെട്ടിപ്പോയി. 15 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയായിരുന്നു അവള്‍. കണ്ടയുടനെ ഛേത്രി അവളോട് പറഞ്ഞു. 'നീയൊരു കുട്ടിയാ. പോയിരുന്ന് പഠിക്ക്', എന്നിട്ട് തിരിച്ചുനടന്നു.

പക്ഷേ, ആ പെണ്‍കുട്ടിയെ മനസ്സില്‍ നിന്ന് മായ്ച്ചുകളയാന്‍ ഛേത്രിക്ക് കഴിഞ്ഞില്ല. രണ്ടു മാസത്തോളം മെസ്സേജ് ഒന്നും അയക്കാതെ പിടിച്ചുനിന്നു. ഒടുവില്‍ സങ്കടം സഹിക്കാനാവാതെ ഛേത്രി വീണ്ടും അവള്‍ക്ക് മെസ്സേജ് അയച്ചു. അങ്ങനെ ആ സൗഹൃദം വളര്‍ന്നു. ഇരുവരും എപ്പോഴും ഫോണിലൂടെ സംസാരിക്കാന്‍ തുടങ്ങി. ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പങ്കുവെച്ചു. അങ്ങനെ രണ്ട് മാസത്തോളം കടന്നുപോയി.

ഇതിനിടയില്‍ മോഹന്‍ ബഗാന്റെയും ഛേത്രിയുടേയും പരിശീലകനായ സുബ്രത ഭട്ടാചാര്യയുടെ ഫോണ്‍ കേടായി. അദ്ദേഹം അത് നന്നാക്കാന്‍ ഏല്‍പ്പിച്ചത് ഛേത്രിയെയാണ്. ഫോണ്‍ നന്നാക്കുന്നതിനിടയില്‍ സുബ്രതയുടെ മകള്‍ അതിലേക്ക് വിളിച്ചു. ആ നമ്പര്‍ ഛേത്രിക്ക് പരിചിതമായി തോന്നി. പ്രതീക്ഷിച്ചതു പോലെ അത് സോനത്തിന്റെ നമ്പറായിരുന്നു. ഛേത്രി ഞെട്ടി.

ഉടന്‍ തന്നെ ഛേത്രി സോനത്തെ വിളിച്ചു. കൂട്ട് വെട്ടി. കാരണം മറ്റൊന്നുമല്ല, ഇരുവരും തമ്മിലെ സൗഹൃദം കോച്ച് അറിഞ്ഞാല്‍ ചിലപ്പോള്‍ ഛേത്രിയുടെ കരിയര്‍ അതോടെ തീരും. ഇക്കാര്യം സോനത്തോട് തുറന്നുപറഞ്ഞു. സത്യം പറയാത്തതിന് സോനം ക്ഷമചോദിച്ചു. പക്ഷേ അതൊന്നും ഛേത്രി ചെവിക്കൊണ്ടില്ല. കോച്ചിന്റെ മകളുമായി പ്രണയബന്ധം തുടരുന്നത് ഛേത്രിക്ക് ആലോചിക്കാനാകുമായിരുന്നില്ല.

സോനത്തിന്റെ അഭ്യര്‍ത്ഥനകളെല്ലാം ഛേത്രി നിഷേധിച്ചു. പക്ഷേ ആ പ്രതിരോധ മതിലിന് ശക്തി കുറവായിരുന്നു. അവളെ ഹൃദയത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ കൗമാരക്കാരനായ ഛേത്രിക്ക് കഴിഞ്ഞില്ല. ഒടുവില്‍ പ്രതിരോധക്കോട്ട തകര്‍ത്ത് ഛേത്രി സോനത്തിന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചു. അവരുടെ സൗഹൃദം വീണ്ടും ശക്തമായി.

മത്സരങ്ങള്‍ക്കുവേണ്ടി തുടര്‍ച്ചയായി യാത്ര ചെയ്യുന്നതിനാല്‍ ഛേത്രിക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയേ സോനത്തെ കാണാന്‍ കഴിയുമായിരുന്നുള്ളു. അങ്ങനെയുള്ള അവസരങ്ങളില്‍ ഇരുവരും സിനിമയ്ക്ക് പോകും. ഛേത്രി രണ്ട് ടിക്കറ്റ് എടുക്കും. ഒന്നില്‍ സോനം എന്ന് പേരെഴുതി കൗണ്ടറില്‍ ഏല്‍പ്പിക്കും. 10 മിനിറ്റിന് ശേഷം സോനം ആ ടിക്കറ്റുമായി തിയേറ്ററിനുള്ളില്‍ കയറും.

അങ്ങനെ ആ പ്രണയം വളര്‍ന്നു. രണ്ട് പേര്‍ക്കും വിവാഹ പ്രായമായപ്പോള്‍ ഛേത്രി കോച്ചിനെ കാണാന്‍ വീട്ടിലെത്തി. സോനത്തെ പെണ്ണ് ചോദിക്കുകയായിരുന്നു ഉദ്ദേശം. സൂര്യന് കീഴിലെ എല്ലാ കാര്യത്തെക്കുറിച്ചും കോച്ച് ഛേത്രിയോട് സംസാരിച്ചു. ഒടുവില്‍ ധൈര്യം സംഭരിച്ച് ഛേത്രി കോച്ചിനോട് വന്ന കാര്യം പറഞ്ഞു, 'സര്‍ ഞാന്‍ താങ്കളുടെ മകളെ പ്രണയിക്കുന്നു. അവള്‍ക്കും എന്നെ ഇഷ്ടമാണെന്ന് കരുതുന്നു.'

'യാ, യാ, ഇറ്റ്സ് ഓക്കേ...' എന്ന് മാത്രം മറുപടി പറഞ്ഞ് കോച്ച് ബാത്ത്റൂമിലേക്ക് പോയി. കുറച്ചു സമയത്തിന് ശേഷം പുറത്ത് വന്ന് അദ്ദേഹം സമ്മതം മൂളി. ഏതാനും മാസങ്ങള്‍ക്കകം സോനവും ഛേത്രിയും വിവാഹിതരായി. 13 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ആ വിവാഹം. കൃത്യമായി പറഞ്ഞാല്‍ 2017 ഡിസംബര്‍ നാലിന്.

ഇന്ന് ഛേത്രി ഇന്ത്യയുടേയും ഐ.എസ്.എല്‍ ടീം ബെംഗളുരു എഫ്.സിയുടേയും ക്യാപ്റ്റനാണ്. കൂടാതെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡിനുടമ. ലോകത്ത് നിലവില്‍ കളിക്കുന്ന താരങ്ങളില്‍ സ്വന്തം രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളടിച്ച രണ്ടാമത്തെ താരവും ഛേത്രി തന്നെയാണ്.

ഒന്നും ഇല്ലാതിരുന്ന കാലത്ത് കൂടെ നിന്നവളാണ് സോനമെന്ന് ഛേത്രി എപ്പോഴും പറയും. 'ആദ്യ വിജയത്തിലും ആദ്യ പരാജയത്തിലും അവള്‍ കൂടെയുണ്ടായിരുന്നു. അവള്‍ ഇല്ലാത്ത ഒരു ഭൂതകാലത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല, അതുപോലെതന്നെ ഭാവി കാലത്തെ കുറിച്ചും. തന്റെ ഏറ്റവും വലിയ ആരാധികയെന്നാണ് സോനം അവളെ വിശേഷിപ്പിക്കുന്നത്. പക്ഷേ അവള്‍ക്ക് ഞാന്‍ അതിനേക്കാളും എത്രയോ അപ്പുറമാണ് എനിക്കറിയാം', ഛേത്രി പറയുന്നു.

Story Courtesy: Humans of Bombay

Content Highlights: Sunil Chhetri's Secret Love Story With His Coach's Daughter Sonam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram