കണ്ണൂര്‍: രാജ്യത്തെ ഫുട്‌ബോള്‍ മൈതാനങ്ങളെ ത്രസിപ്പിച്ച പ്രതിഭയായിരുന്നു ചൊവ്വാഴ്ച അന്തരിച്ച പി.കെ.ശ്യാംസുന്ദര്‍. മുംബൈ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പടക്കുതിരയായി, പ്രതിരോധിക്കാന്‍ പ്രയാസമായ ആക്രമണകാരിയായി പേരെടുത്തശേഷം പയ്യാമ്പലത്ത് വിശ്രമജീവിതം നയിക്കുന്നതിനിടയില്‍ മരണം. അരനൂറ്റാണ്ടോളം കണ്ണൂരിന് പുറത്തായിരുന്നതിനാല്‍ നാട്ടുകാരിലെ പുതിയ തലമുറയ്ക്ക് ഏറെക്കുറെ അജ്ഞാതനായിരുന്നു ശ്യാംസുന്ദര്‍.
ഫുട്ബോളിനുവേണ്ടി ഉഴിഞ്ഞുവെച്ചതുപോലെയായിരുന്നു ശ്യാംസുന്ദറിന്റെ കുടുംബം. സഹോദരങ്ങളായ ശ്രീനിവാസന്‍, രാമചന്ദ്രന്‍, രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം കണ്ണൂരിലെ വിശാലമായ മൈതാനങ്ങളില്‍ ശ്യാംസുന്ദര്‍ കാല്‍പ്പന്തുകളിയിലെ മിന്നുന്ന താരമായി വളര്‍ന്നു. കണ്ണൂര്‍ ഗവ. ടൗണ്‍ ഹൈസ്‌കൂളിലും മുനിസിപ്പല്‍ ഹൈസ്‌കൂളിലും കോഴിക്കോട് ദേവഗിരി കോളേജിലും പിന്നെ തൃശ്ശൂര്‍ ഗവ. പോളിടെക്നിക്കിലും പഠിക്കുമ്പോള്‍ സംസ്ഥാനത്തെ പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ കളിക്കാരനായിക്കഴിഞ്ഞിരുന്നു.
തൃശ്ശൂര്‍ പോളിടെക്നിക്കില്‍ പഠിക്കുമ്പോഴാണ് സംസ്ഥാന സീനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സെന്റര്‍ ഫോര്‍വേഡായി തിളങ്ങിയ ശ്യാംസുന്ദര്‍ 1961-ല്‍ കേരളത്തെ ആദ്യമായി സന്തോഷ് ട്രോഫിയില്‍ മൂന്നാം സ്ഥാനത്തെത്തിച്ച ടീമിലെ പ്രധാനിയായിരുന്നു. കണ്ണൂര്‍ക്കാരായ സി.എം.ചിദാനന്ദന്‍, ഒ.കെ.സത്യന്‍, ശെല്‍വന്‍ ജോര്‍ജ് എന്നിവരും ആ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ കളിക്കാരായിരുന്നു. മൂന്നാം സ്ഥാനക്കാരായ കേരളത്തിന് അന്ന് സംപങ്കി ട്രോഫി ലഭിച്ചു.
കണ്ണൂരിലെ ആദ്യകാല ഫുട്ബോള്‍ ക്ലബ്ബായ സീസൈഡിലൂടെ കളി പഠിച്ച ശ്യാംസുന്ദര്‍ പിന്നീട് പ്രശസ്തമായ കണ്ണൂര്‍ ജിംഖാനയില്‍ ചേര്‍ന്നു. അഞ്ചു കൊല്ലം ജിംഖാനയുടെ സെന്റര്‍ ഫോര്‍വേഡായി കളിച്ച ശ്യാംസുന്ദര്‍ കണ്ണൂര്‍ ശ്രീനാരായണ, കോഴിക്കോട് നാഗ്ജി, തൃശ്ശൂര്‍ ചാക്കോള, കോയമ്പത്തൂര്‍ ടൂര്‍ണമെന്റുകളില്‍ തിളങ്ങി. സംസ്ഥാന ഇന്റര്‍ സ്‌കൂള്‍, പോളി ഫുട്ബോള്‍ മത്സരങ്ങളിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.
1962, 1963 വര്‍ഷങ്ങളില്‍ നടന്ന സതേണ്‍ പെന്റാംഗുലര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലേഷ്യ, സിലോണ്‍ എന്നീ രാജ്യങ്ങളുടെ ദേശീയടീമുകളെ നേരിട്ട കേരള ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശ്യാംസുന്ദറായിരുന്നു. ക്യാപ്റ്റന്‍ കണ്ണൂര്‍ക്കാരന്‍ തന്നെയായ ശെല്‍വന്‍ ജോര്‍ജും. സതേണ്‍ പെന്റാംഗുലര്‍ ടൂര്‍ണമെന്റിലൂടെ ദേശീയപ്രശസ്തിയാര്‍ജിച്ച ശേഷമാണ് ശ്യാംസുന്ദര്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ ചേരുന്നത്. മഹീന്ദ്ര ഫുട്ബോള്‍ ടീമിന്റെ സെന്റര്‍ ഫോര്‍വേഡായി എട്ടുവര്‍ഷം രാജ്യത്താകെ നിരവധി ടൂര്‍ണമെന്റുകളില്‍ നിറഞ്ഞുനിന്നു. മുംബൈ ലീഗ് ചാമ്പ്യന്‍ഷിപ്പുള്‍പ്പെടെ നിരവധി വിജയങ്ങളുടെ ശില്പിയുമായി.
ശ്യാംസുന്ദറിന്റെ ജ്യേഷ്ഠന്‍ പി.കെ.ശ്രീനിവാസന്‍ കളിക്കാരനെന്നതിനു പുറമെ റഫറിയായും ശ്രദ്ധേയനായി. സംസ്ഥാന റഫറീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. മറ്റൊരു സഹോദരനായ പി.കെ.രാമചന്ദ്രന്‍ കണ്ണൂര്‍ ജിംഖാനയിലൂടെ വളര്‍ന്ന് പിന്നീട് കോഴിക്കോട് യങ് ചാലഞ്ചേഴ്സിലെ കളിക്കാരനായി. ഇളയ സഹോദരന്‍ രാജേന്ദ്രനും കണ്ണൂര്‍ ജിംഖാനയിലൂടെ കളിച്ചുതെളിഞ്ഞ് പിന്നീട് മുംബൈയിലെ ടീമുകളില്‍ സ്ഥാനംപിടിച്ചു.
Content Highlights: remembering Shyam Sunder, Kerala Footballer