റോയ് ഓഫ് ദ റോവേഴ്‌സ് എന്ന ഫുട്‌ബോള്‍ കോമിക് സ്ട്രിപ് ഇറ്റലിയില്‍ അധിക പേരും വായിച്ചിട്ടുണ്ടാവില്ല. അതിലെ റോയ് റെയ്‌സെന്ന കഥാപാത്രത്തെയും അവര്‍ക്ക് പരിചയമുണ്ടാകില്ല. പക്ഷേ റോയ് റെയ്‌സെന്ന സാങ്കല്‍പിക കഥാപാത്രത്തെയോ കോമിക് പുസ്തകത്തിന്റെയോ ആവശ്യം അവര്‍ക്കില്ല. കാരണം റോയ് റെയ്‌സിന് പകരം ഫ്രാന്‍സിസ്‌കോ ടോട്ടിയെന്ന താരം അവര്‍ക്ക് മുന്നിലൂടെ മൈതാനങ്ങളില്‍ നിന്ന മൈതാനങ്ങലിലേക്ക് സഞ്ചരിക്കുന്നുണ്ട്. ചുകപ്പില്‍ സ്വര്‍ണ വരയുള്ള എ.എസ് റോമയുടെ പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് ഫുട്‌ബോളുമായി എതിര്‍ പോസ്റ്റിലേക്ക് അയാള്‍ കുതിക്കുമ്പോള്‍, അയാളുടെ ചലനങ്ങളോടൊപ്പം ഗാലറികളില്‍ ആരവങ്ങളുമായി അവരുമുണ്ട്.
ഇറ്റലിയുടെ ഫുട്‌ബോളുമായി ഒട്ടിച്ചേര്‍ന്ന പേരാണ് ഫ്രാന്‍സിസ്‌കോ ടോട്ടി. നീണ്ട 24 വര്‍ഷങ്ങളായി ഒളിമ്പികോ സ്റ്റേഡിയത്തില്‍ നിന്ന് സാന്‍ സിറോയിലേക്കും യുവന്റസ് സ്റ്റേഡിയത്തിലേക്കും ടോട്ടി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായും സപ്പോര്‍ട്ടിങ് മിഡ്ഫീല്‍ഡറായും വിങ്ങറായും വേഷപ്പകര്‍ച്ച നടത്തിയ ടോട്ടി ഒളിമ്പികോ സ്റ്റേഡിയത്തില്‍ നിന്ന് കൈവീശി അകലുമ്പോള്‍ ഫുട്‌ബോളിനെ ഹൃദയത്തോട് ചേര്‍ത്തവരുടെ മനസ്സില്‍ ശൂന്യത മാത്രമാകും ബാക്കി. 39 വയസ്സിലെത്തിയിട്ടും കളിമികവില്‍ ഒട്ടും കോട്ടം തട്ടാത്ത പ്രകടനമാണ് ടോട്ടി കാഴ്ച്ചവെയ്ക്കുന്നത്. ടൊറിനോയ്‌ക്കെതിരെയും അറ്റ്‌ലാന്റെക്കെതിരെയുമായ മത്സരങ്ങളില്‍ ടോട്ടി അത് തെളിയിച്ചതാണ്. ബുധനാഴ്ച്ച ടൊറിനോയ്‌ക്കെതിരായ മത്സരത്തില്‍ 2-1ന് പിന്നില്‍ നില്‍ക്കുകയായിരുന്ന റോമ ജയിച്ചത് ടോട്ടിയുടെ ഒറ്റയാള്‍ പ്രകടനത്തിലൂടെയായിരുന്നു. അവസാന അഞ്ച് മിനിറ്റിലാണ് ടോട്ടി റോമയ്ക്കായി എതിര്‍വല ചലിപ്പിച്ചത്. ഞായറാഴ്ച്ച അറ്റ്‌ലാന്റെക്കെതിരെയും ഗോള്‍ കണ്ടെത്തിയ ടോട്ടി റോമയ്ക്ക് വിലപ്പെട്ട സമനില സമ്മാനിക്കുകയും ചെയ്തു. ടൊറിനോയ്ക്കെതിരായ വിജയത്തിന് ശേഷം വിതുമ്പിക്കരഞ്ഞ ടോട്ടിയുടെ മുഖമാരും മറന്നിട്ടുണ്ടാകില്ല. 1989ല്‍ തുടങ്ങിയ ഫുട്‌ബോള്‍ യാത്രയ്ക്ക് ജൂണോടെ അവസാനം കുറിക്കുമെന്ന തിരിച്ചറിവാകും ഒരു പക്ഷേ ടോട്ടിയുടെ കണ്ണുകളെ നനയിച്ചത്. ടോട്ടി റോമയില്‍ തുടരുകയാണെങ്കില്‍ രാജി വെയ്ക്കുമെന്ന പരിശീലകന്‍ ലൂസിയാനോ സ്പല്ലെറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടോട്ടിയുടെ പ്രകടനത്തില്‍ തൃപ്തനായ സ്പല്ലെറ്റി മനസ്സ് മാറ്റി. അടുത്ത സീസണിലേക്കും ടോട്ടിയുടെ സേവനം ആവശ്യമാണെന്നാണ് സ്പല്ലെറ്റിയുടെ പുതിയ പ്രഖ്യാപനം.
ചാമ്പ്യന്‍സ് ലീഗിലെ തന്റെ അവസാന മത്സരം കളിച്ചുതീര്‍ത്ത് ടോട്ടി ആദ്യം പോയത് എതിരാളികളായ റയല്‍ മാഡ്രിഡിന്റെ ഡ്രസ്സിങ് റൂമിലേക്കായിരുന്നു. റയലിന്റെ നായകന്‍ സെര്‍ജിയോ റാമോസിനേട് ടോട്ടി ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം മാത്രം. റാമോസിന്റെ വിയര്‍പ്പില്‍ കുതിര്‍ന്ന ജഴ്‌സി. ഇനി കളിക്കാനില്ലാത്ത ടൂര്‍ണമെന്റിന്റെ ഓര്‍മയ്ക്കായി ടോട്ടി റാമോസിന്റെ ജെഴ്‌സിയുമായി മടങ്ങിയപ്പോള്‍ പകരം ഇറ്റാലിയന്‍ താരത്തിന്റെ പത്താം നമ്പര്‍ ജെഴ്‌സി ഒപ്പിട്ടു വാങ്ങാന്‍ റാമോസും മറന്നില്ല. കളിക്കളത്തിന് പുറത്തെ സൗഹൃദത്തിനും സ്‌നേഹത്തിനും ലോകം സാക്ഷിയായ നിമിഷമായിരുന്നു അത്.
റോമയുടെ യൂത്ത് അക്കാദമിയിലേക്ക് എത്തുമ്പോള്‍ ടോട്ടിയ്ക്ക് അറിയുമായിരുന്നില്ല, തന്റെ കരിയര്‍ മുഴുവന്‍ താന്‍ ഇവിടെ സമര്‍പ്പിക്കുമെന്ന്. റോമയുടെ പഴയ നായകന്‍ ഗിസെപ്പെ ഗിയാനിനിയായിരുന്നു കുട്ടിക്കാലത്ത് ടോട്ടിയുടെ ഹീറോ. എട്ട് വയസ്സുള്ളപ്പോള്‍ റോമ യൂത്ത് കോച്ച് ഗില്‍ഡോ ഗിയാനിനിയുടെ കീഴില്‍ ടോട്ടി പരിശീലനം തുടങ്ങി. പിന്നീടിങ്ങോട്ട് റോമയില്‍ ടോട്ടിയുടെ കാലമായിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റോമയുടെ സീനിയര്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയ ടോട്ടി ഫാബിയോ കപ്പെല്ലോ പരിശീലകനായെത്തിയതോടെയാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറിലേക്ക് ചുവട് മാറുന്നത്. ടീമെന്ന നിലയില്‍ ടോട്ടിക്ക് കീഴില്‍ ഒത്തിണക്കത്തോടെ കളിച്ച റോമ 2000-01 സീസണില്‍ ഇറ്റാലിയന്‍ സീരി എ കിരീടം നേടി കപ്പെല്ലോയുടെ പരിശീലനത്തോട് നീതി പുലര്‍ത്തി. 15 വര്‍ഷത്തിനുശേഷം റോമ നേടുന്ന സീരി എ കിരീടമായിരുന്നു അത്. പിന്നീട് തുടര്‍ച്ചയായി രണ്ട് തവണ കോപ്പ ഇറ്റാലിയ കിരീടവും നിത്യഹരിത നായകന്റെ കീഴില്‍ റോമ സ്വന്തമാക്കി. 2001ലും 2007ലും സൂപ്പര്‍ കോപ്പ ഇറ്റാലിയാന നേടി ടോട്ടി റോമയുടെ നായകപദവിയില്‍ സ്ഥാനമറുപ്പിച്ചു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടിയവരുടെ പട്ടികയില്‍ റോമയുടെ പേരു ചേര്‍ക്കണമെന്ന ടോട്ടിയുടെ മോഹം ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. 597 മത്സരങ്ങളില്‍ റോമയുടെ ജെഴ്‌സിയണിഞ്ഞ ടോട്ടി സ്വന്തം പേരില്‍ കുറിച്ചത് 247 ഗോളുകളാണ്.
2006 ലോകകപ്പില്‍ തിരിച്ചു വന്ന ടോട്ടി ഇറ്റലിയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായി. പരിക്കിനെ തുടര്‍ന്ന് കണങ്കാലില്‍ മെറ്റല്‍ പ്ലെയ്റ്റുമായി കളിച്ച ടോട്ടി നാല് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ഒരു ഗോള്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ഫിഫ പ്രഖ്യാപിച്ച 23 കളിക്കാരടങ്ങുന്ന ഓള്‍ സ്റ്റാര്‍ ടീമില്‍ ടോട്ടിയുമുണ്ടായിരുന്നു. തുടര്‍ന്ന് കൃത്യം ഒരു വര്‍ഷത്തിന് ശേഷം ടോട്ടി ദേശീയ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 58 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകളാണ് ഇറ്റാലിയന്‍ ജെഴ്‌സിയില്‍ ടോട്ടിയുടെ സമ്പാദ്യം.