മിഹിര്‍ സെന്നിനെക്കുറിച്ച് ആദ്യമായി പറയുന്നത് കെജിഎമ്മാണ്. കെജി മുരളീധരന്‍. ഏഴു കടലും നീന്തിക്കടന്ന മിഹിര്‍ സെന്‍ ഓര്‍മകളുടെയും മറവിയുടെയും നടുക്കടലില്‍ വള്ളം മറിഞ്ഞു കൈകാലിട്ടടിക്കുകയാണ്. നമുക്കൊന്ന് അന്വേഷിച്ചു പോയാലോ..
1994ലാണ് അത്. മാതൃഭൂമി സ്പോര്‍ട്സ് മാസിക ആരംഭിച്ച കാലത്ത്. ലോകം ഇത്ര 'ചെറുതായി'ക്കഴിഞ്ഞിരുന്നില്ല. സ്പോര്‍ട്സ് താരങ്ങള്‍ ഇത്രക്കൊന്നും 'വലുതായി'ട്ടുമില്ല. പക്ഷെ അന്നേക്കു തന്നെ കെജി മുരളീധരന്‍ എന്ന മാതൃഭൂമിയുടെ കെജിഎം സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങില്‍ കുറച്ചു വലുതായിക്കഴിഞ്ഞിരുന്നു. കളിക്കു പിന്നില്‍ എഴുതപ്പെടേണ്ട വേറെയും കളികളും കഥകളുമുണ്ടെന്ന് അദ്ദേഹം പഠിച്ചു കഴിഞ്ഞിരുന്നു. ചിലതു വിധിയുടെ കളികള്‍, ചിലത് കള്ളക്കളികള്‍.. ചിലതു കണ്ണീര്‍ക്കഥകള്‍, ചിലതു വീരഗാഥകള്‍.. ട്രാക്കിനു പുറത്തെ ഈ കളികളിലേക്കും കഥകളിലേക്കും തിരിച്ചുവെച്ച ക്യാമറയായിരുന്നു കെജി മുരളീധരന്‍ എന്ന സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍. കളിയെ കളിക്കളത്തിനു പുറത്തു തേടിയ എഴുത്തുകാരന്‍.
മാതൃഭൂമി സ്പോര്‍ട്സ് മാസികക്കു വേണ്ടി മിഹിര്‍ സെന്നിനെ അന്വേഷിച്ച് രാജന്‍ പൊതുവാളുമൊത്ത് കെജിഎം നടത്തിയ യാത്ര അത്തരത്തിലൊന്നായിരുന്നു. മാസികയുടെ ജാതകം മാറ്റിയ ആദ്യകാല എക്സ്‌ക്ലുസീവുകളിലൊന്ന്. മാതൃഭൂമിയുടെ മികച്ച സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളെന്ന നിലയിലേക്കുള്ള കെജിഎമ്മിന്റെ വളര്‍ച്ചയില്‍ മിഹിര്‍ സെന്‍ സ്റ്റോറി ഉള്‍പ്പെടെ അദ്ദേഹം മാസികയിലെഴുതിയ അക്കാലത്തെ പല 'കഥ'കളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. മാസികയുടെ ടീമില്‍ ആലോചനായോഗം മുതല്‍ തന്നെ കെജിഎം ഉണ്ടായിരുന്നു. അന്നൊക്കെ അതിലെ ഏറ്റവും മികച്ച കോണ്‍ട്രിബ്യൂട്ടറുമായിരുന്നു. മാസികയിലൂടെ കെജിഎമ്മും കെജിഎമ്മിന്റെ ചില എക്സ്‌ക്ലൂസീവുകളിലൂടെ മാസികയും ഒരുമിച്ചു വളര്‍ന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല.
കളിക്കാരുടെ ജീവിതങ്ങള്‍ക്ക് കളിയോളം പ്രാധാന്യം സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങില്‍ കൈവന്നതില്‍ മുരളിയുടെ സ്പോര്‍ട്സ് മാസിക ഫീച്ചറുകള്‍ക്ക് വലിയ പങ്കുണ്ട്. മലയാളത്തിലെ പില്‍ക്കാല സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങിനെ ആ ഫീച്ചറുകള്‍ ആഴത്തില്‍ സ്വാധീനിച്ചതായി കാണാം. അതുവരെ മത്സരവിവരണങ്ങളും കുറച്ചു സൈഡ് ലൈറ്റുകളുമുള്‍പ്പെട്ട 'ഫാക്ച്വല്‍ സ്റ്റേറ്റ്മെന്റ്സ്'ആയിരുന്നു കളിയെഴുത്ത്. കളിക്കാരുടെ വെയിലില്‍ കുരുത്ത ജീവിതഛായകള്‍ അതില്‍ വല്ലപ്പോഴുമേ നിഴലിച്ചിരുന്നുള്ളൂ. സ്പോര്‍ട്സ് മാസിക വന്നതോടെ സ്ഥിതി മാറി. ഏറെക്കുറെ മുഴുന്‍ സമയവും കളിക്കാരുടെ ജീവിതങ്ങളിലേക്കു തിരിച്ചുവെച്ച ക്യാമറയായി അത്. കളിക്കു പുറത്തെ അവരുടെ ലോകത്തിലേക്ക് മലയാളിയെ അതു വിളിച്ചുണര്‍ത്തി. അവരുടെ കുടുംബങ്ങള്‍, പ്രണയങ്ങള്‍, യാത്രകള്‍, ഫോട്ടോഷൂട്ടുകള്‍, ജീവിതകഥകള്‍.. അങ്ങിനെ മാസിക സ്പോര്‍ട്സ് താരങ്ങളുടെ പ്രകടനം മാത്രമല്ല ജീവിതവും കവറേജ് അര്‍ഹിക്കുന്നു എന്നു തെളിയിച്ചു. അതിന്റെ തുടക്കക്കാരിലൊരാള്‍ കെജിഎമ്മായിരുന്നു.
മിഹിറിന്റെ കഥ അങ്ങിനെ ഒന്നായിരുന്നു. ആരില്‍ നിന്നോ കേട്ടറിഞ്ഞാണ്് അദ്ദേഹം കൊല്‍ക്കത്തയിലെ തെരുവുകളില്‍ മിഹിറിനെ അന്വേഷിച്ചിറങ്ങിയത്. മഹാനഗരത്തിന്റെ ഏതോ കോണിലെ ഇരുട്ടടഞ്ഞ മുറിയില്‍ ഓര്‍മകളെല്ലാം ചോര്‍ന്ന് മറവിയുടെ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന മിഹിര്‍സെന്നിനെ അദ്ദേഹം കണ്ടെത്തി. ആ ഫീച്ചര്‍ വരുംവരെ അവിടത്തെ പത്രക്കാര്‍ പോലും അതറിഞ്ഞിരുന്നില്ല. സുഭാഷ് ചക്രവര്‍ത്തി എന്ന ബംഗാള്‍ സ്പോര്‍ട്സ് മിനിസ്റ്റര്‍ വാര്‍ത്ത കേട്ടറിഞ്ഞ് മിഹിറിനെ തേടിപ്പോയി. ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ നീന്തല്‍ ഇതിഹാസത്തെ ബംഗാള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അതൊരു വലിയ അംഗീകാരമായിരുന്നു. കൊണ്ടാടിയ കളിക്കാരുടെ പില്‍ക്കാല ജീവിതങ്ങളിലേക്കു കൂടി കണ്ണയക്കണമെന്ന സമൂഹത്തിനോടുള്ള അഭ്യര്‍ഥനയും ഓര്‍മപ്പെടുത്തലും കൂടിയായി ആ ഫീച്ചര്‍.
കെജിഎം തേടിപ്പിടിച്ചു കണ്ടെത്തിയ സ്റ്റോറികള്‍ വേറെയുമുണ്ട് നിരവധി. ഒരിക്കല്‍, കൊളംബോയിലെ ഒരു നിശാക്ലബ്ബിനെക്കുറിച്ച് ഫീച്ചര്‍ ചെയ്യാന്‍ രാജന്‍ പൊതുവാളുമൊത്ത് അദ്ദേഹം പോയി. സ്പോര്‍ട്സ് മാസികക്കു വേണ്ടി ഏതോ ക്രിക്കറ്റ് ടൂര്‍ണമെന്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴായിരുന്നു അത്. അവിടെ യാദൃശ്ചികമായി ചില ക്രിക്കറ്റ് താരങ്ങളെ സംശയകരമായ സാഹചര്യത്തില്‍ അദ്ദേഹം കണ്ടു. റമീസ് രാജയും റഷീദ് ലത്തീഫും മോയിന്‍ ഖാനും സലീം മാലിക്കുമുള്‍പ്പെടെ പില്‍ക്കാലത്ത് ക്രിക്കറ്റ് കോഴയില്‍ ആരോപണവിധേയരായ ചില വമ്പന്മാരെ. ക്രിക്കറ്റ് എന്ന ജെന്റില്‍മാന്‍സ് ഗെയിമില്‍ മാച്ച് ഫിക്സിങ്ങ് എന്ന വാക്കു പോലും ആരും കേള്‍ക്കാത്ത കാലം.
മൊബൈല്‍ ഫോണൊന്നുമില്ലാത്ത അന്ന് ഹോട്ലൈനില്‍ ഇവരെന്താണ് ഇത്ര സംസാരിക്കുന്നത് എന്ന കൗതുകത്തില്‍ നിന്നാണ് 'കറാച്ചിയിലേക്കൊരു ഹോട്ട്ലൈന്‍' എന്ന അന്വേഷണാത്മക വാര്‍ത്ത സ്പോര്‍ട്സ് മാസികയില്‍ വരുന്നത്. ഇവര്‍ ഒളിപ്പിക്കുന്നതെന്ത്, പത്രക്കാരെ കണ്ടപ്പോള്‍ അവര്‍ ഓടിയൊളിച്ചതെന്തിന് എന്നീ ചോദ്യങ്ങളില്‍ നിന്നാണ് അദ്ദേഹം അന്വേഷണം ആരംഭിച്ചത്. ഇടനിലക്കാരും മാച്ച് ഫിക്സിങ് ഏജന്റുമാരുമുള്‍പ്പെട്ട ക്രിക്കറ്റിനു പിന്നിലെ ഒരു വിചിത്ര ലോകത്തെക്കുറിച്ചള്ള ആദ്യവാര്‍ത്ത മലയാളത്തില്‍ വരുന്നത് അങ്ങിനെയാണ്. അക്കാലത്ത് ഇംഗ്ലീഷ് പത്രങ്ങള്‍ പോലും അതു കൊടുത്തിരുന്നില്ല. കോഴവിവാദം കത്തിപ്പടര്‍ന്ന പില്‍ക്കാലത്ത് മുരളിയുടെ അന്നത്തെ റിപ്പോര്‍ട്ടുകളെല്ലാം സാധൂകരിക്കപ്പെടുകയും ചെയ്തു.
ഐഎം വിജയനും അഞ്ചേരിയുമൊത്ത് കുതിരവണ്ടിയില്‍ ഒരു കൊല്‍ക്കത്ത സഞ്ചാരം, അവതാര്‍ സിങ്ങ് ജ്യോതിര്‍മയി സിക്ദര്‍ പ്രണയം തുടങ്ങിയ മുരളിയുടെ അക്കാലത്തെ 'ലൈറ്റ് റീഡിങ്'ഫീച്ചറുകള്‍ പലതും വായനക്കാരെ ആകര്‍ഷിച്ചവയായിരുന്നു. അതിലേറ്റവും ശ്രദ്ധേയം 1997ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികാഘോഷ വേളയില്‍ സ്പോര്‍ട്സ് മാസിക അവതരിപ്പിച്ച ഇന്ത്യാ-പാക് ഡ്രീം ടീം എന്ന കവര്‍ സ്റ്റോറിയായിരുന്നു. രണ്ടു രാജ്യത്തെയും എല്ലാ പ്രഗല്‍ഭ താരങ്ങളും അണിനിരന്ന ആ റിപ്പോര്‍ട്ടായിരുന്നു പിറ്റേന്നിറങ്ങിയ മിക്ക ഇംഗ്ലീഷ് പത്രങ്ങളുടെയും ഒന്നാം പേജ് വാര്‍ത്ത. അതൊരു സ്വപ്നമായിരുന്നു. ഇന്ന് നമ്മുടെ സ്വാതന്ത്ര്യം 70-ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ അങ്ങിനെയൊരു വാര്‍ത്തയ്ക്ക് ഒരു റിപ്പോര്‍ട്ടര്‍ ശ്രമിക്കുമോ, ആവോ.
1982ലാണ് കെജിഎം മാതൃഭൂമിയിലെത്തുന്നത്. 86 ആവുമ്പോഴേക്കും ഏഷ്യാഡിനു പോകാന്‍ നിയോഗിക്കപ്പെട്ടു! വി.രാജഗോപാല്‍ തിളങ്ങിനിന്ന കാലത്താണ് തുടക്കക്കാരനായ മുരളി സോളിലേക്കു പറക്കുന്നത്. ടിവി വ്യാപകമല്ലാത്ത കാലം. സോളില്‍ ഉഷ നടത്തിയ കുതിപ്പും ഷൈനി പൊഴിച്ച കണ്ണീരുമെല്ലാം മലയാളി കണ്ടത് കെജിഎമ്മിന്റെ കുറിപ്പുകളിലൂടെയാണ്. അതൊരു ചെറിയ തുടക്കമായിരുന്നു. സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് വലിയ ഉള്‍ക്കാഴ്ചകള്‍ തനിക്കാ യാത്ര സമ്മാനിച്ചതായി കെജിഎം പറഞ്ഞിട്ടുണ്ട്. സ്പോര്‍ട്സ് മാസിക തുടങ്ങിയ ശേഷമാണ് മുരളി കൂടുതല്‍ റിപ്പോര്‍ട്ടിങ്ങിനു പോകാന്‍ തുടങ്ങിയത്. തുടരെ തുടരെ ദേശീയ-അന്തര്‍ ദേശീയ മത്സരങ്ങള്‍ കവര്‍ ചെയ്യാന്‍ കെജിഎമ്മിന് പിന്നീട് അവസരം ലഭിച്ചു. റിലയന്‍സ് ലോകകപ്പ് ക്രിക്കറ്റ്, ഇന്‍ഡിപ്പെന്‍ഡന്‍സ് കപ്പ്, കൊളംബോ ഏഷ്യാക്കപ്പ്, സിംഗര്‍ കപ്പ് ക്രിക്കറ്റ്, ഇംഫാല്‍ ദേശീയ ഗെയിംസ്, ജക്കാര്‍ത്ത ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയതൊക്കെ അതില്‍ ചിലതു മാത്രം. 2000 ആവുമ്പോഴേക്കും മാതൃഭൂമി അദ്ദേഹത്തെ ഒളിമ്പിക്സ് റിപ്പോര്‍ട്ടിങ്ങിനും അയച്ചു. 1980 മുതല്‍ 96 വരെ തുടര്‍ച്ചയായി മാതൃഭൂമിയെ പ്രതിനിധീകരിച്ച വി.രാജഗോപാലിനു ശേഷം ആദ്യമായി മറ്റൊരാള്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ടിങ്ങിന് പോകുന്നത് അന്നാണ്. അത് ആരു വേണം എന്ന ചര്‍ച്ച വന്നപ്പോള്‍ സ്വാഭാവിക ചോയ്സ് ആയി ഉയര്‍ന്നു വന്ന പേര് കെജിഎമ്മിന്റേതായിരുന്നു.
കടലില്‍ പോകുന്നവനെപ്പോലെയായിരുന്നു ഓരോ അസൈന്‍മെന്റിലും കെജിഎം. സ്പോര്‍ട്സ് മാസികയുടെ ബാലാരിഷ്ടതകള്‍ക്കിടയില്‍ ഒരു വറുതിക്കാലം കഴിച്ചുകൂട്ടാനുള്ള കോരുമായി ഓരോ തവണയും കെജിഎം മടങ്ങിവരും. അതിനായി ഡസ്‌കില്‍ ഞങ്ങള്‍ കാത്തിരിക്കും. അധികവും ഫീച്ചറുകളായിരിക്കും. പിന്നെ ഓരോന്നും ഈരണ്ടുമായി അഞ്ചോ ആറോ മാസം സ്പോര്‍ട്സ് മാസികയിലൂടെ അവ ഖണ്ഡശ പുറത്തുവിടും. അക്കാലത്തെ മാസികയുടെ വായനക്കാരും മുരളിയുടെ സ്പെഷ്യല്‍ ഫീച്ചറുകള്‍ക്കായി കാത്തിരുന്നിട്ടുണ്ട്. ഈ ലക്കത്തില്‍ കണ്ടില്ലല്ലോ എന്നു പരിഭവിച്ചു കത്തുകളയച്ചിട്ടുണ്ട്. ഫസ്റ്റ് ഹാന്‍ഡ് റിപ്പോര്‍ട്ടുകളും സെലിബ്രിറ്റി കോളങ്ങളുമൊന്നും ഇല്ലാത്ത അക്കാലത്തെ ഡസ്‌കില്‍ ഞങ്ങള്‍ക്ക് ആ അസൈന്‍മെന്റുകളായിരുന്നു കച്ചിത്തുരുമ്പ്. സ്പോര്‍ട്സ് മാസികക്കു വേണ്ടി നടത്തിയ യാത്രകളാണ് തന്നെ മറ്റൊരാളാക്കിയതെന്ന് കെജിഎമ്മും പറയുമായിരുന്നു.
ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമില്ലാത്ത ആ കാലത്ത് സ്പോര്‍ട്സ് മാസികയിലൂടെ കെജിഎം ചെയ്തതൊന്നും പിന്‍തലമുറയിലെ പലര്‍ക്കും ഇന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ജീവിതം പോലെ, വിജയങ്ങളുടെ മാത്രമല്ല, വേദനകളുടെയും തോല്‍വികളുടെയും കൂടി കഥയാണ് സ്പോര്‍ട്സ് എന്ന് തിരിച്ചറിഞ്ഞ ഒരു റിപ്പോര്‍ട്ടറുടെ സോളോ റണ്ണായിരുന്നു അത്. മലയാളി വായനക്കാര്‍ക്ക് അതുവരെ പരിചിതമല്ലാത്ത കണ്ണീരും കഥകളും കലര്‍ന്ന ഒരു ട്രാക്കിലൂടെയുള്ള ഒറ്റയാള്‍ സഞ്ചാരം...
എഴുതിയാലും തീരാത്ത എത്രയോ കഥകള്‍ ബാക്കിയാക്കി എഴുത്തുകാരനും പോവുമ്പോള്‍ മൈതാനം ഒരിക്കല്‍ കൂടി ശൂന്യമാവുന്നു...