'അറസ്റ്റ് ചെയ്യരുതേ, അപമാനിക്കരുതേ'; വ്യാജ സിഡി പിടിക്കാനെത്തിയവരോട് കണ്ണീരോടെ ഒരമ്മ


ശിഹാബുദ്ദീന്‍ തങ്ങള്‍

3 min read
Read later
Print
Share

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വ്യാജന്മാര്‍ വീണ്ടും പിടിമുറുക്കുകയാണ്. സമീപകാലത്ത് ഇറങ്ങിയ ഏതാണ്ട് എല്ലാ ചിത്രങ്ങളുടെയും വ്യാജന്മാര്‍ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ടോറന്റ് സൈറ്റുകളിലും ടെലിഗ്രാം പോലുള്ള ആപ്പുകളിലും എത്തിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ പലപ്പോഴും ചെന്നെത്തുന്നത് കൗമാരക്കാരായ കുട്ടികളിലേക്കാണ്. ഈ പശ്ചാത്തലത്തില്‍ പൈറസിയുടെ പുതിയ സങ്കേതങ്ങള്‍ തേടി ഒരന്വേഷണം നടത്തുകയാണ് മാതൃഭൂമി ഡോട്ട് കോം.

'ഭര്‍ത്താവ് മരിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. മൂത്ത മകള്‍ വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടിലാണ്. ആകെയുള്ളത് ഈ മകന്‍ മാത്രമാണ്. കേസില്‍പ്പെടുത്തി ഞങ്ങളെ അപമാനിക്കരുത്.'-
വ്യാജ സി.ഡികളുടെ ഉറവിടം തേടി വിളിച്ച ആന്റി പൈറസി ഉദ്യോഗസ്ഥരോട് കരഞ്ഞുകൊണ്ട് ആ അമ്മ അപേക്ഷിച്ചു.

അടുത്തിടെ ഇറങ്ങിയ ഒരു മലയാള ചിത്രത്തിന്റെ വ്യാജ പതിപ്പ് സംബന്ധിച്ച അന്വേഷണം ചെന്നെത്തിയത് ആലപ്പുഴക്കാരനായ പതിനാറുകാരനിലാണ്. സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകമാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 'പ്രതി' ചിത്രം ഇന്റര്‍നെറ്റില്‍ എത്തിച്ചത്. ചിത്രം അപ്‌ലോഡ് ചെയ്തതോ അമ്മയുടെ ഫോണില്‍ നിന്നും. നമ്പര്‍ ട്രാക്ക് ചെയ്ത് വിളിച്ചപ്പോള്‍ ആന്റി പൈറസി പ്രവര്‍ത്തകരോട് പൊട്ടിക്കരയുകയായിരുന്നു അവന്റെ അമ്മ.

പിന്നീട് നടന്ന അന്വേഷണത്തില്‍ വിദ്യാര്‍ഥി തന്റെ വെബ്‌സൈറ്റ് വഴി നിരവധി ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തിരുന്നെന്നും പരസ്യങ്ങളിലൂടെ ചെറിയ തോതില്‍ വരുമാനം നേടിയിരുന്നെന്നും കണ്ടെത്തി. അമ്മ അറിഞ്ഞിരുന്നത് ഇന്റര്‍നെറ്റ് വഴി മകന്‍ സ്വന്തമായി വരുമാനം നേടുന്നു എന്നു മാത്രവും. വിദ്യാര്‍ഥിയായതിനാല്‍ കുട്ടിയെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.

എട്ടാം ക്ലാസുകാരന്റെ വക അപ്​ലോഡിങ്

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അന്വേഷണത്തില്‍ വെളിവായത്. എട്ടാം ക്ലാസ് മുതല്‍ ഡിഗ്രിവരെയുള്ള വിദ്യാര്‍ഥികളാണ് പൈറസിയുമായി ബന്ധപ്പെട്ട് പിടിയിലാകുന്നതില്‍ വലിയൊരു ശതമാനവും. നൂതന സാങ്കേതിക വിദ്യയുമായുള്ള അടുപ്പവും ചിത്രങ്ങള്‍ ലഭിക്കുന്ന അംഗീകാരവുമാണ് ഈ പ്രായക്കാരെ പൈറസിയിലേക്ക് അടുപ്പിക്കുന്നത്. ഇതിലൂടെ വരുമാനം നേടുന്നവരും ഉണ്ടെങ്കിലും ചെയ്യുന്ന തെറ്റിന്റെ ഗൗരവമറിയാത്തവരാണ് ഏറെയും.

പൈറസിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പിടിയിലാകുന്നവരിലേറെയും 22 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളാണെന്ന് വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തുഷാര്‍ കുമ്പോളാലില്‍ പറയുന്നു. ഹൈസ്‌കൂള്‍പ്ലസ് ടു വിദ്യാര്‍ഥികളും വ്യാപകമായി പൈറസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ടെലിഗ്രാം പോലുള്ള ആപ്പുകള്‍ വ്യാപകമയി ഉപയോഗിക്കുന്നത് ഇവരാണ്. ഒളിഞ്ഞിരുന്ന് ചെയ്യുന്നതിലെ നിഗൂഢമായ ആനന്ദവും പിടിക്കപ്പെടില്ല എന്ന ധൈര്യവുമാണ് ഇവരെ നയിക്കുന്നത് തുഷാര്‍ വിശദമാക്കി.

വെള്ളിയാഴ്ച റിലീസ്, തിങ്കളാഴ്ച വ്യാജനും

ഈ മാസം റിലീസ് ചെയ്ത 'ചങ്ക്‌സ്' എന്ന ചിത്രത്തിന്റെ വ്യാജന്‍ വരെ ടെലിഗ്രാമിലെത്തിക്കഴിഞ്ഞു. സിനിമ ഇറങ്ങി നാലാമത്തെ ദിവസം തന്നെ വ്യാജനുമെത്തി. എന്നാല്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടായതിനാല്‍ മണിക്കൂറുകള്‍ക്കകം തന്നെ അപ്‌ലോഡ് ചെയ്ത രണ്ടുപേരും അറസ്റ്റിലായി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശികളായ രണ്ടു യുവാക്കളാണ് പോലീസിന്റെ പിടിയിലായത്. വടക്കാഞ്ചേരി ന്യൂ രാഗം തിയേറ്ററില്‍ നിന്ന് സോണി സൈബര്‍ ഷോട്ട് ക്യാമറ ഉപയോഗിച്ചാണ് ഇവര്‍ ചിത്രം പകര്‍ത്തിയത്.

ക്യാമറയില്‍ എടുത്ത ചിത്രം പിന്നീട് എഡിറ്റ് ചെയ്ത് വാട്ടര്‍മാര്‍ക്ക് വരെ ഇട്ട ശേഷമാണ് ഇവര്‍ തങ്ങളുടെ എന്ന ടെലിഗ്രാം ചാനല്‍ വഴി ബ്രോഡ്കാസ്റ്റ് ചെയ്‌തെന്ന് ചിത്രത്തിന്റെ പൈറസി കണ്‍സള്‍ട്ടന്റ് കൂടിയായ തുഷാര്‍ പറയുന്നു. തങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങായ പി, എന്‍ എന്നീ ലെറ്ററുകളായിരുന്നു പ്രതികള്‍ വാട്ടര്‍മാര്‍ക്കായി ഇട്ടിരുന്നത്. ആയിരക്കണക്കിന് അംഗങ്ങളാണ് ഇവരുടെ ചാനലില്‍ ഉണ്ടായിരുന്നത്. എന്നാല്‍, പ്രതികള്‍ പിടിയിലായതോടെ അംഗസംഖ്യ കുത്തനെ ഇടിഞ്ഞു. എങ്കിലും ചാനലില്‍ ഇപ്പോഴും രണ്ടായിരത്തിലേറെ അംഗങ്ങളുണ്ട്.

സമാനമായ രീതിയിലാണ് മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദറും ടെലിഗ്രാമില്‍ എത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പിറങ്ങിയ ചിത്രം അപ്‌ലോഡ് ചെയ്തതാകട്ടെ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനും. പെരിന്തല്‍മണ്ണ സവിത തിയേറ്ററില്‍ നിന്ന് സാംസങ് ടാബ് ഉപയോഗിച്ചാണ് കുട്ടി ചിത്രം പകര്‍ത്തിയത്. ക്യാമറ മാത്രം പുറത്തുകാണത്തക്ക വിധത്തില്‍ ടാബ് ബാഗിലൊളിപ്പിച്ചാണ് തിയേറ്ററില്‍ നിന്ന് ചിത്രം ഷൂട്ട് ചെയ്തതെന്ന് കുട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

കുട്ടിക്കളിക്ക് പിന്നിൽ ആരൊക്കെ?

മൈനറായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താനാവില്ലെങ്കിലും കുട്ടിയെ വിളിച്ചുവരുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടയക്കുകയായിരുന്നു. കുറ്റം തെളിഞ്ഞാല്‍ കുട്ടിയെ ജുവനൈല്‍ ഹോമില്‍ അയക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും. തന്റെ അകന്ന ബന്ധുവിന്റെ പേരിലുള്ള മൊബൈല്‍ കണക്ഷന്‍ വഴിയാണ് വിദ്യാര്‍ഥി ചിത്രം അപ്‌ലോഡ് ചെയ്തത്. മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്തുള്ള അന്വേഷണമാണ് കുട്ടി പൈറേറ്റിനെ വലയിലാക്കിയത്. ഇതുസംബന്ധിച്ച അന്വേഷണം ആന്റി പൈറസി സെല്‍ തുടരുന്നുണ്ട്. കുട്ടി പൈറസിയിലേക്ക് എത്തിയതിനു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന സംശയവുമുണ്ട്.

ഇത്തരത്തില്‍ സമീപകാലത്ത് മലയാത്തിലിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും ടെലിഗ്രാമിലും ടോറന്റ് സൈറ്റുകളിലുമൊക്കെ എത്തിയിട്ടുണ്ട്. പുലിമുരുകന്‍, ഗോദ, സിഐഎ, സഖാവ് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളുടെ പൈറസിയുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ടിയാന്‍, സണ്‍ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജന്‍ അവസരോചിതമായ ഇടപെടലുകള്‍ കൊണ്ട് പുറത്തെത്താതിരുന്നതാണ്.

സിഡികളില്‍ നിന്നും ഡിവിഡികളില്‍ നിന്നും ടോറന്റ് സൈറ്റുകളിലേക്ക് ചേക്കേറിയ പൈറസി ഇപ്പോള്‍ ടെലിഗ്രാം പോലുള്ള ആപ്പുകളില്‍ എത്തി നില്‍ക്കുകയാണെന്നാണ് മാതൃഭൂമി ടീമിന്റെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. നിലവില്‍ വ്യാജപതിപ്പുകള്‍ ഏറ്റവുമാദ്യം എത്തുന്നത് ടെലിഗ്രാമിലാണ്. ഇവിടെ നിന്നാണ് പിന്നീടിവ ടോറന്റ് സൈറ്റുകളില്‍ പോലുമെത്തുന്നത്. ഉപയോക്താവ് നല്‍കുന്ന ഒരു പേരിനു പിന്നില്‍ പൂര്‍ണമായും അജ്ഞാതനായിരിക്കാമെന്നതാണ് ടെലിഗ്രാം നല്‍കുന്ന സൗകര്യം.

(പൈറസിയിയില്‍ ടെലിഗ്രാമാണ് ഇപ്പോള്‍ താരം. ആരും ഞെട്ടുന്ന രസകരമായ അതിന്റെ രീതികള്‍ അടുത്ത ഭാഗത്തില്‍ അറിയാം.)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram