നെയ്മറെ കണ്ടുപഠിക്കുമോ രണ്ടാമത്തെ മെസ്സി?


By ബി.കെ.രാജേഷ്

12 min read
Read later
Print
Share

ഒരു വലിയ ചോദ്യം ഉയര്‍ന്നുവന്നിരിക്കുകയാണ് അര്‍ജന്റീന ഫുട്‌ബോളില്‍. മറ്റൊരു ചര്‍ച്ച സജീവമായിരിക്കുകയാണ് ടീമിനെ ചുറ്റിപ്പറ്റി. മെസ്സിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാനുള്ള സമയമായോ?

ഹൊസെ പെക്കര്‍മാന്റെ പേരില്‍ തീരാത്തൊരു അപരാധമുണ്ട് ഫുട്‌ബോള്‍ ചരിത്രത്തില്‍. ആതിഥേയരായ ജര്‍മനിക്കെതിരായ 2006 ലോകകപ്പ് ക്വാര്‍ട്ടറില്‍ ലയണല്‍ മെസ്സിയെ ഇറക്കാതിരുന്നതിന് തൃപ്തികരമായൊരു ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല അര്‍ജന്റീനയ്ക്ക് മൂന്ന് യൂത്ത് ലോകകപ്പുകള്‍ നേടിക്കൊടുത്ത പെക്കര്‍മാന് ഇന്നേവരെ. അന്ന് ബെര്‍ലിനിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് ടീം തോല്‍ക്കുന്നത് ബെഞ്ചില്‍ നിസ്സഹായരായി നോക്കി നെടുവീര്‍പ്പിട്ടിരിക്കുകയായിരുന്നു എഴുപത്തിരണ്ടാം മിനിറ്റില്‍ കാമ്പിയാസോയ്ക്കുവേണ്ടി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട റിക്വല്‍മെയും തൊണ്ണൂറു മിനിറ്റും കളി കണ്ടിരിക്കാന്‍ വിധിക്കപ്പെട്ട, അരങ്ങേറ്റ ലോകകപ്പ് കളിക്കുന്ന പത്തൊന്‍പതുകാരനായ മെസ്സിയും.

ഇരുവരും ഉണ്ടായിരുന്നെങ്കില്‍ ഷൂട്ടൗട്ടില്‍ അര്‍ജന്റീന ജയിക്കുകയും പിന്നെ ഒരുപക്ഷേ മൂന്നാംവട്ടം ലോകകിരീടവുമായി ബ്യൂണസ് ഏറീസിലേയ്ക്ക് തിരിച്ചു പറക്കുമായിരുന്നുവെന്നുമുള്ള വാദം വേണമെങ്കില്‍ തള്ളിക്കളയാം. മാറഡോണയുടെ പിന്‍ഗാമിയായ അത്ഭുതബാലനായി വാഴ്ത്തപ്പെട്ട, സെര്‍ബിയക്കെതിരേ കന്നി ലോകകപ്പ് ഗോള്‍ കുറിച്ച മെസ്സിയെ കരയ്ക്കിരുത്തി സാവിയോളയെയും ജൂലിയോ ക്രൂസിനെയും പരീക്ഷിക്കാനുള്ള പെക്കര്‍മാന്റെ ബുദ്ധിയെ, പക്ഷേ, തൊണ്ട തൊടാതെ വിഴുങ്ങാന്‍ കഴിയുമായിരുന്നില്ല. അന്നും ഇന്നും.

പെക്കര്‍മാന്റെ ആ ചൂതാട്ടം പിഴച്ചുപോയിട്ട് കൊല്ലം പതിമൂന്നായി. ഇതിനിടെ മൂന്ന് ലോകകപ്പുകളും അഞ്ച് കോപ്പയും കടന്നുപോയി. പെക്കര്‍മാന് പകരം ബാസിലെയും സബെല്ലയും ബറ്റിസ്റ്റയും സാംപോളിയും സ്‌കോളാനിയും സാക്ഷാല്‍ ഡീഗോ മാറഡോണ തന്നെയും വന്നുപോയി. സബ്സ്റ്റിറ്റ്യൂഷൻ എന്തെന്നറിയാതെ എട്ടിലും മെസ്സി കളിച്ചു. എന്നിട്ടും കിരീടത്തിനായി അനന്തമായി കാത്തിരിക്കാനായിരുന്നു അര്‍ജന്റീനയുടെ വിധി. നാല് കോപ്പ ഫൈനലിലും ഒരു ലോകകപ്പ് ഫൈനലിലും അര്‍ജന്റീന തോറ്റു. പെക്കര്‍മാന് പകരം ഓരോ തോല്‍വികള്‍ക്കും മെസ്സി ഒറ്റയ്ക്കു നിന്ന് പഴി കേട്ടതു മാത്രമായി ഓരോന്നിന്റെയും ബാക്കിപത്രം.

റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലും ബ്രസീലിലെ കോപ്പ അമേരിക്കയുടെ സെമിയിലും തോറ്റു മടങ്ങേണ്ടിവന്നതോടെ ഒരു വലിയ ചോദ്യം ഉയര്‍ന്നുവന്നിരിക്കുകയാണ് അര്‍ജന്റീന ഫുട്‌ബോളില്‍. മറ്റൊരു ചര്‍ച്ച സജീവമായിരിക്കുകയാണ് ടീമിനെ ചുറ്റിപ്പറ്റി. മെസ്സിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാനുള്ള സമയമായോ? പതിനഞ്ച് കൊല്ലത്തിനിടയ്ക്ക് ഒരൊറ്റ കിരീടം പോലും നാട്ടിലെത്തിക്കാനാവുന്നില്ലെങ്കില്‍ അഞ്ചു ബാലണ്‍ദ്യോറിന്റെയും ആറ് യൂറോപ്പ്യൻ ഗോൾഡൺ ഷൂവിന്റെയും ഒരു യൂത്ത് ലോകകപ്പിന്റെയും ഒളിമ്പിക് സ്വര്‍ണത്തിന്റെയും പഴംപുരാണംകൊണ്ട് ദേശീയ ടീമിന് എന്തു നേട്ടം. മെസ്സി ഉള്ളപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്നൊരു ചോദ്യം മുഴങ്ങാറുണ്ട് ഓരോ ലോകകപ്പ് വേളയിലും അര്‍ജന്റീന ടീമില്‍. മെസ്സി അര്‍ജന്റീനയ്ക്ക് ഒരു ലോകകപ്പ് നേടിക്കൊടുക്കുക എന്നതില്‍ ചരിത്രത്തിന്റെ ഒരു കാവ്യനീതി ഒളിഞ്ഞിരിപ്പുണ്ട്. മാറഡോണ ഫുട്‌ബോള്‍ ലോകകപ്പും സച്ചിന്‍ ക്രിക്കറ്റ് ലോകകപ്പും സ്വന്തമാക്കിയതുപോലെ അതിലൊരു നീതിനിര്‍വഹണത്തിന്റെ അനിവാര്യത അന്തര്‍ലീനമായിരിപ്പുണ്ട്. എന്നാല്‍, ഇപ്പോള്‍ കിരീടം കാത്തുമടുത്ത് കല്ലായി പോയ ആരാധക മനസ്സ് നെഞ്ചുപൊട്ടി ചോദിക്കുന്നത് ക്രൂരമായൊരു മറുചോദ്യമാണ്. മെസ്സിയെ കൊണ്ടാവുന്നില്ലെങ്കില്‍ പിന്നെന്തിന് മെസ്സി.

അന്ധമായ ആരാധനയുടെ അനന്തരഫലമല്ല മുനവെച്ച ഈ സന്ദേഹം. നിരാശയില്‍ നിന്നുടലെടുത്ത നിരര്‍ഥകമായ നിരീക്ഷണവുമല്ല. മെസ്സിയുടെ ഫോമിന് മാറ്റൊന്നും കുറഞ്ഞിരിക്കില്ല. എന്നാല്‍, ഒരു ടീം എന്ന നിലയില്‍ അര്‍ജന്റീനയുടെ സമീപകാല ഫോമും കളിക്കളത്തിലെ നേട്ടങ്ങളും ഇഴകീറിനോക്കിയാല്‍ ടീമിന് മെസ്സിയുടെ നായകത്വം ഒരു അനിവാര്യമല്ലാതായിക്കൊണ്ടിരിക്കുകയാണെന്നു വേണം അനുമാനിക്കാന്‍. മാറഡോണ 86ല്‍ അത്ഭുതപ്പെടുത്തിയപോലെ നീലവരയന്‍ കുപ്പായത്തിലെ ആള്‍ക്കൂട്ടത്തെ ടീമാക്കി മാറ്റാന്‍ മെസ്സിക്ക് കഴിയുന്നില്ല. മെസ്സിക്ക് ഒറ്റയ്ക്ക് എന്തു ചെയ്യാനാവുമെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫ്രാങ്ക് പുഷ്‌കാസും യൂസേബിയോയും യൊവാന്‍ ക്രൈഫുമൊന്നും ലോകകപ്പ് നേടിയിട്ടല്ല ഇതിഹാസങ്ങളായതെന്നും വേണമെങ്കില്‍ തൊടുന്യായങ്ങള്‍ നിരത്താം. എന്നാല്‍, പോര്‍ച്ചുഗലും ഹോളണ്ടും ഹംഗറിയുമല്ല അര്‍ജന്റീന. മൂന്ന് പതിറ്റാണ്ടിനിടയ്ക്ക് രണ്ട് ലോകകിരീടം മാത്രമാണ് നേടിയതെങ്കിലും ഇക്കാലം കൊണ്ട് അവര്‍ അറിഞ്ഞോ അറിയാതെയോ സൃഷ്ടിച്ചെടുത്തൊരു ആരാധകവൃന്ദം, ഒരു വിശ്വാസിസമൂഹം ബ്രസീലിന് ഒഴികെ മറ്റൊരു ടീമിനും അവകാശപ്പെടാനില്ല. ഈ ആരാധകപിന്‍ബലമാണ് ഫുട്‌ബോള്‍ കഴിഞ്ഞാല്‍ സാമ്പത്തികമായും രാഷ്ട്രീയപരമായും മുച്ചൂടും കുത്തഴിഞ്ഞുകിടക്കുന്ന ഒരു രാജ്യത്തിന്റെ ജീവവായു. അവരുടെ അസ്ഥിത്വം. അവര്‍ക്ക് മെസ്സി മിശിഹയാണ്. അവതാര പുരുഷനാണ്. ദൈവങ്ങള്‍ക്കും അവതാരങ്ങള്‍ക്കും ഈ വിശ്വാസിസമൂഹത്തിന് മുന്നില്‍ പിഴയ്ക്കാനാവില്ലല്ലോ. ഇതാണ് മെസ്സിയും അര്‍ജന്റീനയും കഴിഞ്ഞ കുറച്ചു കാലങ്ങളായി പേറുന്ന ബാധ്യത.

തോല്‍വികള്‍ക്ക് മറ്റൊരു താരത്തിനുമില്ലാത്തതു പോലെ മെസ്സിക്ക് ഒറ്റയ്ക്കുനിന്ന് കല്ലേറ് ഏല്‍ക്കേണ്ടിവരുന്നതും മെസ്സിക്ക് ശേഷം എന്ത് എന്നതിനെ കുറിച്ച് അകാലത്തില്‍ തന്നെ അര്‍ജന്റീന ചിന്തിച്ചു തുടങ്ങണമെന്ന ആവശ്യമുയരുന്നതുമെല്ലാം ഇതുകൊണ്ടുതന്നെ. ലോകകപ്പിലെയും കോപ്പ അമേരിക്കയിലെയുമെല്ലാം തോല്‍വികള്‍ അതിന് ആക്കം കൂട്ടുന്നു എന്നു മാത്രം. 2018 ലോകകപ്പിനേക്കാള്‍ 2019 ലെ കോപ്പയാണ് സത്യത്തില്‍ മെസ്സിമുക്ത അര്‍ജന്റീന എന്ന, വര്‍ത്തമാനകാലത്ത് ആത്മഹത്യാപരമായേക്കാവുന്ന, ഒരു ചിന്തയ്ക്ക് അര്‍ജന്റീനയില്‍ ആക്കം കൂട്ടിയത്. മെസ്സിക്ക് വേണം ഈ കോപ്പ എന്നായിരുന്നു 2011ല്‍ പുറത്തിറങ്ങിയ മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയുടെ മുഖലേഖനം. എട്ട് കൊല്ലത്തിനുശേഷവും കോപ്പ മെസ്സിക്ക് കിട്ടാക്കനി തന്നെ. ഇക്കുറിയെങ്കിലും മെസ്സിക്ക് വേണം കോപ്പ എന്ന് ആരും തലകെട്ട് നിരത്തിക്കണ്ടില്ല. അത് ലോകമെങ്ങുമുള്ള ആരാധകരുടെ മനസ്സിലെ മരുപ്പച്ചയായി നിന്നു. ഫൈനല്‍ വിസിലിന് തൊട്ടുമുന്‍പ് വീണുകിട്ടിയ ഗോളവസരം പോലുള്ള ടൂര്‍ണമെന്റായിരുന്നിട്ടും ഇത്തവത്തെ കോപ്പയില്‍ വെറും കാഴ്ചക്കാരനായിരുന്നു ലിയോ.

ഓപ്പണ്‍ ഗെയിമില്‍ ഒരു ഗോള്‍ നേടുകയോ ഒരു ഗോളവസരമെങ്കിലും സൃഷ്ടിക്കുകയോ ചെയ്തില്ല ഇത്തവണ മെസ്സി എന്നത് ഞെട്ടിക്കുന്ന ഒരു കണക്കാണ്. ടീം തപ്പിത്തടഞ്ഞ് സെമി വരെയെത്തിയെങ്കിലും ഒരൊറ്റ തവണയാണ് മെസ്സി വല കുലുക്കിയത്. അതുതന്നെ പെനാല്‍റ്റിയില്‍ നിന്നും. ഏറ്റവും ഷോട്ടുകള്‍ ഉതിര്‍ത്തതും ഏറ്റവും കൂടുതല്‍ ഫൗളുകള്‍ നേടിക്കൊടുത്തതുമെല്ലാം പക്ഷേ, ഇതേ മെസ്സി തന്നെ. അപ്പോള്‍ ഊഹിക്കാവുന്നതേയുള്ളൂ അഗ്യുറോയും മാര്‍ട്ടിനെസും ഡിബാലയും അടങ്ങുന്ന ശേഷിക്കുന്ന ടീമിന്റെ അവസ്ഥ. വ്യക്തിപരമായി പ്രതിഭയുള്ളവര്‍ യഥേഷ്ടമുണ്ടായിട്ടും ഒത്തിണക്കമുള്ള ഒരു ടീമാവുന്നില്ല അര്‍ജന്റീന എന്നതിന് തെളിവ് മറ്റെങ്ങും തിരയേണ്ടതില്ല. ആള്‍ക്കൂട്ടം രാഷ്ട്രീയത്തില്‍ വിപ്ലവം സൃഷ്ടിച്ചേക്കാം. കളിയില്‍ കപ്പ് നേടിത്തരില്ലല്ലോ. ഇതുതന്നെയാണ് മെസ്സി നേരിടുന്ന ഏറ്റവും വലിയ ബാധ്യത.

ഈയൊരു ബാധ്യത പേറുക മാത്രമല്ല, ബാഴ്‌സയുടെ പ്രൊഫഷണല്‍ കുപ്പായത്തില്‍ തിളങ്ങുകയും അര്‍ജന്റീനയുടെ നീലവരയുള്ള ദേശീയ വികാരത്തില്‍ നിറംമങ്ങിപ്പോവുകയും ചെയ്യുന്നതിന് സമാധാനം പറയാന്‍ കൂടി ബാധ്യസ്ഥനാവുകയാണ് ഇതുകൊണ്ട് മെസ്സി. സത്യത്തില്‍ മെസ്സി ഒന്നല്ല, രണ്ടാണ്. ബാഴ്‌സലോണയോ ബ്യൂണസ് ഏറീസോ എന്ന കുട്ടിക്കാലത്തെ അച്ഛന്‍ യോര്‍ഗെ മെസ്സിയുടെ ചോദ്യത്തില്‍ അര്‍ഥശങ്കയ്ക്കിടമില്ലാതെ ബാഴ്‌സലോണയോട് കൂറു പ്രഖ്യാപിച്ച ആളാണ്. ഇതിന്റെ പേരില്‍ മാത്രമാണ് ഇക്കണ്ട കാലമത്രയും ക്രിസ്റ്റ്യാനോയോ ഡി സ്റ്റിഫാനോയോ യൂസേബിയോയോ നേരിട്ടില്ലാത്തവിധം മെസ്സി പഴി കേട്ടുകൊണ്ടിരിക്കുന്നത്. പെലെയ്‌ക്കോ മാറഡോണയ്‌ക്കോ റൊണാള്‍ഡോയ്‌ക്കോ ഒന്നും തന്നെ നേരിടേണ്ടിവന്നിട്ടില്ലാത്തൊരു പ്രതിസന്ധി. പക്ഷേ, ഒന്നാമത്തെ മെസ്സി അടിമുടി ബാഴ്‌സലോണക്കാരനാണ് എന്നത് ആവര്‍ത്തിച്ച് ഉറപ്പിക്കപ്പെട്ടൊരു യാഥാര്‍ഥ്യമാണ്. രണ്ടാമതെ വരൂ അര്‍ജന്റീനക്കാരനായ രണ്ടാമത്തെ മെസ്സി. ഈ രണ്ടു മെസ്സിയെയും രണ്ടായി കണ്ടിട്ടു തന്നെ വേണം അര്‍ജന്റീനയുടെ കിതപ്പിനെയും ബാഴ്‌സയുടെ കുതിപ്പിനെയും വിലയിരുത്താന്‍. ഈ രണ്ടിനെയും ഒന്നായി കാണാനുള്ള സൂത്രപ്പണികളൊന്നും അന്നും ഇന്നും വശമില്ല കുട്ടിക്കാലത്തെ വൈതരണികള്‍ താണ്ടാന്‍ ബാഴ്‌സയെ ആശ്രയിച്ച മെസ്സിക്ക്. അത് ഉള്‍ക്കൊള്ളാനുള്ള പക്വത ആര്‍ജിച്ചിട്ടില്ല ലോകമെങ്ങുമുള്ള മെസ്സി ആരാധകരും.

ബാഴ്‌സ പൂര്‍ണമായും വേറൊരു ലോകമാണ് മെസ്സിയെ സംബന്ധിച്ചിടത്തോളം. പെപ് ഗ്വാര്‍ഡിയോളയുടെ ഫോള്‍സ് നയനില്‍ ശരിക്കും ഫുള്‍ ത്രോട്ടില്‍ അര്‍മാദിക്കുകയായിരുന്നു മെസ്സിയിലെ ഡ്രിബിളറും പ്ലേമേക്കറും. സാവിയുടെയും ഇനിയേസ്റ്റയുടെയും പിന്‍ബലംകൂടിയായതോടെ മെസ്സി എന്ന ഇതിഹാസം തന്റേതായ സ്വപ്‌നതുല്ല്യമായൊരു ലോകം തുറന്നെടുത്തു എതിര്‍ ഹാഫില്‍. കവിതയെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന സുന്ദരന്‍ ഫുട്‌ബോള്‍ പിറന്നു. ഇടങ്കാല്‍ വിസമയത്തില്‍ നിന്ന് അറന്നൂറിലേറെ ഗോളുകള്‍ വലയില്‍ കയറി. പത്ത് ലാലീഗ കിരീടങ്ങളും നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ആറ് കോപ്പ ഡെല്‍ റെ കിരീടങ്ങളും ബാഴ്‌സയുടെ അലമാരയിലെത്തി.

മായികമെന്ന് തോന്നിക്കുന്ന ഈ സ്വര്‍ഗത്തില്‍ നിന്നാണ് നീലവരയന്‍ കുപ്പായമണിയാന്‍ മെസ്സി ആണ്ടിനും സംക്രാന്തിക്കും ബ്യൂണസ് ഏറീസിലേയ്ക്ക് വിമാനം കയറുന്നത്. അത് വേറൊരു ലോകമായിരുന്നു. തളികയിലെന്നോണം വിരന്നൂട്ടുന്ന സാവിക്കും ഇനിയേസ്റ്റയ്ക്കും പകരം അപരിചിതരുടെ ഒരു ആള്‍ക്കൂട്ടമാണ് അവിടെ മെസ്സിയെ വരവേറ്റത്. ഓരോ കളിക്കാരനും അവന്റേതായ ലോകത്ത്. അവന്റേതായ സൂപ്പര്‍സ്റ്റാര്‍. ഈഗോയുടെ പെരുന്തലയന്മാര്‍. ഇവര്‍ക്കിടയില്‍ ഒരു മിസ്ഫിറ്റായി നുഴഞ്ഞുകയറിയവനെ പോലെ മെസ്സിയും. ചിതറിക്കിടക്കുന്ന ഈ ടീമിനെയാണ് കാലാകാലങ്ങളായി പല പരിശീലകരും മെസ്സിയുടെ കാല്‍പ്പാകത്തിനായി ഒരുക്കാന്‍ പാടുപെട്ട് പരാജയപ്പെട്ടത്. മെസ്സിയും പത്തു പേരും. അല്ലെങ്കില്‍ മെസ്സിക്കുവേണ്ടിയുള്ള പത്ത് പേര്‍ എന്നതിന് പകരം പതിനൊന്ന് പേരില്‍ ഒരാള്‍ മെസ്സി എന്നു കാണാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മാറഡോണയ്ക്ക് പോലും.

മെസ്സിക്ക് ലഭിക്കുന്ന അമിത പരിഗണനയുടെ പേരിലാണല്ലോ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ടീമില്‍ കാര്‍ലോസ് ടെവസ് കലഹമുണ്ടാക്കിയത്. മെസ്സിയായിരുന്നു എപ്പോഴും അച്ചുതണ്ട്. ടീമിന്റെ ഘടനയും വിന്യാസവും തന്ത്രവുമെല്ലാം മെസ്സിയുടെ സൗകര്യത്തിനുവേണ്ടിയായി. എല്ലാ റോളും മെസ്സിയിലേയ്ക്ക് ചുരുങ്ങി. മെസ്സിക്കുവേണ്ടി കറങ്ങുന്ന ടീമില്‍ മറ്റാര്‍ക്കും പ്രത്യേകിച്ച് റോളോ ഉത്തരവാദിത്വമോ ഇല്ലാതായി. തനിക്കുവേണ്ടി ഒരുക്കിയ ഫോര്‍മേഷനുകളും ശൈലിയും തനിക്ക് തന്നെ കാലിലെ കുരുക്കായി മാറി മെസ്സിക്ക്. ബാഴ്‌സയിലെ സ്വാതന്ത്ര്യം നഷ്ടമായി. ആഗ്രഹിച്ച പോലെ, ബാഴ്‌സയില്‍ ശീലിച്ചപോലെ മെസ്സിയിലേയ്ക്ക് പന്തെത്തിയില്ല. മെസ്സി നല്‍കിയ പന്തുകള്‍ ഉപയോഗിക്കപ്പെട്ടതുമില്ല. 2009 മുതല്‍ 2011 വരെയുള്ള പതിനൊന്ന് മത്സരങ്ങളില്‍ ഒരിക്കല്‍പ്പോലും ലക്ഷ്യം കാണാനായില്ല അര്‍ജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ മെസ്സിക്ക് എന്ന അവിശ്വസനീയമായ കണക്ക് മാത്രം മതി ഇപ്പറഞ്ഞത് മുഴുവന്‍ സംഗ്രഹിക്കാന്‍.

1921 മുതല്‍ 93 വരെ പതിനാലു തവണ കോപ്പ അമേരിക്ക കിരീടംചൂടിയവര്‍ക്ക് മെസ്സിയുടെ പ്രതാപകാലത്ത് ഒരു തവണ പോലും കപ്പടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിന് ന്യായീകരണം നികത്താന്‍ പാടാണ്. ബ്രസീലിന്റെ കാര്യം പോകട്ടെ. ചിലിയും കൊളംബിയയും യുറഗ്വായുമെല്ലാം ഇക്കാലത്ത് കപ്പടിച്ചു എന്നത് മെസ്സിയുടെ പോരായ്മയായി ഗണിക്കുന്നവരെ പഴിക്കാനാവില്ല. ക്രൊയേഷ്യയും സ്‌പെയിനും ഇംഗ്ലണ്ടും ജര്‍മനിയും നൈജീരിയയുമെല്ലാം കളിക്കുന്ന ലോകകപ്പിനേക്കാള്‍ കൊടുങ്കാറ്റിന് ആക്കം കുറഞ്ഞ കോപ്പയിലാണ് അര്‍ജന്റീനയുടെയും മെസ്സിയുടെയും ബലഹീനതയുടെ വ്യാപ്തി ശരിക്കും തുറന്നുകാട്ടപ്പെടുന്നത്. ആ മുറിവിനാണ് കൂടുതല്‍ ആഴം. 2014ലെ ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കാതിരുന്ന മെസ്സി 2016ലെ കോപ്പ ഫൈനലില്‍ ചിലിയോടേറ്റ തോല്‍വിക്കുശേഷം ഞെട്ടുന്ന വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ കാരണം മറ്റൊന്നല്ല.

പ്രതീക്ഷയോടെ ഓരോ ടൂര്‍ണമെന്റിന് ഇറങ്ങുകയും അതൊക്കെ അതിലും വലിയ ദുരന്തങ്ങളായി പര്യവസാനിക്കുകയും ചെയ്യുക. ഇതിന്റെയെല്ലാം ഒടുക്കം മെസ്സി ദുരന്തനായകനെപ്പോലെ ഒറ്റയ്ക്ക് നിന്നു പഴി കേള്‍ക്കുക. ഇതൊരു പതിവു കാഴ്ചയായിക്കഴിഞ്ഞു അര്‍ജന്റീനയുടെയും മെസ്സിയുടെയും ഫുട്‌ബോള്‍ കരിയറില്‍. ഇത് കഴിഞ്ഞ ലോകകപ്പിനോ ഇക്കഴിഞ്ഞ കോപ്പ അമേരിക്കയ്‌ക്കോ ശേഷമുള്ള കഥയല്ല. പതിനേഴാം വയസ്സില്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ ഇതാണ് മെസ്സി. പഴികള്‍ പരിചിതമാണ്. ഗോളടിക്കാത്തതിനും കിരീടം നേടിക്കൊടുക്കാത്തതിനും മാത്രമല്ല, ടീമിനൊപ്പം ദേശീയഗാനം ആലപിക്കാത്തതിനും സഹകളിക്കാരുമായി ഇടപഴകാത്തതിനും അവരുമായി ആശയവിനിമയം നടത്താത്തതിനും ടീം സെലക്ഷനില്‍ അനാവശ്യമായി ഇടപെടുന്നതിനുമെല്ലാം പഴിയേറെ കേട്ടിട്ടുണ്ട് മെസ്സി. സ്വാര്‍ഥനെന്ന് അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ബാറ്റിസ്റ്റ്യൂട്ടയും റിക്വല്‍മെയുമെല്ലാം അരങ്ങൊഴിഞ്ഞ അര്‍ജന്റീനയ്ക്ക് മെസ്സി അനിവാര്യമായിരുന്നു. 2016ലെ കോപ്പയ്ക്കുശേഷം ജൂലൈയില്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് മെസ്സി തിരിച്ചെത്തിയില്ലായിരുന്നെങ്കില്‍ രണ്ടു വര്‍ഷത്തിനുശേഷം മറ്റൊരു ജൂലൈയില്‍, റഷ്യയില്‍, പന്ത്രണ്ടാം ലോകകപ്പ് കളിക്കാന്‍ അര്‍ജന്റീന ഉണ്ടാകുമായിരുന്നില്ല എന്നതിന് കണക്കുകള്‍ ധാരാളം.

ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ മെസ്സി കളിക്കാതിരുന്ന എട്ട് കളികളില്‍ നിന്ന് ഏഴ് പോയിന്റ് മാത്രമായിരുന്നു അര്‍ജന്റീനയുടെ സമ്പാദ്യം. പത്ത് ടീമുകളുടെ മേഖലയില്‍ എട്ടാമത്. ഫൈനല്‍ റൗണ്ട് യോഗ്യത വിദൂര സ്വപ്‌നം പോലുമല്ലാതിരുന്ന ഈ സാഹചര്യത്തിലാണ് മെസ്സി തിരിച്ചു ടീമിലെത്തുന്നത്. മെസ്സി ഇറങ്ങിയശേഷം പത്ത് കളികളില്‍ നിന്ന് നേടിയ 21 പോയിന്റാണ് അവര്‍ക്ക് മൃതസഞ്ജീവനിയായത്. ഒടുവില്‍ ഇക്വഡോറിനെതിരായ നിര്‍ണായകമായ അവസാന മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക്ക് വേണ്ടിവന്നു റഷ്യയിലേയ്ക്കുള്ള ടിക്കറ്റ് ലഭിക്കാന്‍. പത്ത് കളികളില്‍ നിന്ന് ഏഴ് ഗോള്‍യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന സ്‌കോര്‍ ചെയ്ത ഗോളുകളുടെ മൂന്നിലൊന്ന്‌നേടിയ മെസ്സി ഒറ്റയ്ക്കു തന്നെയാണ് ടീമിനെ റഷ്യയിലേയ്ക്ക് വിമാനം കയറ്റിയതെന്ന് ചുരുക്കം. ഓരോ തിരിച്ചടികള്‍ക്കുശേഷവും ടീമും ആരാധകരും ഒരുപോലെ മെസ്സിയെന്ന അഭയസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുന്നതിന്റെയും മെസ്സിയിലേയ്ക്ക് മാത്രമായി ചുരുങ്ങുന്നതിന്റെയും കാരണം ഇതൊക്കെ തന്നെ. 2018ലെ ലോകകപ്പിലും 2019ലെ കോപ്പയിലും പരാജയപ്പെട്ടെങ്കിലും 2020ലെ കോപ്പയിലും 2022ലെ ദോഹ ലോകകപ്പിലും അവര്‍ അനിവാര്യമായ ഒരു അത്ഭുതം പ്രതീക്ഷിക്കുന്നതിന്റെ കാരണവും ഇതുതന്നെ.

ആരാധകരുടെ പ്രതീക്ഷയും വിശ്വാസവും മാറ്റിനിര്‍ത്തിയാല്‍ അര്‍ജന്റീനയുടെ കുപ്പായത്തില്‍ പലപ്പോഴും വീര്‍പ്പുമുട്ടുന്നതു പോലെയായിരുന്നു മെസ്സി. സമര്‍ദം ആയുസ്സെടുക്കുന്നത് പോലെയായിരുന്നു. ഇത്രയും മോഹഭംഗം ബാഴ്‌സയില്‍ നിഴലിട്ടിട്ടില്ല മെസ്സിയുടെ മുഖത്ത്. ഓരോ അന്താരാഷ്ട്ര മത്സരം കഴിയുമ്പോഴും മെസ്സി അഭയകേന്ദ്രമായ നൗകാമ്പിലേയ്ക്ക് ഓടിയെത്തുന്നതു പോലെയായിരുന്നു. അവിടെ ഗോളടിച്ചും അടിപ്പിച്ചും പിഴയത്രയും തീര്‍ത്തു ബാഴ്‌സയുടെ നായകവേഷത്തില്‍. അര്‍ജന്റീനയുടെ മാത്രം ആരാധകര്‍ ഇതു കണ്ട് പല്ലിറുക്കി. ഈ രണ്ടാമത്തെ മെസ്സിയാണ് ശരിക്കുമുള്ള മെസ്സിയെന്ന് അവര്‍ പിന്നെയും പിന്നെയും തിരിച്ചറിഞ്ഞുകൊണ്ടിരുന്നു. ബാഴ്‌സയും മെസ്സിയുടെ പകരക്കാരനെ തിരഞ്ഞുതുടങ്ങിയതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ടെങ്കിലും താരതമ്യേന സുരക്ഷിതനാണ് അവിടുത്തെ ഒന്നാമത്തെ മെസ്സി. ഇതല്ല നീലക്കുപ്പായത്തില്‍ വിരുന്നുകാരനായി വന്നു പോവുന്ന രണ്ടാമത്തെ മെസ്സിയുടെ അവസ്ഥ. മെസ്സിമുക്തമായൊരു അര്‍ജന്റീനയ്ക്കുവേണ്ടിയുള്ള മുറവിളി ലോകകപ്പിനുശേഷം ശക്തമാണ്.

ടീമിലെ മെസ്സിയുടെ സ്വാധീനം കുറയ്ക്കണമെന്നും മെസ്സിയും പത്തു പേരും എന്ന നിലയില്‍ നിന്ന് ഒത്തൊരുമയുള്ള പതിനൊന്ന് പേരുടെ ഒരു ടീമായി മാറണമെന്നും ഫുട്‌ബോള്‍ ഫെഡറേഷനിലെ വലിയൊരു വിഭാഗം ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. റഷ്യയിലെ തോല്‍വിക്ക് ക്യാപ്റ്റന്‍ മറുപടി പറഞ്ഞേ തീരുവെന്നും അവര്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരിശീലകസ്ഥാനത്ത് സാംപോളിക്ക് പകരം സ്‌കോളാനി വന്നതു മാത്രമായി മാറ്റം. മെസ്സി പക്ഷക്കാരനും ലോകകപ്പ് നേടിക്കൊടുത്ത കോച്ചുമായ സെസര്‍ മെനോട്ടി ടീം ഡയറക്ടറുമായതോടെ ടീം പഴയ മെസ്സി ടീം തന്നെയായി. മെസ്സിയില്ലാതെ സമ്പൂര്‍ണമായൊരു പൊളിച്ചെഴുത്ത് ചൂതാട്ടം അജണ്ടയിലേ ഉണ്ടായിരുന്നില്ല. പകരം മെസ്സിക്കുവേണ്ടി പെപ് ഗ്വാര്‍ഡിയോളയെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നു ചാക്കിടാനായിരുന്നു പുതിയ ഫെഡറേഷന്‍ അധ്യക്ഷന്‍ ക്ലോഡിയോ ടാപ്പിയയുടെ തലയില്‍ വിരിഞ്ഞ തന്ത്രം. പെപ്പിനെ പൊക്കണമെങ്കില്‍ ഫെഡറേഷനെ തന്നെ വില്‍ക്കേണ്ടിവരുമെന്ന് പറഞ്ഞ് ടാപ്പിയ തന്നെ പിന്നെ തലയൂരി. മെസ്സിയോട് അടുപ്പമുള്ള പാബ്ലോ അയ്മറെ കൊണ്ടുവന്ന് സ്‌കോളാനിയുടെ സഹായിയാക്കുകയായിരുന്നു അടുത്ത അടവ്.

ഡിബാല, നിക്കോളസ് ഓട്ടോമെന്‍ഡി, നിക്കോളസ് ടാഗ്ലിയാഫിക്കോ, ലൗട്ടാരോ മാര്‍ട്ടിനസ്, യുവാന്‍ ഫോയിത്ത്, മില്‍ട്ടണ്‍ കാസ്‌ക്കോ, മത്യാസ് സുവാരസ് തുടങ്ങിയ യുവാക്കളുടെ വലിയൊരു നിരയുണ്ടായിരുന്നെങ്കിലും സ്‌കോളാനിയും തന്ത്രം മെനഞ്ഞത് മെസ്സിയെ മനസ്സില്‍ കണ്ടുതന്നെ. ടീമിനെ ഒരുക്കിയത് മെസ്സിയെ ആശ്രയിച്ചു തന്നെ. മികച്ച ഒരു ടീമിനെ കണ്ടെത്താന്‍ തന്നെ അവര്‍ പണിപ്പെട്ടില്ല. വെനസ്വേലയ്ക്കും മൊറോക്കോയ്ക്കുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുത്ത 31 അംഗ ടീമില്‍, റഷ്യന്‍ ലോകകപ്പില്‍ കളിച്ച ഒന്‍പത് പേര്‍ മാത്രമാണ് ഇടം കണ്ടെത്തിയത്. പുതുമുഖങ്ങളുടെ നിര പ്രതീക്ഷ നല്‍കുമെന്ന് വിധിക്കാന്‍ വരട്ടെ. മെസ്സിയും ഡിബാലയും ഏഞ്ചല്‍ കോറിയയും ലിയനാര്‍ഡോ പെരെഡെസും ഏഞ്ചല്‍ ഡി മരിയയും നിക്കോളസ് ഓട്ടാമെന്‍ഡിയും അടക്കം ആറു പേര്‍ക്ക് മാത്രമായിരുന്നു യൂറോപ്പിലെ മുന്‍നിര ക്ലബുകളില്‍ കളിച്ചിട്ടുള്ള പരിചയമുണ്ടായിരുന്നത്. ഇതില്‍ തന്നെ മെസ്സിയെയും ഡിബാലയെയും മാറ്റിനിര്‍ത്തിയാല്‍ ലോകോത്തരം എന്നു പറയാവുന്നവരും വേറെയില്ല. ബാക്കിയുള്ള പതിനേഴ് പേര്‍ യൂറോപ്പിലെ ഒരു പ്രധാനപ്പെട്ട ലീഗിലും കളിക്കുന്നില്ല. പതിനാലു പേര്‍ യൂറോപ്പിലേ കളിക്കുന്നില്ല. അങ്ങനെ ഗോളി മുതല്‍ സ്‌ട്രൈക്കര്‍മാര്‍ വരെയുള്ളവരില്‍ ഭൂരിഭാഗവും പരിചയക്കുറവുള്ളവര്‍. ഇതുതന്നെയാണ് അവര്‍ കോപ്പയിലേയ്ക്കും വലിച്ചുനീട്ടിയത്.

പഴയ താരങ്ങളില്‍ പലരുമില്ലാത്ത ടീമില്‍ കളിക്കാന്‍ മെസ്സി തന്നെ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല എന്നുമുണ്ടായിരുന്നു ഒരു കേഴ്‌വി. മെസ്സിയുടെ ഈ അര മനസ്സായിരുന്നു കോപ്പയ്ക്കുവേണ്ടി ഒരുക്കിയ ടീമിനുള്ള സ്‌കോളാനിയുടെ മൂലധനം. ഒരിക്കല്‍ക്കൂടി ഒട്ടും പ്രതീക്ഷയില്ലാതെ ഏറ്റവും വലിയ സ്വപ്‌നത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുക എന്ന പതിവ് ആവർത്തിക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ ടീമുമായാണ് സ്‌കോളാനി ബ്രസീലിലേയ്ക്ക് പോയതെന്ന വസ്തുത ഇക്കുറിയെങ്കിലും മെസ്സി കപ്പടിക്കുമെന്ന മരുപ്പച്ച കൊണ്ട് മറച്ചു. ഇത്തവണത്തെ കോപ്പയിലും ചരിത്രം ആവര്‍ത്തിച്ചു. മെസ്സിയും അര്‍ജന്റീനയും ഒരുപോലെ പരാജയപ്പെട്ടു. നിരാശ ആരാധകര്‍ക്ക് ഒരു ശീലമായി. കോപ്പ നിറയും എന്ന മാതൃഭൂമി സ്‌പോര്‍ട്‌സ് പേജിലെ തലക്കെട്ടിനെ കോപ്പ് നിറയുമെന്ന് എഴുതിച്ചേര്‍ത്ത് എന്നെ വിളിച്ചുണര്‍ത്തി കാണിച്ചാണ് കട്ട മെസ്സിഫാനായ പത്താം ക്ലാസുകാരന്‍ മകന്‍ ആത്മരോഷം തീര്‍ത്തത്. നെയ്മറില്ലാതെ ബ്രസീലില്‍ കപ്പടിക്കുക കൂടി ചെയ്തതോടെ ആത്മനിന്ദയ്ക്ക് വഴിമാറി കൊടുത്ത അവന്റെ ആത്മരോഷത്തില്‍ വായിച്ചെടുക്കാം മെസ്സിയെന്ന മിശിഹ ചോദ്യം ചെയ്യപ്പെടുന്നതിന്റെ ന്യായീകരണം. ചിലിക്കെതിരായ പ്ലേഓഫില്‍ കിട്ടിയ ചുവപ്പ്കാര്‍ഡും റഫറീയിങ്ങിനെതിരായ പൊട്ടിത്തെറിയും ഒടുക്കം പ്രതിഷേധസൂചകമായി സമ്മാനദാനച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുമുള്ള തീരുമാനവുമെല്ലാം മെസ്സിയില്‍ കണ്ടുശീലമില്ലാത്തതാണ്. അതൊരു രോഗലക്ഷണമാണ്. ചികിത്സ വളരെ വൈകിയ ഒരു രോഗത്തിന്റെ അവസാന ലക്ഷണം.

കോപ്പയില്‍ മെസ്സി കളിച്ചിട്ടും അര്‍ജന്റീന തോല്‍ക്കുകയും നെയ്മര്‍ കളിക്കാതിരുന്നിട്ടും ബ്രസീല്‍ കപ്പടിക്കുകയും ചെയ്തത് ഒരു വലിയ സമസ്യാപൂരണമായിരുന്നു അര്‍ജന്റീനയ്ക്ക്. ഒരു വലിയ വൈതരണി തരണം ചെയ്യാനുള്ള ചൂണ്ടുപലക. സാധ്യതയായാലും ബാധ്യതയായാലും അര്‍ജന്റീനയ്ക്ക് മെസ്സി എന്നതു പോലെയായിരുന്നു ബ്രസീലിന് നെയ്മറും. സ്വന്തം നാട്ടിലെ ടൂര്‍ണമെന്റിന്റെ തൊട്ടുമുന്‍പ് നെയ്മറിനേറ്റ പരിക്ക് ബ്രസീലിനെ അടിമുടി ഉലച്ചുകളഞ്ഞിരുന്നു. 2014ലെ നെയ്മറിന്റെ പരിക്കും ജര്‍മനിയോടേറ്റ മഴവില്‍ തോല്‍വിയും ടിറ്റെയുടെയും ടീമിന്റെ മനസ്സ് ഉലച്ചുകളഞ്ഞത് സ്വാഭാവികം. എന്നാല്‍, ചില തിരിച്ചടികള്‍ തുറന്നിടുക വലിയ ചില സാധ്യതകള്‍ക്കാവും. നെയ്മറുടെ അഭാവം ഒരു തിരിച്ചടിയായല്ല, ഒരു വലിയ സാധ്യതയായാണ് ടിറ്റെ കണ്ടത്. നെയ്മര്‍ക്കുവേണ്ടി മറ്റുള്ളവരെ മെരുക്കി ഒതുക്കി ടീമായി വാര്‍ത്തെടുക്കേണ്ട ബാധ്യത ഒഴിഞ്ഞത് വലിയൊരു അശ്വാസമായിരുന്നു. സൂപ്പര്‍താരങ്ങളുടെ ദുര്‍മേദസ്സും അമിതഭാരവുമില്ലാതെ ടിറ്റെ പുതിയൊരു ടീമും ഫോര്‍മേഷനും വാര്‍ത്തെടുത്തു. മൂന്ന് വര്‍ഷംമുന്‍പ് കോപ്പയില്‍ തന്നെ ഫോക്‌സ്ബറോയില്‍ പെറുവിനോട് തോറ്റ് പ്രാഥമിക റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായതു മുതല്‍ തുടങ്ങിയതായിരുന്നു ബ്രസീല്‍ സൂപ്പര്‍താരഭാരമൊഴിക്കാനുള്ള ശ്രമം. ദുംഗയ്ക്ക് പകരം ചുമതലയേറ്റ ടിറ്റെയുടെ ശ്രമങ്ങളത്രയും ഇതിനുവേണ്ടിയായിരുന്നു. നെയ്മര്‍ എന്ന സൂപ്പര്‍താരം മാത്രമായിരുന്നു ഇതില്‍ ടിറ്റെയ്ക്ക് ഒരു മാര്‍ഗതടസ്സം. ലോകകപ്പില്‍ നെയ്മര്‍ക്കുവേണ്ടി മറ്റു പലതാരങ്ങളും അമിതഭാരം പേറി. തങ്ങള്‍ക്ക് ഒട്ടും തൃപ്തികരമല്ലാത്ത പൊസിഷനുകളില്‍ കളിക്കേണ്ടിവന്നു. ബ്രസീലിന്റെ കുതിപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് മുന്നില്‍ ഒടുങ്ങി.

കോപ്പയില്‍ അങ്ങനെ നെയ്മറുടെ പരിക്ക് ടിറ്റെയ്ക്ക് ഉര്‍വശിശാപം ഉപകാരമായി. സൂപ്പര്‍താരഭാരമില്ലാത്ത ഒത്തിണക്കവും താളവുമുള്ള ഒരു ടീമിനെ വിന്യസിക്കാന്‍ ടിറ്റെ്ക്കായി. നെയ്മറുടെ പകരക്കാരനായ എവര്‍ട്ടണായിരുന്നു ടൂര്‍ണമെന്റിലെ പുതിയ സെന്‍സേഷന്‍. മൂന്ന് ഗോളോടെ ഗ്വരേരോയ്‌ക്കൊപ്പം ഗോള്‍ഡന്‍ ബൂട്ട് പങ്കുവയ്ക്കുകയും ചെയ്തു. നെയ്മര്‍ ഉണ്ടായിരുന്നെങ്കില്‍ തനിക്ക് ഇത്രയും അവസരങ്ങള്‍ കിട്ടുമായിരുന്നില്ലെന്ന് സമ്മാനദാനച്ചടങ്ങില്‍ പരസ്യമായി സമ്മതിക്കുകയും ചെയ്തു എവര്‍ട്ടണ്‍. വിംഗില്‍ സ്വതന്ത്രരായിരുന്നു എവര്‍ട്ടണും ജീസസും. റോബര്‍ട്ടോ ഫെര്‍മിന്യോ മധ്യഭാഗത്ത് പവര്‍ഹൗസായി. കുടിന്യോ പ്ലേമേക്കറുടെ വേഷം ഒന്നാന്തരമായി ആടിത്തിമിര്‍ത്തു. കാസെമിരോ മധ്യനിര അടക്കിവാണു. റിച്ചാര്‍ലിസണും ഡേവിഡ് നെരെസും കൂടുതല്‍ ആക്രമണകാരികളായി. സബസ്റ്റിറ്റിറ്റ്യൂഷനുകള്‍ ഫലപ്രദമായി. ഡാനി ആല്‍വേസ് പ്രതിരോധത്തിലും മധ്യനിരയിലും നിറഞ്ഞുകളിച്ച് ടീമിനെ നയിച്ചു. എല്ലവര്‍ക്കും തൃപ്തികരമായ പൊസിഷനുകളില്‍ കളിക്കാനായത് വലിയ കാര്യമായിരുന്നു. ചില്ലറ പ്രശ്‌നങ്ങളും തപ്പിത്തടയലുകളും അര്‍ജന്റീന ആരോപിച്ചപോലെ റഫറിയിങ്ങിന്റെ കണ്ണടയ്ക്കലുമെല്ലാം ഉണ്ടായിരുവെന്ന് സമ്മതിച്ചാല്‍ തന്നെ മുഴുവന്‍ ടൂര്‍ണമെന്റിലുമായി ഒരൊറ്റ ഗോളാണ് വഴങ്ങിയത് എന്നത് ബ്രസീലിന്റെ മികവിന്റെ നിദാനം തന്നെയാണ്. പെറുവിനെതിരെ പിറന്ന അഞ്ചു ഗോളുകള്‍ക്ക് അഞ്ച് അവകാശികള്‍ ഉണ്ടായിരുന്നു എന്നതു തന്നെ ബ്രസീലിന് തിരിച്ചുകിട്ടിയ ടീം സ്പിരിറ്റിന്റെ തെളിവായി. വര്‍ഷങ്ങളായി അവര്‍ക്ക് നഷ്ടപ്പെട്ട താളമാണ് ടിറ്റെ വീണ്ടെടുത്തുകൊടുത്തത്. പന്ത്രണ്ട് വര്‍ഷത്തിനുശേഷം ഒരു ട്രോഫിയും. ഇതിനെല്ലാം വഴിവച്ചത് നെയ്മറുടെ അഭാവമാണെന്ന് ടിറ്റെ അടക്കമുള്ളവര്‍ അടക്കിപ്പറഞ്ഞ് സമ്മതിക്കും.

ഇതിന് പിന്‍ബലമേകാന്‍ മറ്റൊരു കണക്ക് കൂടിയുണ്ട്. 2014 ലോകകപ്പിനുശേഷം നെയ്മര്‍ കളിച്ച 48 മത്സരങ്ങളില്‍ നിന്ന് 100 ഗോളുകളാണ് ബ്രസീല്‍ നേടിയത്. നെയ്മറെ കൂടാതെ കളിച്ച 26 മത്സരങ്ങളില്‍ അവര്‍ 52 തവണ വല കുലുക്കി. നെയ്മറില്ലെങ്കിലും ഗോള്‍ സ്‌കോറിങ്ങിന് കുറവൊന്നുമില്ലെന്ന് സാരം. നെയ്മറില്ലാത്ത ഈ വിജയം ബ്രസീലിന് മാത്രമല്ല, അയല്‍ക്കാരായ അര്‍ജന്റീനയ്ക്ക്കൂടിയുള്ള ചൂണ്ടുപലകയാണ്. മെസ്സിയില്ലാതെ എങ്ങനെ വിജയിക്കാം എന്ന പ്രഹേളികയിലേയ്ക്കുള്ള ഒരു ദിശാസൂചി. കോപ്പയില്‍ ടിറ്റെ കണ്ടെത്തിയ ഈ സമസ്യ പൂരിപ്പിക്കാന്‍ സ്‌കോളാനിക്ക് കഴിഞ്ഞാല്‍ മെസ്സി യുഗത്തില്‍ നിന്ന് മോചിതരാകാന്‍ അര്‍ജന്റീനയ്ക്കാവും. മെസ്സിക്ക് ദയാരഹിതമായി വി.ആര്‍.എസ്. നല്‍കണമെന്നല്ല. കോപ്പയിലെ ചുവപ്പ് കാര്‍ഡും അതിനെ ചൊല്ലിയുള്ള പൊട്ടിത്തെറിയുമൊന്നും അസ്തമയത്തിന്റെ ആപത്‌സൂചനയായി എടുക്കേണ്ടതില്ല. ഒരു കളിക്കാരന്‍ എന്ന നിലിയില്‍ മെസ്സിയില്‍ ഇനിയും ഒരുപാട് കളി ശേഷിക്കുന്നുണ്ട്. ഒരുപാട് അത്ഭുതങ്ങള്‍ ആ ബൂട്ടില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതൊക്കെ ആദ്യത്തെ മെസ്സിയുടെ കാര്യം. രണ്ടാമത്തെ മെസ്സിക്ക് ഈ അത്ഭുതങ്ങള്‍ അര്‍ജന്റീനയ്ക്ക് ഒരു കിരീടമായി പരിവര്‍ത്തനം ചെയ്യാനാവുമോ എന്നതു മാത്രമാണ് ഇവിടെ പ്രസക്തമായ ചോദ്യം. മുപ്പത്തിമൂന്നാം വയസ്സിലും മുപ്പത്തിനാലാം വയസ്സിലുമൊന്നും അതത്ര എളുപ്പമല്ല. പ്രത്യേകിച്ച് നിലവിലെ ശരാശരി ടീമിനെയും കൊണ്ട്. ഒരു കപ്പ് സ്വന്തമാക്കി വിരമിക്കാന്‍ അവസരമൊരുക്കുക എന്ന ദയ ഫുട്‌ബോള്‍ ഫെഡറേഷന്‍ വച്ചുനീട്ടിയേക്കാം. അതിനു പക്ഷേ വലിയ വില ഒരിക്കല്‍ക്കൂടി അര്‍ജന്റീന നല്‍കേണ്ടതായി വന്നേക്കാം.

എന്നാല്‍, ഹതാശനായി മുട്ടില്‍ കൈ കുത്തിനില്‍ക്കുന്ന, നിരാശനായി താടിക്ക് കൈ കൊടുത്ത്, അപമാനഭാരം കൊണ്ട് തല കുമ്പിട്ട് ഗ്രൗണ്ടില്‍ നിന്ന് മടങ്ങുന്ന മെസ്സിയെ, ആരാധകരും എതിരാളികളും ഒരുപോലെ ഗ്രൗണ്ടില്‍ നിര്‍ത്തി വിചാരണചെയ്യുന്ന മെസ്സിയെ ഒരിക്കല്‍ക്കൂടി കാണാന്‍ വയ്യ. നെയ്മറുടെ അഭാവവും ടിറ്റെയുടെ തന്ത്രവും അവര്‍ കണക്കിലെടുത്തേ തീരൂ. ഇനിയാരെന്നു ചോദിക്കാന്‍ മെസ്സിയെന്ന വന്‍മരം വീഴുംവരെ കാത്തിരിക്കേണ്ടതില്ല.മെസ്സിയില്ലാത്തൊരു അര്‍ജന്റീന സങ്കല്‍പങ്ങള്‍ക്ക് അപ്പുറമാണ്. പക്ഷേ, അര്‍ജന്റീനയ്ക്ക് മെസ്സിക്കും അപ്പുറത്തേയ്ക്ക് വളര്‍ന്നേതീരൂ. അവിടെ ഡി ബാലയുണ്ട്, മൗറോ ഇക്കാര്‍ഡിയുണ്ട്, ലൗട്ടറോ മാര്‍ട്ടിനെസുണ്ട്. ജിയോവാനി ലൊ സെല്‍സോയുണ്ട്. എവര്‍ട്ടണ്‍ നെയ്മറുടെ സ്ഥാനം നികത്തിയ പോലെ ഇവരാരും മെസ്സിയുടെ പത്താം നമ്പറില്‍ പെര്‍ഫക്ട് ഫിറ്റാവണമെന്നില്ല. പക്ഷേ, ഇവര്‍ക്ക് വളരണമെങ്കില്‍, അര്‍ജന്റീന അബദ്ധധാരണകളുടെ സഞ്ചയത്തില്‍ നിന്ന് പുറത്തുവന്ന് ഒത്തൊരുമയുള്ള ഒരു ടീമായി മാറണമെങ്കില്‍ സൂപ്പര്‍താരബാധ്യതകളെല്ലാം ഒഴിഞ്ഞേ തീരൂ. കമ്മട്ടത്തിന്റെ കിലുക്കം മറന്ന് മെസ്സിയില്ലാത്തൊരു കാലത്തിനായി കരുനീക്കം തുടങ്ങിയേ പറ്റൂ.

തീരുമാനം മെസ്സിയുടേതാണ്. ഒന്നുകില്‍ ഒരു കോപ്പയോ ലോകകപ്പോ നേടി ഡീഗോ മാറഡോണയുടെയും പെലെയുടെയും തലത്തിലെത്തുക. അല്ലെങ്കില്‍ മാറഡോണ ഉപദേശിച്ചപോലെ കൂടുതല്‍ മാനക്കേടുകള്‍ക്ക് കാത്തിരിക്കാതെ പുതിയ താരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കുക. മികച്ച എഞ്ചിനുണ്ടായിട്ടും ലൂയിസ് ഹാമിള്‍ട്ടനോട് തോല്‍ക്കുന്ന സെബാസ്റ്റ്യൻ വെറ്റലിനോടാണ് ഡീഗോ തന്റെ പിന്‍ഗാമിയെ ഇയ്യിടെ ഉപമിച്ചത്. മെസ്സി 2016ല്‍ അതിന് തുനിഞ്ഞതാണ്. ഒരിക്കല്‍ക്കൂടി വിരമിക്കുന്നതില്‍ വിരോധമുള്ളയാളുമല്ല. രാജ്യത്തിന് ഒരു കപ്പെങ്കിലും നേടിക്കൊടുക്കണമെന്നൊരു ആഗ്രഹം മാത്രമാണ് ബാക്കിയെന്ന് തുറന്നു സമ്മതിച്ചയാളുമാണ്. അര്‍ജന്റീനയില്ലെങ്കിലും മെസ്സിയുണ്ടാകും. മെസ്സി ഇല്ലാതെ അര്‍ജന്റീനയോ എന്നതു മാത്രമാണ് ബാക്കിയാകുന്ന ചോദ്യം. ബാഴ്‌സ വിരോധികളായ അര്‍ജന്റീന ആരാധകര്‍ ക്ഷമിക്കുക. രണ്ടാമത്തെ മെസ്സിയെ മാത്രമേ നമുക്ക് നഷ്ടപ്പെടുന്നുള്ളൂ. ഒന്നാമത്തെ മെസ്സിയഥാര്‍ഥ മെസ്സിപഴികള്‍ കേള്‍ക്കാതെ, വീര്‍പ്പുമുട്ടലില്ലാതെ ബാഴ്‌സയില്‍ കളിച്ചു തമിര്‍ത്ത് നമ്മളെ രസിപ്പിച്ചുകൊണ്ടിരിക്കട്ടെ.

Content Highlights: Lionel Messi Argentina Soccer Retirement Copa America Football World Cup

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram