ആറാം തവണയും ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി ഒപ്പം ഏദന്‍ ഹസാര്‍ഡ്, കിലിയന്‍ എംബാപ്പെ, ലൂക്കാ മോഡ്രിച്ച് തുടങ്ങി ഫുട്‌ബോള്‍ ലോകത്തെ ഐക്കണുകളെല്ലാം നിറഞ്ഞ വേദി. ഈ വേദിയില്‍ കയറി വെറും അഞ്ചു മിനിറ്റില്‍ താഴെയുള്ള പ്രസംഗം കൊണ്ട് ഇറ്റലിയിലെ മിലാനിലെ ടിയാട്രോ അലാ സ്‌കാല ഒപ്പേറാ ഹൗസിനെ കൈയിലെടുത്തുകളഞ്ഞു അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ താരം മേഗന്‍ റാപ്പിനോ.
ഫിഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് മേഗന്‍ വേദിയില്‍ കയറിയത്. അമേരിക്കയ്ക്കായി കഴിഞ്ഞ ലോകകപ്പില്‍ നടത്തിയ പ്രകടനമാണ് മേഗനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. വനിതാ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും നേടി അമേരിക്കയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായതും മേഗന്‍ തന്നെ.
ഫുട്‌ബോള്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയതിന് പിടികൂടപ്പെട്ട് ആത്മഹത്യ ചെയ്ത ഇറാന്‍ ആരാധിക സഹര്‍ ഖൊദയാരിയും വര്‍ണവിവേചനത്തിനെതിരായ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് താരം റഹീം സ്റ്റെര്‍ലിങ്ങിന്റെയും നാപ്പോളിയുടെ സെനഗല്‍ താരം കാലിഡോ കൗലിബാലിയുടെയും പോരാട്ടവും മേഗന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നു. ഇതോടൊപ്പം എല്‍.ജി.ബി.ടി താരങ്ങള്‍ക്കായും എല്‍.ജി.ബി.ടി സമൂഹത്തിനായും മേഗന്റെ ശബ്ദമുയര്‍ന്നു.
നിറത്തിന്റെ പേരില്‍ തുടര്‍ച്ചയായി കാണികളുടെ പരിഹാസമേറ്റുവാങ്ങുന്ന താരമാണ് ഇംഗ്ലീഷ് താരം റഹീം സ്റ്റെര്‍ലിങ്. ഇതിനെല്ലാം പലപ്പോഴും മൈതാനത്തു തന്നെ കൃത്യമായ മറുപടികളും അദ്ദേഹം നല്‍കാറുണ്ട്. നാപ്പോളിയുടെ സെനഗല്‍ താരം കാലിഡോ കൗലിബാലിയെ സ്ഥിരമായി കുരങ്ങനെന്നു വിളിച്ചാണ് കാണികള്‍ അധിക്ഷേപിച്ചത്. ഇവരുടെ കഥകളാണ് ഈ വര്‍ഷം തന്നെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ചതെന്ന് മേഗന്‍ പറയുന്നു.
ഫുട്‌ബോള്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയതിന് പിടികൂടപ്പെട്ട് ജയിലിലാകുമെന്ന ഭയത്താല്‍ കോടതിമുറ്റത്ത് സ്വയം തീകൊളുത്തി മരിച്ച എസ്റ്റെഖ്‌ലാല്‍ ഓഫ് ടെഹ്‌റാന്‍ ടീമിന്റെ ആരാധികയായ സഹര്‍ ഖൊദയാരിയെ ഓര്‍ത്ത് തനിക്ക് സങ്കടവും നിരാശയുമുണ്ടെന്നും മേഗന്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ ഏറെ സ്‌നേഹിക്കുന്ന കളിതുടരാന്‍ ദിവസവും പോരാടേണ്ടിവരുന്ന സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച കോളിന്‍ മാര്‍ട്ടിന്‍ അടക്കമുള്ള എല്‍.ജി.ബി.ടി താരങ്ങള്‍. ഇത്തരത്തില്‍ സ്വവര്‍ഗാനുരാഗികള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരേ ഹോമോഫോബിയക്കെതിരേ (സ്വവര്‍ഗാനുരാഗികളോടുള്ള ഭയം) അങ്ങനെയല്ലാത്തവരും രംഗത്തുവരണമെന്നും മേഗന്‍ ഫിഫ ബെസ്റ്റ് വേദിയില്‍ ആഹ്വാനം ചെയ്തു.
ഫിഫ ദ ബെസ്റ്റ് വേദിയെ കുറിച്ചുള്ള മേഗന്റെ നിരീക്ഷണവും വ്യത്യസ്തമായിരുന്നു. പുരുഷ താരങ്ങള്‍ക്ക് പുരസ്‌കാരം നല്‍കുന്ന വേദിയില്‍ തന്നെ വനിതാ താരങ്ങള്‍ക്കും പുരസ്‌കാരം നല്‍കുന്നത് ശ്രദ്ധേയമായ മാറ്റമാണെന്നായിരുന്നു അവരുടെ നിരീക്ഷണം. പണ്ട് വനിതാ താരങ്ങള്‍ക്ക് ഇത്തരം വേദികളില്‍ സ്ഥാനംപോലുമുണ്ടായിരുന്നില്ലെന്നും മേഗന്‍ ചൂണ്ടിക്കാട്ടി.
ലോകത്തിലെ മറ്റേതൊരു കായികയിനത്തേക്കാളും മികച്ച അവസരങ്ങള്‍ ഫുട്‌ബോളിലുണ്ട്. പ്രൊഫഷണല്‍ താരങ്ങളെന്ന നിലയില്‍ നാം സാമ്പത്തികമായി വിജയിച്ചവരാണ്. നിരവധി അവസരങ്ങളാണ് നമുക്കു മുന്നില്‍ ഇനിയുമുള്ളത്. ഈ നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്കായിക്കൂടി പങ്കുവെയ്ക്കാന്‍ നമുക്ക് സാധിക്കണം. അതിലൂടെ അവരെ കൈപിടിച്ചുകയറ്റാനും. മനോഹരമായ ഈ കളികൊണ്ട് നമുക്കുചുറ്റുമുള്ള ലോകത്തെ മനോഹരമാക്കാന്‍ നമുക്ക് സാധിക്കും.
ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റിനോയില്‍ നിന്നാണ് മേഗന്‍ കഴിഞ്ഞ ദിവസം മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്വീകരിച്ചത്. മേഗന് പുരസ്‌കാരം സമ്മാനിക്കുമ്പോള്‍ പ്രസിഡന്റിന്റെ ചെവിയില്‍ ഒരുപക്ഷേ മാസങ്ങള്‍ക്കുമുമ്പ് കേട്ട കൂവലുകളുടെ ഇരമ്പലുണ്ടായിരുന്നിരിക്കണം. മാസങ്ങള്‍ക്കുമുമ്പ് അമേരിക്കന്‍ ടീമിന് വനിതാ ലോകകപ്പ് കിരീടം സമ്മാനിക്കാനെത്തിയ ജിയാവാനി ഇന്‍ഫന്റിനോയെ ഗ്യാലറിയിലെ മുക്കാല്‍ ലക്ഷത്തോളം വരുന്ന കാണികള്‍ കൂക്കുവിളികളോടെയാണ് സ്വീകരിച്ചത്. വനിതാ താരങ്ങള്‍ക്ക് തുല്യവേതനം വേണമെന്ന മേഗന്റെ പോരാട്ടം കാണികള്‍ ഏറ്റെടുത്തതിന്റെ തെളിവായിരുന്നു കാതടപ്പിക്കുന്ന ആ ശബ്ദം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മുന്നില്‍പോലും പതറാതിരുന്ന മേഗന്റെ വാക്കുകളെ സസൂക്ഷ്മം കേള്‍ക്കുകയായിരുന്നു ടിയാട്രോ അലാ സ്‌കാല ഒപ്പേറാ ഹൗസില്‍ കൂടിയിരുന്നവര്‍.
Content Highlights: Megan Rapinoe FIFA award speech