പന്ത് പൊട്ടിച്ച് തേങ്ങ വീഴ്ത്തിയ വോളിബോള്‍ കാലം


സനില്‍ പി.തോമസ്

3 min read
Read later
Print
Share

കളിക്കാരന്‍ എന്നതിലുപരി കോച്ച് എന്ന നിലയിലാണ് കലവൂര്‍ എന്‍ ഗോപിനാഥിനെ കേരളം അറിയുന്നത്. ജിമ്മിജോര്‍ജ്ജും ഉദയകുമാറും ഉള്‍പ്പെടെയുള്ള അര്‍നജുന അവാര്‍ഡ് ജേതാക്കളുടെ പരിശീലകന്‍

ദേശീയ വോളിബോളില്‍ കിരീടം ചൂടാന്‍ കേരളത്തിന്റെ പുരുഷന്മാര്‍ക്ക് 1997 വരെ കാത്തിരിക്കേണ്ടിവരുന്നു. അന്നു വിശാഖപട്ടണത്ത് 46-ാം ദേശീയ ചാമ്പ്യൻഷിപ്പില്‍ ബി. അനില്‍ നയിച്ച സണ്ണി ജോസഫ് പരിശീലിപ്പിച്ച ടീം നടാടെ കിരീടജയം നേടി. എന്നാല്‍ 1952-ല്‍ മദ്രാസില്‍ പ്രഥമ നാഷണല്‍സില്‍ പെപ്‌സുവിനെ തോല്‍പിച്ച് മൈസൂര്‍ ചാമ്പ്യന്‍മാരായപ്പോള്‍ ട്രോഫി ഏറ്റുവാങ്ങിയത് ഒരു മലയാളിയായിരുന്നു. മല്ലപ്പള്ളി വര്‍ക്കി.

ദേശീയ വോളിബോളിന് ആതിഥേയത്വം വഹിക്കാന്‍ കോഴിക്കോട് ഒരുങ്ങുമ്പോള്‍ (ഫെബ്രുവരി 21-28) കേരളത്തിന്റെ വോളിബോള്‍ ചരിത്രത്തിലെ ചില വീരഗാഥകള്‍ ഓര്‍ത്തെടുക്കാം. മല്ലപ്പള്ളി വര്‍ക്കിയില്‍ നിന്നു തുടങ്ങാം. ലോണ്‍ ടെന്നിസ് മോഡല്‍ സര്‍വീസ് വോളിയില്‍ തുടങ്ങിയതു വര്‍ക്കിയാണ്. വോളികോര്‍ട്ടില്‍ പ്രതിരോധത്തിന് പി.എ. സുലൈമാന്‍ 'ഡൈവിങ്' തുടങ്ങിയതുപോലെ കേരളത്തിന് അഭിമാനിക്കാവുന്നൊരു ശൈലിമാറ്റം.

പന്തുപൊട്ടിച്ച് തേങ്ങ വീഴ്ത്തി

കൊല്ലത്തിനടുത്ത് നെടുങ്കണ്ടയില്‍ 1950കളുടെ തുടക്കത്തില്‍ നടന്നൊരു ടൂര്‍ണമെന്റില്‍ ആതിഥേയരുടെ 'എ' ടീം സമീപസ്ഥലമായ ഇടവയില്‍ നിന്നുള്ള ടീമിനോടു തോറ്റു. പകരം വീട്ടാന്‍ ഉറച്ച നെടുങ്കണ്ടക്കാര്‍ അവരുടെ 'ബി' ടീമിനെ ശക്തിപ്പെടുത്തി ഇടവകയെ വെല്ലുവിളിച്ചു. നെടുങ്കണ്ട 'ബി' യുടെ ഗെസ്റ്റ്താരം, അന്നു പ്രസിദ്ധിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന മല്ലപ്പള്ളി വര്‍ക്കിയും. മൈസൂറില്‍ നിന്നായിരുന്നു വര്‍ക്കിയുടെ വരവ്.

തെങ്ങിന്‍ തോപ്പില്‍ ഒരുക്കിയ കോര്‍ട്ടില്‍ കളികാണാന്‍ ആയിരങ്ങള്‍ എത്തി. ഒന്നാം സെറ്റ് ആതിഥേയര്‍ നേടി. രണ്ടാംസെറ്റില്‍ മൂന്നാമത്തെ പോയിന്റിനായി വര്‍ക്കി സര്‍വ് ചെയ്യുന്നു. വര്‍ക്കിയുടെ ടെന്നിസ് മോഡല്‍ സര്‍വില്‍ എതിര്‍കോര്‍ട്ടിലേക്കു മൂളിപ്പാഞ്ഞ പന്ത് ഒരു തെങ്ങില്‍ ചെന്നിടിച്ചു. പന്തു പൊട്ടി. തെങ്ങില്‍ നിന്നു തേങ്ങയും വീണു. വാര്‍ത്ത പരന്നത് ഇങ്ങനെയായിരുന്നു''മല്ലപ്പള്ളി വര്‍ക്കി പന്ത് പൊട്ടിച്ചു തേങ്ങ വീഴ്ത്തി''. ചില പത്രങ്ങളിലും തലക്കെട്ട് അങ്ങനെയായിരുന്നു.

'ഒളിംപ്യന്‍' റഹ്മാന്‍

അന്‍പതുകളില്‍ ഇന്ത്യയിലെ തന്നെ ഗ്ലാമര്‍ ടീമുകളില്‍ ഒന്നായിരുന്നു ജിംഖാന ക്ലബ്. മലബാറില്‍ വോളിബോളിനെ ജനപ്രിയ വിനോദമാക്കിയ ജിംഖാന 1950-ല്‍ മദ്രാസ് വൈ.എം.സി.എ ഗ്രൗണ്ടില്‍ നടന്ന 'പ്രൊവിന്‍ഷ്യല്‍ ഒളിമ്പിക്സിൽ പങ്കെടുത്തു. വടകര അബ്ദു റഹ്മാന്‍ എന്ന കെ.അബ്ദുറഹ്മാന്‍, നാരായണന്‍ നായര്‍, പാലോറ നാണു, കളത്തില്‍ മുകുന്ദന്‍, തിക്കോടി രാഘവന്‍ വൈദ്യര്‍, പാച്ചുക്കുട്ടി എന്നിവരായിരുന്നു ജിംഖാനയുടെ താരങ്ങള്‍, കിരീടവുമായി ജിംഖാന മടങ്ങിവന്നപ്പോള്‍ റഹ്മാന് ഒളിംപ്യന്‍' റഹ്മാന്‍ എന്ന പേരു വീണു. പ്രഥമ കേരള സംസ്ഥാന ടീം നായകനായ റഹ്മാന്‍ 1958ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

പന്ത് ഇന്‍ഡോര്‍ കോര്‍ട്ടിന്റെ മേല്‍ക്കൂരയില്‍

1960കളുടെ തുടക്കത്തില്‍ റഷ്യയില്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടന്നൊരു വോളിബോള്‍ മത്സരം. ടി.ഡി. ജോസഫ് എന്ന പപ്പന്‍ സൈപ്ക്ക് ചെയ്ത് പന്ത് എതിര്‍കോര്‍ട്ടില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി കോര്‍ട്ടിന്റെ മേല്‍ക്കൂരയില്‍ പതിഞ്ഞു. പപ്പന്റെ ചിത്രം 'പ്രവദ' പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു. 1963-ല്‍ പ്രീ- ഒളിമ്പിക്സ് വോളിബോളില്‍ ഇന്ത്യ വെങ്കലം നേടിയപ്പോള്‍ ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായ പപ്പന്‍ 64-ല്‍ റഷ്യയില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തപ്പോള്‍ ലോകത്തിലെ മികച്ച ആറു കളിക്കാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.

ടി.ഡി. ജോസഫിനു പപ്പന്‍ എന്നു പേരു വീണതിനു പിന്നില്‍ ഒരു കഥയുണ്ട്. 1950കളില്‍ വടകര പത്മനാഭന്‍ എന്ന പപ്പന്‍ കേരളത്തിലെ അറിയപ്പെടുന്ന വോളി കളിക്കാരനായിരുന്നു. വടകരയില്‍ നടന്നൊരു മത്സരത്തില്‍ പക്ഷേ, ടി.ഡി. ജോസഫ് സ്‌പൈക്ക് ചെയ്ത പന്തിനു മുന്നില്‍ വടകര പപ്പന്‍ വീണുപോയി. എഴുന്നേറ്റുവന്ന പപ്പന്‍ നേരെ എതിര്‍കോര്‍ട്ടിലെത്തി തന്റെ അപരനാമം ജോസഫിനു ഇരിക്കട്ടെയെന്നു പ്രഖ്യാപിച്ചു. വരാപ്പുഴയുടെ ടി.ഡി. ജോസഫ് അങ്ങനെ പപ്പന്‍ ആയി; പപ്പന്‍ എന്ന ഇതിഹാസമായി.

അയണ്‍ ഫിംഗര്‍ മുകുന്ദന്‍

ബല്‍വന്ദ് സിങ്ങിനും ജിമ്മി ജോര്‍ജ്ജിനുമൊക്കെ പ്രിയപ്പെട്ട 'ലിഫ്റ്റര്‍' ആയിരുന്നു എസ്. ഗോപിനാഥ്. എഴുപതുകളിലെ ഗോപിനാഥിനെപ്പോലെയായിരുന്നു അന്‍പതുകളില്‍ മലബാര്‍ മുകുന്ദന്‍. 1954ലും 58ലും ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്യാമ്പിൽ എത്തിയെങ്കിലും 500 രൂപ ചെലവുകാശ് സംഘടിപ്പിക്കാന്‍ പറ്റാതെ നിരാശനായ മുകുന്ദന്റെ ലിഫ്റ്റിങ് മികവ് കണ്ട് റഷ്യന്‍ കോച്ച് ഫെമിനോയാണ് 'അയണ്‍ ഫിംഗര്‍' മുകുന്ദന്‍ എന്ന വിശേഷണം നല്‍കിയത്.

കുഞ്ഞിക്കളവന്‍ എന്ന മിന്നലടിക്കാരന്‍

1930കളില്‍ തൃശ്ശൂര്‍ വൈ.എം.എ. ടൂര്‍ണ്ണമെന്റ് കുന്നംകുളം ടീം രണ്ടുതവണ ജയിച്ചു. മൂന്നാമതും ജയിച്ചാല്‍ കപ്പ് അവര്‍ക്കു സ്വന്തമാകും. ഇതു തടയാന്‍ സി.ജി.എസ് പുതുക്കാട് കുഞ്ഞിക്കളവന്‍ എന്ന മിന്നലടിക്കാരനെ ടീമിലെടുത്തു. ഫലം. പൂരപ്പറമ്പിലെ കളത്തില്‍ നിന്നു ട്രോഫി കുന്നംകുളത്തിനു പോയില്ല. 1953-ല്‍ മദ്രാസ് ഒളിംപിക്‌സില്‍ മലബാര്‍ നായകനായി, റഹ്മാനെപ്പോലെ 'ഒളിപ്യന്‍' ലേബല്‍ നേടി.

ലഹോറിലും ഗുവാഹത്തിയിലും മീസറമിലുമൊക്കെ ടൂര്‍ണ്ണമെന്റുകളില്‍ മിന്നല്‍പ്പിണറായ തൃപ്പയാര്‍ തളിക്കുളത്തെ കുഞ്ഞിക്കളവന്‍ പാവറട്ടിയില്‍ ആണു വോളിബോള്‍ കളി തുടങ്ങിയത്. കുഞ്ഞിക്കളവന്റെ ജ്യേഷ്ഠന്‍ രാമനും കളി മികവിന്റെ അംഗീകാരമായി കാണികള്‍ 'മലബാര്‍ ചാമ്പ്യൻ' എന്ന പേരു നല്‍കി.

എന്‍. ഗോപിനാഥ് സ്റ്റേഡിയം

കളിക്കാരന്‍ എന്നതിലുപരി കോച്ച് എന്ന നിലയിലാണ് കലവൂര്‍ എന്‍ ഗോപിനാഥിനെ കേരളം അറിയുന്നത്. ജിമ്മിജോര്‍ജ്ജും ഉദയകുമാറും ഉള്‍പ്പെടെയുള്ള അര്‍ജ്ജുന അവാര്‍ഡ് ജേതാക്കളുടെ പരിശീലകന്‍. സര്‍വീസസിന്റെ കളിക്കാരനും പിന്നീട് പരിശീലകനുമായ ഗോപിനാഥ് സര്‍വീസസില്‍ നിന്നു വിരമിച്ചപ്പോള്‍ എയര്‍ഫോഴ്‌സ് തമിഴിനാട്ടിലെ ആവടി ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിന് എന്‍. ഗോപിനാഥ് സ്റ്റേഡിയം'' എന്നു പേരിട്ടും.

എന്‍. ഗോപിനാഥ് കോച്ചായതിനു പിന്നിലുമുണ്ടൊരു കഥ 1966ലെ ഹൈദരാബാദ് നാഷനല്‍സ്. മേജര്‍ പ്രകാശ് ആയിരുന്നു സര്‍വീസസിന്റെ കോച്ച്. വടകര അച്യുതക്കുറുപ്പിനെയും ശ്യാംസുന്ദര്‍ റാവുവിനെയും ടീമില്‍ നിന്ന് ഒഴിവാക്കാന്‍ പ്രകാശ് ആലോചിച്ചു. അന്നു സര്‍വീസസിന്റെ പ്രമുഖ താരമായിരുന്ന എന്‍. ഗോപിനാഥ് ഒരു നിര്‍ദ്ദേശം വച്ചു ''കളിക്കാരെ രണ്ടു ടീമായി മത്സരിപ്പിച്ച് കളിക്കാരെ തിരഞ്ഞെടുക്കാം'' മേജര്‍ പ്രകാശ് നിര്‍ദ്ദേശം സ്വീകരിച്ചു ട്രയല്‍ മത്സരത്തില്‍ അച്യുതക്കുറുപ്പും ശ്യം സുന്ദര്‍ റാവുവും തിളങ്ങി.

തന്റെ കണക്കുക്കൂട്ടല്‍ തെറ്റിയെന്നു മനസ്സിലാക്കിയ മേജര്‍ പ്രകാശ് പറഞ്ഞു. ''ഈ ചാംപ്യന്‍ഷിപ്പില്‍ ഗോപിനാഥ് സര്‍വീസസ് കോച്ച്, ഞാന്‍ മാനേജര്‍.'' തോല്‍വിയറിയാതെ സര്‍വീസസ് ദേശീയ കിരീടം ചൂടി. ഗോപിനാഥിന് അതൊരു തുടക്കം മാത്രമായി.അതേ, വോളിബോള്‍ ആരവം മലബാറിന്റെ മണ്ണില്‍ വീണ്ടും ഉയരുമ്പോള്‍ ഓര്‍ക്കാന്‍ മലയാളി മികവിന്റെ കഥകള്‍ ഏറെ.

Content Highlights: Kerala Volleyball Memories Jimmy George

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram