മജിസിയ സിമ്പിളാണ്, എന്നാല്‍ പവര്‍ലിഫ്റ്റിങ്ങില്‍ പവര്‍ഫുള്ളാണ്. കരുത്തിന്റെ കാര്യത്തിൽ ഏത് ആണ്‍കുട്ടിയെയും കടത്തിവെട്ടും ലോകചാമ്പ്യനായ മജിസിയ എന്ന കോഴിക്കോട് വടകര ഓർക്കാട്ടേരി സ്വദേശി. ഇപ്പോൾ ഇന്ത്യയുടെ തന്നെ ഇന്ത്യയുടെ തന്നെ കരുത്തിന്റെ പ്രതീകമായിരിക്കുകയാണ് ഹിജാബ് ധരിച്ച് മത്സരിക്കാനിറങ്ങുന്ന മജിസിയ. ഹിജാബ് ധരിച്ച് മത്സരിക്കുന്ന ബോഡി ബിൽഡർ എന്ന നിലയിലാണ് ഇന്ന് മജിസിയയുടെ ഖ്യാതി.
ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അഭിമാന താരമാണ് മജിസിയ.
ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ സ്വര്‍ണം. ഒപ്പം ലോക റോക്കോഡും സ്‌ട്രോങ്ങ് വുമണ്‍ പുരസ്‌കാരവും. പവര്‍ലിഫ്റ്റ് ഉയര്‍ത്തി രണ്ട് വര്‍ഷത്തിനകം മജിസിയയുടെ കരുത്തിന് മുന്നില്‍ ലോകം തന്നെ കീഴടങ്ങിയിരിക്കുകയാണ്. പവര്‍ലിഫ്റ്റിനോടൊപ്പം മജിസിയയുടെ ജീവിതം തന്നെ ഉയര്‍ന്നിരിക്കുകയാണ്. പവര്‍ലിഫ്റ്റിങ്ങിലെ നേട്ടത്തെ പോലെ തന്നെ ഹിജാബ് ധരിച്ച മുസ്ലിം ബോഡി ബില്‍ഡര്‍ എന്ന നിലയിലും മജിസിയ വ്യത്യസ്തയാകുന്നു. ഇന്ത്യയില്‍ തന്നെ പവര്‍ലിഫ്റ്റിങ്ങില്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ മുസ്ലിം പെണ്‍കുട്ടിയാണ് മജിസിയ ബാനു.
2018 ഡിസംബറില്‍ മോസ്‌കോയില്‍ വെച്ച് നടന്ന പവര്‍ലിഫ്റ്റിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 56 കിലോ ഗ്രാം ക്ലാസിക് ഓപ്പണ്‍ വിഭാഗത്തിലും ഡെഡ് ലിഫ്റ്റിലുമാണ് മജിസിയ ഇന്ത്യയക്ക് വേണ്ടി രണ്ട് സ്വര്‍ണ നേട്ടങ്ങള്‍ നേടിയെടുത്തത്. ഇതില്‍ ക്ലാസിക് ഓപ്പണ്‍ വിഭാഗത്തില്‍ 140 കിലോ ഗ്രാം പൊക്കി ലോക റെക്കോര്‍ഡും കരസ്ഥമാക്കി. മുന്‍ വര്‍ഷത്തെ 130 കിലോയുടെ റെക്കോര്‍ഡാണ് മജിസിയ തിരുത്തിക്കുറിച്ചത്. ഇന്ത്യന്‍ ടീമിലെ തന്നെ പവര്‍ലിഫ്റ്റിങ് വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക വ്യക്തി മജിസിയയായിരുന്നു.
കുട്ടിക്കാലം മുതലേ സ്‌കൂളുകളില്‍ കായിക ഇനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു മജിസിയ. അത്‌ലറ്റിക് മത്സരങ്ങളിലും ബോക്‌സിങ്ങിലുമായി നിരവധി പുരസ്‌കാരങ്ങളാണ് മജിസിയ വാരിക്കൂട്ടിയിരിക്കുന്നത്. ബോക്‌സിങ്ങിലൂടെയാണ് പവര്‍ലിഫ്റ്റിങ്ങിലേക്കുള്ള താല്‍പര്യം ഉണ്ടാകുന്നത്. എന്നാല്‍ അന്ന് സ്‌കൂള്‍ കായികമേളയില്‍ പവര്‍ലിഫ്റ്റിങ് ഒരു മത്സര ഇനമായി ഉള്‍പ്പെടുത്തിരുന്നില്ല. മാത്രമല്ല, സാധാരണ മുസ്ലിം കുടുംബത്തിലും ചുറ്റുപാടുകളിലും വളര്‍ന്നതു കൊണ്ട് തന്നെ പവര്‍ലിഫ്റ്റിങ് എന്നത് ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നായിരുന്നു മജിസിയ കരുതിയത്. അതുകൊണ്ട് തന്നെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ പഠനത്തിനായി മാഹി ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ആന്റ് ഹോസ്പിറ്റലില്‍ ബി.ഡി.എസിനു ചേര്‍ന്നു.
കോളേജിലെ രണ്ടാം വര്‍ഷ അവധിക്കാലത്താണ് പവര്‍ലിഫ്റ്റിങ്ങ് എന്ന സ്വപ്‌നസാക്ഷാക്കാരം ഉണ്ടാകുന്നത്. പവര്‍ലിഫ്റ്റ് പൊക്കുകയെന്നത് അത്ര നിസ്സാരകാര്യമല്ല, ഇത്രയും വെയ്റ്റ് എനിക്ക് ഉയര്‍ത്താന്‍ സാധിക്കുമോ എന്ന ആശങ്കകളായിരുന്നു ആദ്യമായി പവര്‍ലിഫ്റ്റ് പൊക്കുമ്പോള്‍ മനസ്സില്‍. എന്നാല്‍ പ്രതീക്ഷിച്ചതിലും എളുപ്പത്തില്‍ വെയ്റ്റ് പൊക്കുവാന്‍ എനിക്ക് സാധിച്ചു. വെയ്റ്റ്‌ലിഫ്റ്റിനേക്കാള്‍ കുറച്ച് കൂടി പ്രയാസമുള്ളതാണ് പവര്‍ലിഫ്റ്റിങ്. റബര്‍ വെയ്റ്റ് എടുക്കുന്നതിനു പകരം ഇരുമ്പിന്റെ വെയ്റ്റ് (അയേണ്‍ വെയ്റ്റ്) ആണ് എടുക്കേണ്ടത്. ദൃഢനിശ്ചയമുണ്ടെങ്കില്‍ ഏതു കാര്യവും നിസ്സാരമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് അന്ന് മനസ്സിലായി - മജിസിയ പറയുന്നു.
2016 ല്‍ കോഴിക്കോട് എസ്.കെ.പൊറ്റക്കാട്ട് ഹാളില്‍ നടന്ന ജില്ലാതല അണ്‍എക്യുപൈഡ് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പായിരുന്നു മജിസിയയുടെ ആദ്യ മത്സരം. അന്നത്തെ 52 കിലോ ഗ്രാം പവര്‍ലിഫ്റ്റില്‍ നേടിയ സ്വര്‍ണ നേട്ടമാണ് ഇന്ന് ലോക റെക്കോര്‍ഡ് വരെ മജിസിയക്ക് സമ്മാനിച്ചത്. വര്‍ഷങ്ങളായി പരിശീലനം നടത്തുന്നവരെ വരെ പിന്തള്ളിക്കൊണ്ടാണ് മജിസിയ ഉയര്‍ന്നുക്കൊണ്ടിരിക്കുന്നത്. പവര്‍ലിഫ്റ്റില്‍ കൈ വെച്ച് മൂന്നു മാസമാകുമ്പോഴാണ് മജിസിയ ആദ്യമായി അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നത്. ആദ്യ അന്താരാഷ്ട്ര മത്സരം, വര്‍ഷങ്ങളായി പവര്‍ലിഫ്റ്റിങ് പരിശീലിക്കുന്ന എതിരാളികള്‍, 16 മത്സരാര്‍ഥികള്‍...ആശങ്കകളും ആകുലതകളും മാത്രമായിരുന്നു മജിസിയയുടെ ഉള്ളില്‍ ഇന്തോനേഷ്യയില്‍ വെച്ച് നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുമ്പോള്‍. എന്നാല്‍ ഇത്രയും വെല്ലുവിളികളെ പുല്ലുപോലെ അതിജീവിച്ച് കൊണ്ടാണ് 370 കിലോ ഗ്രാം എടുത്ത് പൊക്കി മജിസിയ രണ്ടാം സ്ഥാനത്തെത്തിയത്. 372. 5 കിലോ ഉയര്‍ത്തി കൊണ്ട് ഫിലിപ്പിന്‍ മത്സരാര്‍ഥിയായ ലെസ്ലി ടി. ഇവാന്‍ജലിസ്റ്റയാണ് ഒന്നാം സ്ഥാനത്തെത്തിയത്. എങ്കിലും ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ വെള്ളി നേടിയ സന്തോഷത്തിലായിരുന്നു മജിസിയ.
അന്താരാഷ്ട്ര മത്സരങ്ങളില്‍ ഹിജാബ് ധരിച്ച മുസ്ലിം പെണ്‍കുട്ടി എന്ന നിലയിലാണ് ഏറെ പേരും മജിസിയയെ ശ്രദ്ധിച്ചിരുന്നത്. ഇന്ത്യയുടെ ജേഴ്‌സി അണിഞ്ഞിരിക്കുന്നത് കണ്ട് പല രാജ്യങ്ങളിലുള്ളവരും അത്ഭുതത്തോടെയാണ് നോക്കിയിരുന്നതും. പലരും ഇന്ത്യ ഒരു ഹിന്ദുത്വ രാജ്യമാണെന്നും ഹൈന്ദവരും ബുദ്ധ മത വിശ്വാസികളുമാണ് ഏറെയെന്ന് കരുതി ഇന്ത്യയില്‍ മുസ്ലിങ്ങളുണ്ടോ എന്നു വരെ ചോദിച്ചിട്ടുണ്ടെന്നാണ് മജിസിയ പറയുന്നത്.
ഹിജാബ് മജ്‌സിയയുടെ ജീവിതത്തിനോ സ്വപ്‌നത്തിനോ ഒരു മറയായിരുന്നില്ല. ഹിജാബ് ധരിച്ച് മത്സരക്കുന്നതിനെ അഭിനന്ദിക്കുന്നരും അതേസമയം, വിമര്‍ശിക്കുന്നവരുമുണ്ട്. ഈ ഹിജാബിലൂടെ എന്നും അംഗീകാരം മാത്രമേ ലഭിച്ചിട്ടുള്ളൂ. കൊച്ചിയില്‍ നടന്ന മിസ്റ്റര്‍ കേരള വനിതാ വിഭാഗം മത്സരത്തില്‍ ഹിജാബ് ധരിച്ച് വേദിയിലെത്തിയപ്പോള്‍ സദസ്സില്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ആ മത്സരത്തില്‍ 'ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍' എന്ന എന്ന അംഗീകരവും മജിസിയ സ്വന്തമാക്കി.
ഹിജാബിനെ എല്ലാവരും അംഗീകരിക്കുന്നതിനിടെ തന്നെ വളരെ വിഷമം തോന്നിയ അനുഭവവും മജിസിയ മാതൃഭൂമിയുമായി പങ്കുവെക്കുന്നുണ്ട്. ഒരു സാധാരണ മുസ്ലിം കുടുംബമാണ് മജിസിയയുടേത്.
അന്താരഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിനുള്ള സാമ്പത്തികം ഉണ്ടായിരുന്നില്ല. ഉമ്മയുടെ സ്വര്‍ണവും മറ്റും പണയം വെച്ചിട്ടാണ് മത്സരിക്കാന്‍ പോയിരുന്നത്.
അന്താരഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിനുള്ള സാമ്പത്തികം ഉണ്ടായിരുന്നില്ല. ഉമ്മയുടെ സ്വര്‍ണവും മറ്റും പണയം വെച്ചിട്ടാണ് മത്സരിക്കാന്‍ പോയിരുന്നത്.
പിന്നീട് നാട്ടിലെ പല സന്നദ്ധപ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, ബാങ്കുകള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, സ്നേഹതീരം തണല്‍ ഖത്തര്‍ പോലുള്ള സംഘടനകളുടെയും സഹായത്തോടെയാണ് മത്സരിച്ചിരുന്നത്. പേരും പ്രശസ്തിയും ആഗ്രഹിക്കാത്തവരും സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. ഇതിനിടെ ഒരു പ്രമുഖ കമ്പനിയിലെ എം.ഡി. സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് മത്സരിക്കാന്‍ പോകേണ്ട ആവശ്യത്തിന് അദ്ദേഹത്തെ വിളിച്ചപ്പോള്‍ കൈയൊഴിയുകയായിരുന്നു. അന്നത്തെ ഒരു ആവേശത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതാണെന്നും ഇത് പിന്നീട് സാമുദായികമായി ചില പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും അത് കമ്പനിയുടെ പേരിനെയാണ് ബാധിക്കുകയെന്നുമാണ് അദ്ദേഹം പറഞ്ഞത്. - മജിസിയ പറയുന്നു.
ഫെബ്രുവരി 12ന് ഖത്തറില്‍ വെച്ച് നടക്കുന്ന തണല്‍, സ്‌നേഹതീരം എ്ന്നീ സംഘടനകളുടെ അനുമോദന പരിപാടിയില്‍ സ്‌പോണ്‍സറെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മജിസിയ. അതേസമയം, ഒരു അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കുന്ന മത്സരാര്‍ഥിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളോ സഹായങ്ങളോ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്നും മജിസിയ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്രതലത്തില്‍ മത്സരിക്കുമ്പോള്‍ പകുതി ചെലവ് സര്‍ക്കാറാണ് വഹിക്കേണ്ടത്. എന്നാല്‍ തനിക്ക് ഇതുവരെയും അത്തരത്തിലൊരു സഹായം ലഭിച്ചിട്ടില്ല. മത്സരാര്‍ഥി എന്നതിലുപരി, മുസ്ലിം ഒ.ബി.സി. കാറ്റഗറിയിലും സര്‍ക്കാര്‍ സഹായം ലഭിക്കാനായി ശ്രമിച്ചിരുന്നു. വെറുതെ അതിന്റെ പിന്നാലെ പോയി സമയം കളഞ്ഞുവെന്നല്ലാതെ യാതൊരു ഫലമുണ്ടായില്ലെന്നാണ് മജിസിയ പറയുന്നത്.
തന്റെ കൂടെ ഹെവി കാറ്റഗിറിയില്‍ മത്സരിക്കാനെത്തിയ അഭിരാമി എന്ന കുട്ടിക്ക് എല്ലാ ആനുകൂല്യങ്ങളുമുണ്ടായിരുന്നു. ആ കുട്ടി എസ്.സി വിഭാഗമായതു കൊണ്ട് എല്ലാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. മുസ്ലിം മൈനോരിറ്റി കാറ്റഗറിയ്ക്ക് ഇത്തരം സഹായങ്ങള്‍ ലഭിക്കില്ലെന്നാണ് ഉന്നതാധികാരികള്‍ പറഞ്ഞത്. അതുപോലെ തന്നെയാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള അംഗീകാരങ്ങള്‍ ലഭിക്കുന്നതും വിരളമാണ്. നാട്ടിലെയും സഹായം ചെയ്യുന്ന സന്നദ്ധസംഘടനകളും മാത്രമാണ് പ്രശംസിക്കുന്നത്.
കേരളത്തില്‍ പവര്‍ലിഫ്റ്റിങ്ങിന് മറ്റു കായികഇനങ്ങളെ പോലെ അത്ര പ്രാധാന്യമില്ലാത്തതു കൊണ്ടാകും ഇത്ര ബുദ്ധിമുട്ടെന്നാണ് മനസ്സിലാക്കുന്നത്. കേരളത്തില്‍ ഒട്ടുമിക്ക കായികഇനങ്ങളും ഒരു പാഷനെന്നതിലുപരി, ജോലി സാധ്യതയായാണ് കാണുന്നത്. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള മാര്‍ഗമായി ഒതുങ്ങി പോവുകയാണ് ഓരോ കായികഇനങ്ങളും. - മജിസിയ പറയുന്നു.
തൊട്ടതെല്ലാം പൊന്നെന്ന പോലെ പവര്‍ലിഫ്റ്റിങ്ങിനു പുറമെ പഞ്ചഗുസ്തിയിലും മജിസിയ ആണ്‍കുട്ടികളോടൊപ്പം പഞ്ചപിടിക്കുന്നുണ്ട്. ജില്ലാതലം മുതല്‍ ദേശീയ തലത്തില്‍ വരെ പഞ്ചഗുസ്തിയില്‍ സ്വര്‍ണം നേടി തുര്‍ക്കിയില്‍ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിലേക്കും യോഗ്യത നേടിയെടുത്തു. എന്നാല്‍, മത്സരശേഷം തുര്‍ക്കിയില്‍ നിന്ന് മടങ്ങുമ്പോള്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില്‍ നിരാശയില്ലാതെയാണ് മജിസിയ തിരിച്ചെത്തിയത്.
ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ആന്റ് ഹോസ്പിറ്റലില്‍ അവസാന വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥിനിയാണ് മജിസിയ. കരിയറിനോടൊപ്പം തന്റെ പാഷനും ഒരുമിച്ചു കൊണ്ടുപോവാനാണ് മജിസിയ ശ്രമിക്കുന്നത്. പഠനത്തിരക്കിനിടെയിലും മജിസിയ പരിശീലനം നടത്തുന്നുണ്ട്. വടകരയിലെ ഹാംസ്ട്രിങ് ഫിറ്റ്നസ് സെന്ററിലെ ഷെമ്മാസ് അബ്ദുള്‍ ലത്തീഫും കോഴിക്കോട് വെസ്റ്റ്ഹില്‍ ജയ ജിമ്മിലെ ജയദാസുമാണ് മജിസിയയുടെ പരിശീലകര്‍. ഈ വര്‍ഷം ഫിന്‍ലാന്റില്‍ വെച്ച് നടക്കുന്ന വേള്‍ഡ് സീരീസില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മജിസിയയിപ്പോള്‍.
സ്വന്തമായി ഒരു പവര്‍ലിഫ്റ്റിങ് അക്കാദമി എന്നതാണ് ഈ സ്ര്‌ടോങ് വുമണിന്റെ ആഗ്രഹം. കോഴിക്കോട് വടകര ഓര്‍ക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് അബ്ദുള്‍ മജീദിന്റെയും റസിയ മജീദിന്റെയും മകളാണ് മജിസിയ.
Content Highlight: majiziya bhanu, powerlifting champion