ചെപ്‌കോയിന്‍സ് എന്ന് ബ്രസീല്‍ ടീമിലെ മൂന്നു പേരൊഴികെ ബാക്കിയെല്ലാവര്‍ക്കും ജീവിതത്തില്‍ നിന്ന് മരണത്തിലേക്കുള്ള ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു റഫറിയുടെ രൂപത്തിലവതരിച്ച ദുർവിധി. മലനിരകള്‍ നിറഞ്ഞ കൊളംബിയയിലെ മെഡ്‌ലിയലില്‍ ഒരു ടീം അതുവരെ കരുതിവെച്ച കായികസ്വപ്‌നങ്ങളെല്ലാം തകര്‍ന്നു വീണു.
അഞ്ച് ദിവസം മുൻപ് കോപ്പ സുഡാമെരിക്കാന ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചതിനെ തുടർന്ന് ചെപ്കോയിൻസ് ടീമംഗങ്ങൾ ഡ്രസ്സിങ് റൂമിൽ നടത്തിയ ആഘോഷത്തിന്റെ വീഡിയോ കാണാം
കോപ്പ സുഡാമെരിക്കാന ഫൈനലില്‍ കൊളംബിയന്‍ ടീം അത്‌ലറ്റിക്കോ നാസിയോണലിനെ നേരിടാനുള്ള യാത്രയിലായിരുന്നു ചെപ്‌കോയിന്‍സ്. യാത്രക്കിടെ വിമാനത്തില്‍ വെച്ച് ടീമിന്റെ പ്രതിരോധ താരമായ അലന്‍ റുസ്‌ച്ചെലെടുത്ത സെല്‍ഫിയിലെ ചിരിക്കുന്ന മുഖങ്ങള്‍ ഒരു നിമിഷം കൊണ്ട് കരച്ചിലിലേക്ക് വഴി മാറുകയായിരുന്നു. ''സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനാണ് ഞങ്ങള്‍ പോകുന്നതെന്നായിരുന്നു യാത്രക്ക് മുമ്പ് അവര്‍ എന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ അവരുടെ സ്വപ്‌നങ്ങള്‍ ഈ പ്രഭാതത്തില്‍ അവസാനിച്ചിരിക്കുന്നു'' ടീമിനേറ്റ ദുരന്തത്തിനെ ചെപ്‌കോയിന്‍സിന്റെ പ്രസിഡണ്ട് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
ആകാശത്ത് പൊലിഞ്ഞ കായിക സ്വപ്‌നങ്ങളുടെ കണക്കെടുത്താല്‍ അതില്‍ ഫുട്‌ബോള്‍ ലോകത്തെയൊന്നാകെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ച്‌സറ്റര്‍ യുണൈറ്റഡിന് സംഭവിച്ചത്. മ്യൂണിച്ച് ദുരന്തമെന്ന പേരില്‍ അറിയപ്പെടുന്ന ഈ അപകടം സംഭവിച്ചത് 1958 ഫിബ്രവരി ആറിനാണ്. പില്‍ക്കാലത്ത് വിഖ്യാത കളിക്കാരനായിത്തീര്‍ന്ന ബോബി ചാള്‍ട്ടന്‍ രക്ഷപ്പെട്ട ആ വിമാന ദുരന്തത്തിന്റെ ഓര്‍മകള്‍ അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം താരം പങ്കുവെയ്ക്കുകയുണ്ടായി.
റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരായ വിന്നേഴ്‌സ് കപ്പിന്റെ സെമിഫൈനല്‍ വിജയിച്ചശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ടീം. ഇടയ്ക്ക് ഇന്ധനം നിറയ്ക്കാനായി മ്യൂണിച്ചിലെ വിമാനത്താവളത്തിലിറക്കിയ വിമാനം വീണ്ടും പറന്നുയരുന്നതിനിടെ തീ പിടിച്ച് റണ്‍വേയിലേക്ക് കൂപ്പു കുത്തുകയായിരുന്നു. ഏഴു കളിക്കാര്‍ അടക്കം 21 പേര്‍ സംഭവ സ്ഥലത്തും മറ്റു കളിക്കാരും പൈലറ്റും ആസ്പത്രിയില്‍ വെച്ചും മരിച്ചു. അന്ന് വിമാനത്തിന്റെ ചിറകിന് തീ പിടിച്ച് ഒരു വശം ഇളകി വീണപ്പോള്‍ ഗോളി ഹാരീ ഗ്രെഗ്ഗിനൊപ്പം പുറത്തേക്കു ചാടിയാണ് ബോബി ചാള്‍ട്ടന്‍ അന്ന് രക്ഷപ്പെട്ടത്.
അലന്‍ റുസ്‌ച്ചെല്‍, ഗോള്‍കീപ്പര്‍മാരായ ജാക്ക്‌സണ്‍ ഫോള്‍മാന്‍, ഡാനിലൊ എന്നിവരുടെ ജീവനുകള്‍ ചെപ്‌കോയിന്‍സ് തിരകെ ലഭിച്ചപ്പോള്‍ ഒരു ദുരന്തത്തില്‍ ഒരു ടീമൊന്നാകെ ഇല്ലാതായ ദുരന്തങ്ങള്‍ വേറെയുണ്ട്. സോവിയറ്റ് യൂണിയനിലെ സെര്‍ദോസ്‌കില്‍ 1950 ജനുവരി അഞ്ചിന് നടന്ന വിമാന ദുരന്തത്തില്‍ വി.വി.എസ് മോസ്‌ക്കോയെന്ന ഐസ് ഹോക്കി ടീം തന്നെ ഇല്ലാതെയായി.
ലോക സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പിന് പോയ അമേരിക്കയുടെ ടീം 1961ല്‍ ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ദുരന്തത്തിനിരയായി. അന്ന് ടീമിലുണ്ടായിരുന്ന 25 പേരും കൊല്ലപ്പെട്ടു. സാംബിയ നാഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ കായിക സ്വപ്‌നങ്ങള്‍ ഇല്ലാതായത് 1993 ഏപ്രില്‍ 27നാണ്. ലോകകപ്പ് കളിക്കേണ്ട താരങ്ങളുണ്ടായിരുന്ന ആ ടീം സഞ്ചരിച്ച സാംബിയന്‍ എയര്‍ ഫോഴ്‌സ് വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണു. 22 സാംബിയന്‍ കളിക്കാരുടെ ജീവനാണ് അറ്റ്‌ലാന്റിക്കില്‍ പൊലിഞ്ഞു വീണത്.