പി.വി സിന്ധു ഇന്ത്യയുടെ ഏറ്റവും പുതിയ ലോക ചാമ്പ്യനായപ്പോള്‍ സ്വാഭാവികമായും ചോദിക്കാം ആരായിരുന്നു ഇന്ത്യയില്‍ നിന്നുള്ള പ്രഥമ ലോക ചാമ്പ്യന്‍? ചരിത്രം പറയുന്നു അത് കരിം ബക്‌സ് എന്ന ഗുസ്തിക്കാരനാണ്. 1892-ല്‍ ആണ് ബക്‌സ് ലോക ചാമ്പ്യനായത്. അന്ന് രാജ്യാന്തര തലത്തില്‍ സംഘടിത ഗുസ്തി ഇല്ലായിരുന്നതിനാല്‍ കൂടുതല്‍ അറിയില്ല. ബക്‌സിന്റെ ചിത്രവും ലഭ്യമല്ല.
പിന്നെ, 1900-ത്തില്‍ ഗുലാം ലോക ഗുസ്തി കിരീടം ചൂടി. തുടര്‍ന്ന് 1910-ല്‍ ഗാമായും 1921-ല്‍ ഗോബോര്‍ ഗോഹോയും ബ്രിട്ടീഷ് ഇന്ത്യയുടെ പ്രതിനിധികളായി ലോക ഗുസ്തി ചാമ്പ്യന്‍മാരായി. ഇവരില്‍ ഏറ്റവും പ്രശസ്തന്‍ മിയാന്‍ ഗുലാം മുഹമ്മദ് എന്ന ഗാമാ ഫയല്‍വാന്‍ തന്നെ. നമ്മുടെ ലോക ചാമ്പ്യന്‍മാരില്‍ പരാജയമറിയാത്തയാള്‍ എന്ന ബഹുമതിയും ഗാമയ്ക്കു സ്വന്തം; ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു ഗാമ ഇന്നത്തെ തലമുറയ്ക്കു പരിചിതനായ ധാരാ സിങ് ആദ്യമായി ലോക ചാമ്പ്യനായത് 1966-ല്‍ ആണ്.
ബ്രിട്ടീഷ് ഇന്ത്യയുടെ രണ്ടാമത്തെ ലോകചാമ്പ്യന്‍ എ.എച്ച്. വാഹിദ് എന്ന ബില്യാര്‍ഡ്‌സ് താരമാണ്. 1893-ല്‍ വാഹിദ് ലോക അമെച്വര്‍ ബില്ല്യാര്‍ഡ് സ് ചാമ്പ്യനായി.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ലോക ചാമ്പ്യനും ബില്യാര്‍ഡ്‌സ് താരമാണ്. 1958 ഡിസംബര്‍ 10-നായിരുന്നു അത്. കൊല്‍ക്കത്തയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വില്‍സന്‍ ലയണല്‍ ഗാര്‍ട്ടന്‍ ജോണ്‍സ് കിരീടം ചൂടി. ഇന്ത്യക്കായി ഏറ്റവും അധികം ലോക കിരീട ജയങ്ങള്‍ സ്വന്തമാക്കിയ പങ്കജ് അദ്വാനി ആദ്യമായി ലോക ചാമ്പ്യനാകുന്നതിന് (2003 നവംബര്‍ ) ഒരു മാസം മുന്‍പായിരുന്നു ജോണ്‍സിന്റെ അന്ത്യം. അദ്ദേഹത്തെ ഹൃദ്രോഗം തളര്‍ത്തി സാമ്പത്തികമായി വിഷമിച്ചപ്പോള്‍ സഹായിച്ചത് ഏതാനും ശിഷ്യരും ക്രിക്കറ്റ് താരം കപില്‍ ദേവും മാത്രം. എന്നും നാം ഓര്‍ക്കണം. ഒരു ഭാരവാഹിയും തിരിഞ്ഞു നോക്കിയില്ല.
ശരീര സൗന്ദര്യ മത്സരത്തില്‍ 1950കളില്‍ തന്നെ രണ്ടു തവണ ഇന്ത്യ ലോക കിരീടം ചൂടി. 1951-ല്‍ മൊണോടോഷ് റോയിയും 52-ല്‍ മനോഹര്‍ ഐച്ചും മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം ചൂടി.
ചെസില്‍ വിശ്വനാഥന്‍ ആനന്ദും ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയുമൊക്കെ ലോക ചാമ്പ്യന്‍മാരായി. കര്‍ണം മല്ലേശ്വരിയിലുടെയും മേരി കോമിലൂടെയും വനിതകളും ലോകകിരീടത്തിന് അവകാശികളായി. കെ.സി ലേഖ എന്ന മലയാളി താരവും ലോക ബോക്‌സിങ് സ്വര്‍ണം അണിഞ്ഞു. അങ്ങനെ എത്രയെത്ര ലോക ചാമ്പ്യന്‍മാര്‍ .
ബാഡ്മിന്റണില്‍ 1981ല്‍ പ്രഥമ ലോകകപ്പ് ജയിച്ചത് ഇതിഹാസ താരം പ്രകാശ് പദുക്കോണാണ്-ലോക ചാമ്പ്യന്‍ഷിപ്പില്‍ പക്ഷേ, പദുക്കോണിന് വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. സൈന നേവാൾ ലോക ജൂനിയര്‍ ബാഡ്മിന്റെന്‍ ചാമ്പ്യനായിരുന്നു. സിന്ധുവിലൂടെ ഇന്ത്യ ലോക ബാഡ്മിന്റണില്‍ ചരിത്രമെഴുതി. ഇനി ഒളിമ്പിക് സ്വര്‍ണം, ഓള്‍ ഇംഗ്ലണ്ട് കിരീടം ഒക്കെയാകട്ടെ സിന്ധുവിന്റെ ലക്ഷ്യങ്ങള്‍. നമുക്ക് കാത്തിരിക്കാം.
Content Highlights: PV Sindhu Badminton World Champion and Other Indian World Champions