തുടര്‍ച്ചയായി മൂന്ന് കിരീടവിജയങ്ങള്‍ക്കുശേഷം ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍നിന്ന് പുറത്തുപോകുമ്പോള്‍ റയല്‍ മഡ്രിഡ് വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. സ്പാനിഷ് ലാലിഗയിലും കിങ്സ് കപ്പിലും കിരീടമോഹം അവസാനിച്ച ടീമിന്റെ അവസാന പ്രതീക്ഷയാണ് സ്വന്തം ഗ്രൗണ്ടില്‍ പൊലിഞ്ഞത്. സമീപകാലത്ത് റയല്‍ നേരിടുന്ന തിരിച്ചടികളുടെ ആഴം വളരെ വലുതാണ്.
അതിന്റെ പ്രത്യക്ഷമായ തെളിവാണ് ഹോം ഗ്രൗണ്ടിലേറ്റ തുടര്‍ച്ചയായ നാല് തോല്‍വി. ഫ്രഞ്ച് പരിശീലകന്‍ സിനദിന്‍ സിദാനും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും മികച്ച പിന്‍ഗാമികളെ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് ടീമിന്റെ പൊടുന്നനെയുള്ള തകര്‍ച്ചയ്ക്കു കാരണം. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം (13) നേടിയ, ഏക ഹാട്രിക്കിനുടമയായ ടീമിനാണ് ദുര്യോഗമെന്നും കൂട്ടിവായിക്കണം.
1011 ദിവസത്തെ വാഴ്ച
തുടര്‍ച്ചയായി മൂന്ന് കിരീടം നേടിയ റയല്‍ മഡ്രിഡിന്റെ ചാമ്പ്യന്‍മാരായുള്ള 1011 ദിവസത്തെ വാഴ്ചയ്ക്കാണ് അയാക്സ് അവസാനമിട്ടത്. 2016-ല്‍ മിലാനില്‍ നടന്ന ഫൈനലില്‍ അത്ലറ്റിക്കോ മഡ്രിഡിനെ തോല്‍പ്പിച്ചാണ് റയല്‍ യൂറോപ്പിന്റെ ഫുട്ബോള്‍ സിംഹാസനത്തില്‍ ഇരിപ്പുറപ്പിച്ചത്. 113 ദിവസം മുമ്പ് പരിശീലകച്ചുമതലയേറ്റടുത്ത സാന്റിയാഗോ സൊളാരിക്ക് കീഴില്‍ ഹോം ഗ്രൗണ്ടില്‍ രണ്ട് വലിയ പരാജയങ്ങളാണ് ടീം നേരിട്ടത്. അയാക്‌സിന് പുറമേ സി.എസ്.കെ.എ. മോസ്‌കോ കഴിഞ്ഞ ഡിസംബറില്‍ 3-0ത്തിന് സാന്റിയാഗോ ബെര്‍ണാബുവില്‍ ജയിച്ചിരുന്നു.
ചെല്‍സിക്കുശേഷം റയല്‍
2012-13 സീസണില്‍ ചെല്‍സി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനുശേഷം ക്വാര്‍ട്ടറിലെത്താത്ത നിലവിലെ ചാമ്പ്യന്‍മാരാണ് റയല്‍. 2015-നുശേഷം ആദ്യമായിട്ടാണ് ടീം ചാമ്പ്യന്‍സ് ലീഗില്‍നിന്നുതന്നെ പുറത്തുപോകുന്നത്. ഇക്കാലയളവില്‍ 47 മത്സരം കളിച്ച ടീം 32 ജയവും എട്ടു സമനിലയും നേടി. ഏഴു കളിയില്‍ തോറ്റു. 112 ഗോള്‍ നേടി. 50 ഗോള്‍ വഴങ്ങി.
നാലാം തോല്‍വി
ഹോം ഗ്രൗണ്ടില്‍ റയലിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്. ലാലിഗയിലും കിങ്സ് കപ്പിലുമായി ബാഴ്സലോണയും ലാലിഗയില്‍ ജിറോണയുമാണ് ഇതിനുമുമ്പ് തോല്‍പ്പിച്ചത്. 2004-നുശേഷം ആദ്യമായിട്ടാണിത്.
യൂറോപ്യന്‍ മത്സരങ്ങളില്‍ സ്വന്തം ഗ്രൗണ്ടില്‍ ആദ്യപാദം തോറ്റതിനുശേഷം റയല്‍ മഡ്രിഡിനെ പുറത്താക്കുന്ന രണ്ടാമത്തെ ടീമായി അയാക്‌സ്. 1994-95 യുവേഫ കപ്പില്‍ ഒഡന്‍സെ ബോള്‍ഡ്ക്ലബ്ബാണ് ആദ്യം നേട്ടം കൈവരിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ നാല് ഗോള്‍ നേടുന്ന മൂന്നാമത്തെ ടീമാണ് അയാക്‌സ്. ബയറണ്‍ മ്യൂണിക്കും ഷാല്‍ക്കെയുമാണ് മുന്‍ഗാമികള്‍.
ഇതിഹാസങ്ങളുടെ റയല്‍
നക്ഷത്രക്കൂട്ടങ്ങള്‍ കളിച്ച കാലത്തുനിന്നാണ് ശരാശരി ടീമിലേക്ക് ടീം തരംതാഴുന്നത്. 1915 മുതല്‍ 21 വരെ മുന്നേറ്റത്തില്‍ കളിച്ച സ്പാനിഷ് താരം സാന്റിയാഗോ ബെര്‍ണാബുവാണ് ടീമിന്റെ ആദ്യ സൂപ്പര്‍ താരം. തുടര്‍ന്ന് റിക്കാര്‍ഡോ സമോറ, അല്‍ഫ്രഡോ ഡെസ്റ്റിഫാനോ, ഫ്രാന്‍സിസ്‌കോ ജെന്റോ, ഫെറങ്ക് പുഷ്‌കാസ്, എന്റിക് പെച്ചിന്‍, കാര്‍ലോസ് സാന്റില്ലന, റിക്കാര്‍ഡോ ഗല്ലാഗോ, റൗള്‍, റോബര്‍ട്ടോ കാര്‍ലോസ്, ഇകര്‍ കസിയസ്, ലൂയി ഫിഗോ, സിനദിന്‍ സിദാന്‍, റൊണാള്‍ഡോ, ഡേവിഡ് ബെക്കാം, കക്ക, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ പലകാലങ്ങളിലായി ടീമിന് ബൂട്ടുകെട്ടി.
റയലിന്റെ ഗോളടിക്കാര്‍
(ചാമ്പ്യന്‍സ് ലീഗ് 2015-16 സീസണ്‍ മുതല്‍)
ക്രിസ്റ്റ്യാനോ 43
കരീം ബെന്‍സമ 18
ഗാരേത് ബെയ്ല്‍ 8
അസെന്‍സിയോ 6
കാസെമിറോ 4
റാമോസ് 4
മൊറാട്ട 3
വാസ്‌ക്വസ് 3
Content Highlights: Real Madrid’s Ajax humiliation End of an era