ലോകത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിലേക്ക് പാരിസിലെ ഗ്രാന്‍ഡ് പാലെയ്‌സിലെ നിലയ്ക്കാത്ത കൈയടികള്‍ക്കിടയിലൂടെ നടന്നടുത്തപ്പോള്‍ മോഡ്രിച്ചിന്റെയുള്ളിലെ അനുഭവങ്ങളുടെ കടല്‍ അതിന്റെ കരയെ പുണര്‍ന്നിട്ടുണ്ടാകും.
മുന്നില്‍ കാണുന്ന ഓരോ എതിരാളിയേയും വെട്ടിയൊഴിഞ്ഞ് അവര്‍ക്കിടയിലൂടെ സൂചിപ്പഴുതുണ്ടാക്കി പന്തും കാലില്‍ കോര്‍ത്ത് കുതിക്കുന്ന ലൂക്കോ മോഡ്രിച്ചിനെ കാണുമ്പോള്‍ ഗ്രീക്ക് കഥയിലെ ഒരു ദേവന്‍ പടക്കളത്തിലൂടെ കുതിരപ്പുറത്ത് കുതിക്കുകയാണെന്ന് തോന്നും. പന്തിന്റെ ചലനത്തിനൊപ്പം അതേ താളത്തില്‍ കാറ്റിലിളകിയാടുന്ന സ്വര്‍ണത്തലമുടിയില്‍ കണ്ണുടുക്കുമ്പോള്‍ ഗ്രൗണ്ടിന്റെ പച്ചനിറം മാറി പൊടിപറക്കുന്ന യുദ്ധഭൂമി കാഴ്ച്ചയില്‍ തെളിയും, ആരാധകരുടെ ആരവങ്ങള്‍ക്ക് പകരം കുതിരകളുടെ കുളമ്പടി ശബ്ദം ചെവിയില്‍ മുഴങ്ങും. കളിക്കളത്തിലെ ഈ മോഡ്രിച്ച് ഗ്രീക്ക് ദേവനാണെങ്കില്‍ കളത്തിന് പുറത്തെ മോഡ്രിച്ച് അതിജീവനത്തിന്റെ ദേവനാണ്. ഇരുപത്തിയെട്ട് വര്‍ഷം മുമ്പ് നടന്ന അതിജീവനത്തിന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കഥ ആ രണ്ടു ബൂട്ടുകള്‍ക്കുള്ളിലുണ്ട്. ക്രൊയേഷ്യയിലെ വെലെബിറ്റ് പര്‍വതനിരകള്‍ അതിരിടുന്ന വടക്കന്‍ ഡാല്‍മേഷ്യയിലെ മോഡ്രിചിയെന്ന കൊച്ചുഗ്രാമത്തിലെ ഇടവഴികളില്‍ കുഴിച്ചിട്ട മൈനുകളില്‍ ഒരു വിരല്‍തുമ്പ് പോലുംതൊടാതെ വെട്ടിയൊഴിഞ്ഞ് ഓടിയ കഥ. ഏതെങ്കിലും ഒരു മൈനില്‍ ഒന്നു ചവിട്ടിയാല്‍ ജീവനാണ് നഷ്ടപ്പെടുന്നത് എന്നറിയും പോലെ ഓടുന്നതിനിടയില്‍ പന്ത് നഷ്ടപ്പെട്ടാല്‍ വിജയത്തിലേക്കുള്ള ഗോളാണ് പാഴായിപ്പോകുകന്നതെന്ന് മോഡ്രിച്ചിനോളം നന്നായി മറ്റാര്‍ക്കുമറിയില്ല. ലോകത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിലേക്ക് പാരിസിലെ ഗ്രാന്‍ഡ് പാലെയ്‌സിലെ നിലയ്ക്കാത്ത കൈയടികള്‍ക്കിടയിലൂടെ നടന്നടുത്തപ്പോള്‍ മോഡ്രിച്ചിന്റെയുള്ളിലെ അനുഭവങ്ങളുടെ കടല്‍ അതിന്റെ കരയെ പുണര്‍ന്നിട്ടുണ്ടാകും.
എല്ലാം മുത്തച്ഛനായിരുന്നു
1985 സെപ്റ്റംബര്‍ ഒമ്പതിലെ ഒരു രാത്രിയിലാണ് ലൂക്ക ആദ്യമായി വെലെബിറ്റ് മലനിരകളില്‍ നിന്നുള്ള കാറ്റിന്റെ തണുപ്പറിഞ്ഞത്. ഈ മലനിരകള്‍ അതിരിടുന്ന വടക്കന്‍ ഡാല്‍മേശഷ്യയിലെ മോഡ്രിചിയെന്ന കൊച്ചുഗ്രാമത്തിലെ സ്റ്റൈപ്പ് മോഡ്രിച്ചിന്റേയും റഡോയ്ക്കാ മോഡ്രിച്ചിന്റേയും ആദ്യത്തെ കുഞ്ഞ്. രോമക്കുപ്പായങ്ങളുണ്ടാക്കുന്ന ഫാക്ടറിയിലേക്ക് സ്റ്റൈപ്പും റഡോയ്ക്കയും ജോലിക്ക് പോകുമ്പോള്‍ കുഞ്ഞു ലൂക്കയ്ക്ക് കൂട്ടുണ്ടായിരുന്നത് മുത്തച്ഛനായിരുന്നു. ആ താഴ്‌വാരത്തില്‍ മുത്തച്ഛനൊപ്പം കളിച്ചുവളര്‍ന്ന കുഞ്ഞുലൂക്കയുടെ ജീവിതം ഒരൊറ്റ ദിവസത്തിനുള്ളില്‍ കീഴ്‌മേല്‍ മറിഞ്ഞു. യുഗോസ്ലാവിയയില്‍ നിന്ന് സ്വാതന്ത്യം വേണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൊയേഷ്യയുടെ പോരാട്ടം തുടങ്ങിയതോടെയായിരുന്നു. പിന്നീട് മോഡ്രിച്ചിന്റെ ജീവിത്തില്‍ പൊട്ടിച്ചിരികള്‍ക്ക് പകരം ഷെല്ലുകളുടെ ശബ്ദം മാത്രമായി. മോഡ്രിചി വിട്ട് ഓടിപ്പോകണമെന്ന് സെര്‍ബിയന്‍ സൈന്യം നിരന്തരം എല്ലാവരേയും ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നു. എന്നാല്‍ ജനിച്ച നാടും വീടും വിട്ട് അഭയാര്‍ത്ഥികളാകാന്‍ ലൂക്കയുടെ കുടുംബം തയ്യാറായിരുന്നില്ല.
ഒരു ദിവസം വെളുപ്പിന് സെര്‍ബിയന്‍ സൈന്യത്തെ വെല്ലുവിളിച്ച് ആളുകളൊഴിഞ്ഞുപോയ മോഡ്രിച്ചിയിലൂടെ മുത്തച്ഛനും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് ആടു മേയ്ക്കാനിറങ്ങി. 1991 ഡിസംബര്‍ 18നായിരുന്നു ഇത്. ഈ വെല്ലുവിളിയില്‍ അപമാനിതരായ ജെ.എന്‍.എയെന്ന സെബിയന്‍ സൈന്യം ലൂക്ക മോഡ്രിച്ചിന്റെ വീടാക്രമിച്ച് മുത്തച്ഛനെ വെടിവെച്ച് കൊന്നു, വീടിന് തീയിട്ടു. അന്ന് ഗ്രാമത്തിലുള്ള നിരവധി പേരെ സെര്‍ബിയന്‍ സേന വധിച്ചു. തുടര്‍ന്ന് ആറു വയസ്സുകാരന്‍ മകനുമായി സ്‌റ്റൈപ്പും റഡോയ്ക്കയും അന്നു രാത്രി തന്നെ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തു. രാത്രിയുടെ ഇരുട്ടിനെയും ഡിസംബറിന്റെ മരംകോച്ചുന്ന തണുപ്പിനെയും വകഞ്ഞുമാറ്റി അച്ഛനും അമ്മയ്ക്കുമൊപ്പം പ്രാണന്‍ കൈയില്‍ പിടിച്ച് ഓടുമ്പോള്‍ പിറകില്‍ കത്തിയമരുന്ന വീടിനെ കുഞ്ഞു ലൂക്ക വേദനയോടെ തിരിഞ്ഞുനോക്കി. തെരുവില്‍ സെര്‍ബിയന്‍ സൈന്യം വളഞ്ഞിട്ടുപിടിച്ച് വെടിവെച്ചുകൊന്ന മുത്തച്ഛന്റെ അലര്‍ച്ച നേര്‍ത്തു നേര്‍ത്തു വരുന്നത് അവനറിഞ്ഞു. അന്ന് ആ ഓട്ടത്തിനിടയില്‍ മുത്തച്ഛന്റെ ലൂക്കാ മോഡ്രിച്ചെന്ന പേര മാത്രമായിരുന്നു അവന്റെ കൂടെയുണ്ടായിരുന്നത്.
അടുത്ത ദിവസമാണ് അവര്‍ ഓടിത്തളര്‍ന്ന് കൊച്ചു തീരപ്രദേശമായ സദറിലെത്തുന്നത്. അവിടെ ഹോട്ടല്‍ ഇസിലെ താത്കാലിക ക്യാമ്പില്‍ കയറിപ്പറ്റി. ദിവസങ്ങളോളം വെള്ളവും വൈദ്യുതിയുമൊന്നുമില്ലാതെ ഒരു കുഞ്ഞു ഷെഡ്ഡില്‍ കഷ്ടപ്പെട്ടു കഴിഞ്ഞു. ക്രൊയേഷ്യന്‍ സൈനികര്‍ക്കുവേണ്ടിയുള്ള വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഉണ്ടാക്കുന്ന ഫാക്ടറിയില്‍ മെക്കാനിക്കായി സ്‌റ്റൈപ്പും ഒരു ടെക്‌സ്‌റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്ത് റഡോയ്ക്കയും കുടുംബം പുലര്‍ത്തി. എന്നാല്‍, ജീവിതം മാത്രമല്ല, കുഞ്ഞു ലൂക്കയ്ക്ക് ഫുട്‌ബോള്‍ പരിശീലനവും അത്ര എളുപ്പമായിരുന്നില്ല. ഗ്രനേഡുകളുടെയും ബുള്ളറ്റുകളുടെയും കാതടപ്പിക്കുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലിലെ കാര്‍ പാര്‍ക്കിങ്ങില്‍ പൊട്ടിയ പന്തുപയോഗിച്ചായിരുന്നു കുഞ്ഞു ലൂക്കയുടെയും കൂട്ടുകാരുടെയും കളി. വഴിയില്‍ കുഴിച്ചിട്ട മൈനുകള്‍ ചവിട്ടാതെ നോക്കുക എന്നത് വലിയൊരു സാഹസമായിരുന്നു. ദൂരെ എവിടെയെിങ്കിലും വെടിയൊച്ചയോ ഗ്രനേഡിന്റെ ശബ്ദമോ കേട്ടാല്‍ ഓടി വീട്ടില്‍ കയറണമെന്നായിരുന്നു അച്ഛന്റെ ഉപദേശം. 1991- ജൂണില്‍ ക്രൊയേഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ലൂക്കയുടെ ജീവിതത്തിലും വെളിച്ചം വന്നു. തൊട്ടടുത്ത വര്‍ഷം അമ്മാവന്റെ സഹായത്തോടെ അവന്‍ സ്‌കൂളിലും ഒപ്പം ഫുട്‌ബോള്‍ കോച്ചിങ്ങിനും പോകാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ അവന്‍ നാട്ടുകാരനായ സോനിമിര്‍ ബോബന്റേയും ഇറ്റാലിയന്‍ താരമായ ഫ്രാന്‍സിസ്‌കോ ടോട്ടിയുടേയും ആരാധകനായി. പിന്നീട് അവന്റെ മനസ്സുനിറയെ അവരെപ്പോലെ കളിക്കണം എന്ന ചിന്ത മാത്രമേയുണ്ടായുള്ളു.
ടോമിസ്ലാവ് ബാസിച്ചെന്ന 'സ്‌പോര്‍ട്ടിങ് ഫാദര്‍'
മെലിഞ്ഞ്, ഉയരം കുറഞ്ഞ, നാണംകുണുങ്ങിയായ ഒരു പയ്യനായിരുന്നു കുഞ്ഞു ലൂക്ക. ഓരോ ക്ലബ്ബിന്റേയും ട്രയല്‍സിന് പോകുമ്പോഴും അവന്‍ നിഷ്‌കരുണം തഴയപ്പെട്ടു. പല കോച്ചുമാരും അവനെ ടീമിലെടുക്കാന്‍ മടിച്ചു. ക്രൊയേഷ്യന്‍ ക്ലബ്ബ് ഹാദ്ജക് സ്പില്‍റ്റിന്റെ പരിശീലകന്റെ പരിഹാസം കേട്ട് അവന്റെ കുഞ്ഞുകണ്ണുകള്‍ നിറഞ്ഞൊഴുകി. ഗ്രൗണ്ടില്‍ നിന്ന് നിരാശയോടെ തല താഴ്ത്തി നടന്ന ലൂക്കയെ കാത്ത് രണ്ട് പേര്‍ ടച്ച് ലൈനിനരികില്‍ നില്‍പുണ്ടായിരുന്നു. എന്‍.കെ സദറെന്ന യൂത്ത് ക്ലബ്ബിന്റെ പരിശീലകന്‍ ടോമിസ്ലാവ് ബാസിച്ചും ചെയര്‍മാന്‍ ജോസപ് ബാജ്യോയും. അവര്‍ അവന്റെ കണ്ണീരൊപ്പി. അവന്റെ ഉയക്കുറവല്ല, മറിച്ച് അവന്റെ കളിയഴകായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. പില്‍ക്കാലത്ത് ബാസിച്ചിനെ തന്റെ സ്പോര്‍ട്ടിങ് ഫാദറെന്നാണ് മോഡ്രിച്ച് ഒരു അഭിമുഖത്തിനിടയില്‍ വിശേഷിപ്പിച്ചത്. ജോസപ് ബാജ്യോട് മോഡ്രിച്ചിനെ കുറിച്ച് ചോദിച്ചാല്‍ ഉത്തരം ഇങ്ങനെയാണ് 'ഒരു തലമുറയുടെ ബിംബമാണ് മോഡ്രിച്ച്, അവരുടെ നായകന്‍, സ്‌നേഹഭാജനം'. അന്ന് ആ പത്തുവയസ്സുകാരന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ പ്രത്യാക്ഷയുടെ വെളിച്ചം കത്തിച്ചപ്പോള്‍ തന്നെ ഇരുവര്‍ക്കും അവന്‍ നാളെയുടെ താരമെന്ന് അറിയാമായിരുന്നു.
സദറിലെ ആ കുഞ്ഞു ഫ്ളാറ്റ്
ബാസിച്ചിന് കീഴില്‍ പ്രൊഫഷണല്‍ ഫുട്ബോളിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ച മോഡ്രിച്ച് 2001ന്റെ അവസാനം ഡൈനാമോ സാഗ്രെബിലേക്ക് മാറി. ഡൈനോമോയില്‍ ഒരു വര്‍ഷം മാത്രം കളിച്ച മോഡ്രിച്ച് അവിടെ നിന്ന് യാത്ര തിരിക്കുമ്പോള്‍ കൈയില്‍ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരമുണ്ടായിരുന്നു. ആ പുരസ്‌കാരവുമായാണ് പതിനെട്ടുകാരന്‍ ബോസ്നിയന്‍ ക്ലബ്ബിന്റെ പടി ചവിട്ടിയത്. അവിടെ നിന്ന് ക്രൊയേഷ്യന്‍ ഫുട്ബോള്‍ ലീഗിലേക്ക്. ഒടുവില്‍ ഇന്റര്‍ സാപ്റെസികിനെ ക്രൊയേഷ്യന്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തിച്ച ലൂക്കാ മോഡ്രിച്ചിനെ കാത്തിരുന്നത് ദിനാമോ സാഗ്രെബിന്റെ പത്ത് വര്‍ഷത്തേക്കുള്ള കരാറും ഒരു ഫ്ളാറ്റ് വാങ്ങാനുള്ള പൈസയുമായിരുന്നു. അങ്ങനെ വീടും നാടും നഷ്ടപ്പെട്ട മോഡ്രിച്ച് ജീവിതം വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങി. സദറില്‍ ഒരു കുഞ്ഞു ഫ്ളാറ്റ് അച്ഛനും അമ്മയ്ക്കും സമ്മാനിച്ചായിരുന്നു ആ തുടക്കം.
ദിനാമോ സാഗ്രെബില്‍ ബ്രസീല്‍ വംശജനായ എഡ്വാര്‍ഡോ ഡാ സില്‍വയുമായി ചേര്‍ന്നായിരുന്നു മോഡ്രിച്ചിന്റെ പ്ലേ മേക്കിങ്. എന്നാല്‍ 2006-ല്‍ ഡാ സില്‍വ ആഴ്സണലിലേക്ക് പോയതോടെ മോഡ്രിച്ച് ഒറ്റയാള്‍ പട്ടാളമായി. പിന്നാലെ ഡിഫന്‍ഡര്‍ വെട്രന്‍ കൊര്‍ലൂക്ക മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോയി. എന്നാല്‍ ബാഴ്സലോണയില്‍ നിന്നും ആഴ്സണലില്‍ നിന്നുമുള്ള വാഗ്ദ്ധാനങ്ങള്‍ നിരസിച്ച് മോഡ്രിച്ച് ടീമിനൊപ്പം തന്നെ നിന്നു. മോഡ്രിച്ചിന്റെ ആ തീരുമാനം തെറ്റിയില്ല. ലീഗില്‍ രണ്ട് കിരീടങ്ങളുമായാണ് ദിനാമോ സീസണ്‍ അവസാനിപ്പിച്ചത്.
ഇംഗ്ലീഷ് ഫുട്ബോളിന്റെ കളിമുറ്റത്തേക്ക്
2008-ല്‍ ക്രൊയേഷ്യ വിട്ട് മോഡ്രിച്ച് ലണ്ടനിലേക്ക് വിമാനം കയറി. ടോട്ടന്‍ഹാമുമായുള്ള ആറു വര്‍ഷത്തെ കരാറൊപ്പിട്ടതിന് പിന്നാലെയായിരുന്നു ഇത്. അന്ന് 23-കാരന് ലഭിച്ച പ്രതിഫലം 160 കോടി രൂപയാണ്. 1.71 മീറ്റര്‍ ഉയരവും 60 കിലോയോളം ഭാരവുമുള്ള മോഡ്രിച്ചിനെ ലെയ്റ്റ്വെയ്റ്റ് എന്ന വിളിപ്പേര് ലഭിക്കാന്‍ കാലതാമസമുണ്ടായില്ല. ഹാരി റെഡ്നാപ്പ് ടോട്ടനത്തിന്റെ പരിശീലകനായെത്തിയതോടെ ക്രൊയേഷ്യന്‍ താരത്തിന്റെ കാല്‍വിരുത് ആരാധകര്‍ കാണാന്‍ തുടങ്ങി. ആദ്യം സൂപ്പര്‍ സ്റ്റാറെന്ന പരിവേഷം ക്രൊയേഷ്യന്‍ താരത്തില്‍ നിന്ന് എടുത്തുകളയുകയാണ് റെഡ്നാപ്പ് ചെയ്തത്. പിന്നീട് മോഡ്രിച്ചിന് ചുറ്റുമായി ഒരു ടീമിനെ പണിതെടുത്തു.
2010-11 സീസണില്‍ ടോട്ടനം ലീഗില്‍ അഞ്ചാമതെത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ വന്നത് മോഡ്രിച്ചിന്റെ കാലില്‍ നിന്നായിരുന്നു. 87.4% കൃത്യതയായിരുന്നു ഈ പാസുകള്‍ക്ക്. പിന്നാലം ചെല്‍സിയുടെ ഓഫറുമെത്തി, ആദ്യം 213 കോടി രൂപയും പിന്നീട് 262 കോടി രൂപയും ചെല്‍സി ഓഫര്‍ വെച്ചു. ഇതോടെ മോഡ്രിച്ച് നീലക്കുപ്പായത്തില്‍ കളിക്കുമെന്ന അഭ്യൂഹം ശക്തമായി. ഇതിന്റെ പശ്ചാത്തലത്തില്‍ അടുത്ത സീസണിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ആദ്യ മത്സരത്തില്‍ മോഡ്രിച്ചിനെ ടോട്ടനം കളത്തിലിറക്കിയില്ല. ക്ലബ്ബ് മൗനം തുടര്‍ന്നതോടെ 388 കോടിയിലേക്ക് ചെല്‍സി ഓഫറുയര്‍ത്തി.
388 കോടിയുടെ ഓഫറുപേക്ഷിച്ച് റയലിലേക്ക്
291 കോടി രൂപയ്ക്ക് മൗറീന്യോയുടെ റയലിലേക്ക് മോഡ്രിച്ച് കളിമാറ്റിയ ആ രാവില്‍ ടോട്ടനത്തിന്റെ കോച്ച് റെഡ്നാപ്പ് പറഞ്ഞത് ഇങ്ങനെയാണ് 'എല്ലാവരേയും അദ്ഭുതപ്പെടുത്ത ഫുട്ബോള്‍ താരമാണ് അവന്‍. ബൂട്ടില്‍ ഒരു കഥയൊളിപ്പിച്ചവന്‍. എതിരാളികള്‍ ചുറ്റുംകൂടി നില്‍ക്കെ ഈ കുഞ്ഞുമനുഷ്യന്‍ അവരെയെല്ലാം വെട്ടിയൊഴിഞ്ഞ് പന്തുമായി കുതിക്കുന്നത് കാണാന്‍ എന്ത് മനോഹരമാണ്. ലോകത്തെ ഏതു ടീമിലും അവന് കളിക്കാം'. പ്രീ സീസണ്‍ കളിക്കാത്തതും റയലില്‍ കളിക്കാന്‍ പോകുന്നതിന്റെ തര്‍ച്ചയുമെല്ലാം മോഡ്രിച്ചിനുണ്ടായിരുന്നു. ഇതോടെ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ അരങ്ങേറ്റത്തിനായി താരത്തിന് സൈഡ് ബെഞ്ചില്‍ കാത്തിരിപ്പ് തുടരേണ്ടി വന്നു. എന്നാല്‍ 2013-ല്‍ കാര്‍ലോ ആഞ്ചലോട്ട് പരിശീലകനായെത്തിയതോടെ മോഡ്രിച്ചിന്റെ തലവര തെളിഞ്ഞു. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ സാവി അലോണ്‍സോയുമായുള്ള മോഡ്രിച്ചിന്റെ കെമിസ്ട്രി കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്. 2012-14 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും കോപ്പ ഡെല്‍ റേയും റയലിന്റെ ഷെല്‍ഫിലെത്തിയപ്പോള്‍ അതിലൊരു പങ്ക് മോഡ്രിച്ചിനും അവകാശപ്പെട്ടതായിരുന്നു. 268 മത്സരങ്ങളില്‍ 13 ഗോളുകളടിച്ച മോഡ്രിച്ച് 41 ഗോളിന് വഴിയൊരുക്കുകയും ചെയ്തു. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലും ഒന്നുവീതം ലാ ലിഗയിലും കോപ്പ ഡെല്‍ റേയിലും റയലിന്റെ വിജയത്തിനൊപ്പം മോഡ്രിച്ച് പങ്കാളിയായി.
ലുഷ്നിക്കി സ്റ്റേഡിയത്തില്‍ അന്ന് പെയ്ത മഴ
റഷ്യയില്‍ ക്രൊയേഷ്യക്ക് ലോകകപ്പ് എന്ന സ്വപ്നം പൂര്‍ത്തിയാക്കാനായില്ല. ചുവപ്പും വെളുപ്പും ചതുക്കളങ്ങളുള്ള ജഴ്സിയണിഞ്ഞ് ക്രൊയേഷ്യ കളത്തിലേക്കിറങ്ങിയെങ്കിലും ഫ്രാന്‍സിന്റെ ചതുരംഗക്കളിയില്‍ അവര്‍ക്ക് അടിതെറ്റി. പക്ഷേ ഒരൊറ്റ ക്രൊയേഷ്യക്കാരനും തല തലകുനിച്ചില്ല. ഹൃദയം വിജയിച്ചവരുടെ പുഞ്ചിരി അവരുടെ മുഖത്തുണ്ടായിരുന്നു. അന്ന് ക്രൊയേഷ്യന്‍ നായകനായിരുന്ന മോഡ്രിച്ച് പറഞ്ഞത് ഇങ്ങനെയാണ് 'ഞങ്ങള്‍ ലോകം കീഴടക്കിയിരിക്കുന്നു. പുതുതലമുറക്ക് പ്രചോദനം നല്‍കിയാണ് ഞങ്ങള്‍ മടങ്ങുന്നത്. ഫ്രാന്‍സിന് അഭിനന്ദനങ്ങള്‍'. അന്ന് പെയ്ത മഴക്കും കണ്ണീരിനിടയിലും മോഡ്രിച്ചിന്റെ വാക്കുകള്‍ ഇടറിയില്ല. കാരണം ഇതുവരെ ലോകകപ്പിന്റെ ഫൈനല്‍ കാണാത്ത ക്രൊയേഷ്യക്ക് ചരിത്രനിമിഷം സമ്മാനിച്ച ടീമിനെയാണ് മോഡ്രിച്ച് നയിച്ചത്.
1998-ല്‍ ഇതിഹാസ താരമായ ഡെവര്‍ സുകേറിന്റെ കുതിപ്പ് സെമിയിലവസാനിച്ചുവെങ്കില്‍ 12 വര്‍ഷം ക്രൊയേഷ്യയുടെ ജഴ്സിയണിഞ്ഞ മോഡ്രിച്ച് ഫൈനല്‍ വരെ ടീമിനെ നയിച്ചു. അതും വെറുതെയല്ല, 87% പാസ് കൃത്യതയോടെ ഏഴു മത്സരങ്ങളിലായി 72.3 കിലോമീറ്ററാണ് ഓടിയത്. ഓരോ മത്സരത്തിലുമുള്ള ഡ്രിബ്ളിങ്ങിന്റെ എണ്ണമെടുത്താല്‍ അതിലും ഒന്നാമന്‍. റഷ്യയിലെ ഏറ്റവും മികച്ച താരത്തിനുള്ള ട്രോഫി വാങ്ങി മാസങ്ങള്‍ക്കുള്ളില്‍ ഫിഫയുടെ മികച്ച താരത്തിനുള്ള ട്രോഫിയും മോഡ്രിച്ചിന്റെ കൈയിലെത്തി. അതും വര്‍ഷങ്ങളായി ക്രിസ്റ്റിയാനോയും മെസ്സിയും കൈയടക്കിവെച്ചിരുന്ന ഒരു ട്രോഫി.
പാരിസിലെ ഗ്രാന്‍ഡ് പാലെയ്‌സിലെ വേദിയില്‍ ലോകത്തെ മികച്ച താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ നിലവിളിയും നിസ്സഹായതയും കുത്തിനിറച്ച കുട്ടിക്കാലത്തിനൊപ്പം മോഡ്രിിച്ച് ഓര്‍ത്തത് താന്‍ തന്നെ പണ്ടുപറഞ്ഞ ഒരു വാചകമാണ്. ബോസ്നിയന്‍ ക്ലബ്ബില്‍ നിന്ന് ക്രൊയേഷ്യന്‍ ലീഗിലേക്ക് തിരിച്ചുവരുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അത്. ബോസ്നിയയിലെ ഫുട്ബോള്‍ അന്തരീക്ഷം എങ്ങനെയായിരുന്നു എന്നായിരുന്നു ചോദ്യം. മോഡ്രിച്ച് ഇങ്ങനെ മറുപടി നല്‍കി. 'ബോസ്നിയന്‍ ലീഗില്‍ ആര്‍ക്ക് കളിക്കാനാകുന്നോ അയാള്‍ക്ക് ലോകത്തിന്റെ ഏതു കോണിലും കളിക്കാനാകും'