പിഎസ്ജി ഉപേക്ഷിച്ച താരവുമായി പൊചാറ്റീനോ നടത്തുന്ന ഫുട്‌ബോള്‍ വിപ്ലവം


2 min read
Read later
Print
Share

കോടികള്‍ മുടക്കി താരങ്ങളെ റാഞ്ചിയിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോലുള്ള ടീമുകള്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത പോലും നേടാനാകാത്ത അവസ്ഥയാലാകുമ്പോഴും മറുവശത്ത് ഫുട്‌ബോളില്‍ വിപ്ലവമാണ് സംഭവിക്കുന്നത്.

ണം വാരിയെറിഞ്ഞ് താരങ്ങളെ തട്ടകത്തിലെത്തിച്ച് കിരീടം നേടാമെന്ന വര്‍ഷങ്ങളോളം പഴക്കമുള്ള കണക്കുകൂട്ടലുകളെ ചോദ്യം ചെയ്യുന്നതിന്റെ ഇങ്ങേ അറ്റത്തെ കണ്ണിയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കുള്ള ടോട്ടനത്തിന്റെ മുന്നേറ്റം. ഇങ്ങ് ഐ-ലീഗില്‍ വരെ കുഞ്ഞന്‍ ടീമുകള്‍ വസന്തം വിരിയിച്ചത് നമ്മള്‍ കണ്ടതാണ്. അതിന്റെ തുടര്‍ച്ചയാണ് ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ നഗരങ്ങളില്‍ സംഭവിക്കുന്നത്. കോടികള്‍ മുടക്കി താരങ്ങളെ റാഞ്ചിയിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോലുള്ള ടീമുകള്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത പോലും നേടാനാകാത്ത അവസ്ഥയിലാകുമ്പോഴും മറുവശത്ത് ഫുട്‌ബോളില്‍ വിപ്ലവമാണ് സംഭവിക്കുന്നത്.

2014 മുതല്‍ ടോട്ടനത്തിനൊപ്പം പരിശീലകനായി അര്‍ജന്റീനക്കാരനായ പൊചാറ്റീനോയുണ്ട്. ഈ സീസണില്‍ ടോട്ടനം ടീമിലെത്തിച്ച താരങ്ങളുടെ എണ്ണം പൂജ്യമാണ്. അതുമാത്രമല്ല, 2017 ഓഗസ്റ്റിന് ശേഷം സൈന്‍ ചെയ്തത് ഒരേ ഒരു താരത്തെയാണ്, അതും പി.എസ്.ജി ഉപേക്ഷിച്ച ഒരു താരത്തെ. ആ താരമാണ് ലൂകാസ് മോറ. അയാക്‌സിനെതിരേ ട്രിപ്പിള്‍ ഗോളടിച്ച, 96-ാം മിനിറ്റില്‍ അദ്ഭുതം കാട്ടിയ അതേ ലൂകാസ് മോറ. അഞ്ചു വര്‍ഷത്തേക്ക് 227 കോടി രൂപയ്ക്കായിരുന്നു ഈ കരാര്‍. നാല് വര്‍ഷത്തേക്ക് 800 കോടി രൂപയാണ് യുവന്റസ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കായി മുടക്കിയതെന്ന് ഓര്‍ക്കണം.

2014-ല്‍ സതാംപ്ടണില്‍ നിന്ന് ടോട്ടനത്തിന്റെ പരിശീലകനായി പൊചാറ്റിനോ എത്തുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളിലൊന്ന് നേടിയാല്‍ തന്നെ സന്തോഷിക്കുന്ന ക്ലബ്ബായിരുന്നു ടോട്ടനം. അതായത് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയാല്‍ തന്നെ വലിയ നേട്ടമായി കാണുന്ന ക്ലബ്ബ്. വാരിയെറിയാന്‍ കൈയില്‍ പണമില്ല എന്നതും അവരുടെ സ്വപ്‌നങ്ങള്‍ക്ക് അതിരുകള്‍ വരച്ചു.

എന്നാല്‍ പൊചാറ്റിനോ പണമില്ലാതെ തന്നെ ഒരു ഫുട്‌ബോള്‍ കൊണ്ടൊരു മണിമാളിക പണിതു. കളിക്കാരില്‍ മാത്രം വിശ്വസിച്ചു. ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും കടുപ്പമേറിയ വഴികളിലൂടെയെല്ലാം സഞ്ചരിച്ചു. കാല്‍ മുള്ളു കൊണ്ടു മുറിഞ്ഞിട്ടും കുതിപ്പ് തുടര്‍ന്നു. ആദ്യം ഗ്രൂപ്പ് ഘട്ടത്തില്‍ ബാഴ്‌സലോണയും ഇന്റര്‍മിലാനും. അവിടെ നിന്ന് രക്ഷപ്പെട്ട് പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. ക്വാര്‍ട്ടറിലെത്തിയപ്പോള്‍ തടസ്സമായത് മാഞ്ചസ്റ്റര്‍ സിറ്റി. അവരേയും തോല്‍പ്പിച്ച് സെമിയിലെത്തിയപ്പോള്‍ ഫൈനലിലേക്ക് 45 മിനിറ്റ് മാത്രം ശേഷിക്കെ മൂന്നു ഗോളിന് പിന്നില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ അവിടെ ബ്രസീല്‍ താരം ലൂകാസ് മോറ അവതരിച്ചു. ഇരുപത്തിയാറുകാരന്റെ എണ്ണം പറഞ്ഞ മൂന്നു ഗോളുകള്‍ യൊഹാന്‍ ക്രൈഫിന്റെ പിന്മുറക്കാരുടെ വലയില്‍ ചെന്നുപതിച്ചു.

ആ നിമിഷം എന്തുചെയ്യണമെന്ന് പൊചാറ്റീനോയ്ക്ക് മനസ്സിലായില്ല. അയാളുടെ കണ്ണുനിറഞ്ഞു. ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന്, പച്ചപ്പുല്ലില്‍ മുഖം ചേര്‍ത്ത് അയാള്‍ കരഞ്ഞു. നാല് വര്‍ഷത്തെ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ കണ്ണീരായിരുന്നു അത്. സമ്മാനദാനച്ചടങ്ങിനിടയിലും പൊചാറ്റീനോയ്ക്ക് കരച്ചില്‍ നിയന്ത്രിക്കാനായില്ല. കണ്ണീരൊപ്പിക്കൊണ്ട് അയാള്‍ ഇങ്ങനെ പറഞ്ഞു 'ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി, ഇങ്ങനെ ഒരു നിമിഷം ഫുട്‌ബോളില്‍ മാത്രം സാധ്യമായ ഒന്നാണ്. എനിക്ക് വിവരിക്കാന്‍ വാക്കുകളില്ല, ഫുട്‌ബോളേ...നിനക്ക് നന്ദി'.

Content Highlights: Mauricio Pochettino Tottenham Coach Champions League Final

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram